'നായകന്‍ പോലുള്ള മറ്റൊരു ചിത്രം പ്രതീക്ഷിച്ചിരുന്നവരോട് ഞാന്‍ ക്ഷമ ചോദിക്കുന്നു'; 'തഗ് ലൈഫ്' നിരാശപ്പെടുത്തിയതില്‍ മണിരത്‌നം

'തഗ് ലൈഫ്' നിരാശപ്പെടുത്തിയതില്‍ മണിരത്‌നം

Update: 2025-06-24 14:14 GMT

ചെന്നൈ: ഏകദേശം 37 വര്‍ഷങ്ങള്‍ക്ക് ശേഷം തെന്നിന്ത്യന്‍ താരം കമല്‍ ഹാസനും സംവിധായകന്‍ മണിരത്‌നവും ഒന്നിച്ച 'തഗ് ലൈഫ്' എന്ന പാന്‍- ഇന്ത്യന്‍ ആക്ഷന്‍ ചിത്രം റിലീസിന് മുന്‍പ് തന്നെ വിവാദങ്ങളില്‍ നിറഞ്ഞിരുന്നു. കന്നഡ ഭാഷയുടെ ഉത്ഭവത്തെക്കുറിച്ചുള്ള കമല്‍ ഹാസന്റെ പരാമര്‍ശമാണ് വന്‍ വിവാദങ്ങള്‍ക്ക് കാരണമായി മാറിയത്.

രംഗരായ ശക്തിവേല്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ കമല്‍ ഹാസനെത്തിയത്. ഇപ്പോഴിതാ സിനിമാ പ്രേക്ഷകര്‍ തങ്ങളില്‍ അര്‍പ്പിച്ച പ്രതീക്ഷകള്‍ നിറവേറ്റാന്‍ കഴിയാത്തതില്‍ ക്ഷമ ചോദിച്ചിരിക്കുകയാണ് സംവിധായകന്‍ മണിരത്നം. ഒരു തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മണിരത്‌നത്തിന്റെ തുറന്നുപറച്ചില്‍.

'നായകന്‍ പോലുള്ള മറ്റൊരു ചിത്രം പ്രതീക്ഷിച്ചിരുന്നവരോട് ഞാന്‍ ക്ഷമ ചോദിക്കുന്നു. വീണ്ടും അത്തരമൊരു സിനിമ ചെയ്യാന്‍ ഞങ്ങള്‍ ഉദ്ദേശിച്ചിരുന്നില്ല. പുതിയൊരു അനുഭവം നല്‍കുമെന്ന് ഞങ്ങള്‍ കരുതി. പക്ഷേ ആരാധകര്‍ പ്രതീക്ഷിച്ചത് മറ്റൊന്നായിരുന്നു. അത് ഒരു തെറ്റിദ്ധാരണയായി മാറി.'- മണിരത്നം പറഞ്ഞു.

'തികച്ചും വ്യത്യസ്തമായ ഒന്നാണ് ഞങ്ങള്‍ ചെയ്യാന്‍ ആഗ്രഹിച്ചത്. അമിത പ്രതീക്ഷ എന്നതിനേക്കാളുപരി, അത് മറ്റൊരു പ്രതീക്ഷയായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. ഞങ്ങള്‍ അവതരിപ്പിച്ചതില്‍ നിന്ന് വളരെ വ്യത്യസ്തമായ ഒന്ന് പ്രേക്ഷകര്‍ പ്രതീക്ഷിച്ചു'.- മണിരത്‌നം വ്യക്തമാക്കി.

കമല്‍ ഹാസനെ കൂടാതെ ചിമ്പുവും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. അമരന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ചിമ്പു എത്തിയത്. തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, അശോക് സെല്‍വന്‍ എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തി.

Similar News