'ഓരോ ഫ്രെയിമിലും ഇതിഹാസം'; ലൊക്കേഷനില്‍ നിന്നുള്ള രംഗങ്ങള്‍ ഉള്‍പ്പെടുത്തി വീഡിയോയും പോസ്റ്ററും; സുരേഷ് ഗോപിക്ക് പിറന്നാള്‍ സമ്മാനമായി ടീം ഒറ്റക്കൊമ്പന്‍

സുരേഷ് ഗോപിക്ക് പിറന്നാള്‍ സമ്മാനമായി ടീം ഒറ്റക്കൊമ്പന്‍

Update: 2025-06-26 15:27 GMT

കോട്ടയം: മലയാളികള്‍ ഒന്നടങ്കം കാണാന്‍ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ഒറ്റക്കൊമ്പന്‍. മലയാളത്തിന്റെ സുരേഷ് ഗോപി നായകനായി എത്തുന്ന മാസ് ആക്ഷന്‍ പടത്തിന്റെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിക്കുകയാണ്. ജന്മദിനം ആഘോഷിക്കുന്ന കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിക്ക് ആശംസകള്‍ നേര്‍ന്ന് ഒരു മാസ്സ് ജന്മദിന സ്പെഷ്യല്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. വ്യാഴാഴ്ച രാവിലെ ചിത്രത്തിന്റെ സെറ്റില്‍നിന്ന് പുറത്ത് വിട്ട ജന്മദിന സ്പെഷ്യല്‍ വീഡിയോയും ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഏതാനും രംഗങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ളതാണ് വീഡിയോ. ശ്രീ ഗോകുലം മൂവിസാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

ഏറെ നാളത്തെ കാത്തിരിപ്പിനും വിവാദങ്ങള്‍ക്കും ഒടുവില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആയിരുന്നു ഒറ്റക്കൊമ്പന്റെ ചിത്രീകരണം ആരംഭിച്ചത്. തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വച്ചായിരുന്നു ആദ്യ ഷെഡ്യൂള്‍. കോട്ടയം, പാല എന്നിവടങ്ങളിലാണ് പ്രധാന ഷെഡ്യൂളുകള്‍. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന റിയല്‍ ലൈഫ് കഥാപാത്രമായാണ് സുരേഷ് ഗോപി ചിത്രത്തില്‍ എത്തുന്നത്.

ഒറ്റക്കൊമ്പന്‍ ഒരു ഫാമിലി ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന സിനിമയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സുരേഷ് ഗോപി വീണ്ടും മാസ് പരിവേഷത്തില്‍ എത്തുമ്പോള്‍ ചെറുതല്ലാത്ത ആവേശം തന്നെ മലയാളികള്‍ക്കുണ്ട്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രം നവാഗതനായ മാത്യൂസ് തോമസ് ആണ് സംവിധാനം ചെയ്യുന്നത്. ഷിബിന്‍ ഫ്രാന്‍സിസിന്റേതാണു രചന. ഇന്ദ്രജിത്ത് സുകുമാരന്‍, വിജയരാഘവന്‍, ലാലു അലക്‌സ്, ചെമ്പന്‍ വിനോദ്, ജോണി ആന്റണി ബിജു പപ്പന്‍, മേഘന രാജ് തുടങ്ങിയവരും സിനിമയിലുണ്ട്.

Similar News