'നിറതിങ്കളേ നറുപൈതലേ...'; 50 മില്യണ്‍ കടന്ന് മലയാള ഗാനം; ഉയരം കുറഞ്ഞ ഒരച്ഛനും ഉയരം കൂടിയ മകനും തമ്മിലുള്ള ആത്മബന്ധം ഏറ്റെടുത്ത് വിദേശികള്‍; അവര്‍ യഥാര്‍ത്ഥ അച്ഛനും മകനുമെന്ന് കമന്റുകള്‍
'നിറതിങ്കളേ നറുപൈതലേ...'; 50 മില്യണ്‍ കടന്ന് മലയാള ഗാനം
കൊച്ചി: ചില മലയാള ഗാനങ്ങള്‍ വിദേശികള്‍ ഏറ്റുപാടുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. മലയാളം ഉച്ചരിക്കുന്നതില്‍ കഠന പരിശ്രമമാണ് അവര്‍ നടത്താറുള്ളത്. അതേ സമയം 2009-ല്‍ പുറത്തിറങ്ങിയ 'മൈ ബിഗ് ഫാദര്‍' എന്ന ചിത്രത്തിലെ ''നിറതിങ്കളേ നറുപൈതലേ'' എന്ന ഗാനം ഏറ്റെടുത്തിരിക്കുകയാണ് ഭാഷാഭേദമില്ലാതെ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍. മലയാളികള്‍ പോലും അറിയാതെ യൂട്യൂബില്‍ 50 മില്യണ്‍ കാഴ്ചക്കാര്‍ എന്ന അപൂര്‍വ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഗാനം. നിലവില്‍ 53 മില്യണിലധികം വ്യൂസാണ് ഗാനത്തിന്റെ നേട്ടം. ഈ ഗാനം ഇത്രയധികം ഹിറ്റാക്കിയയത് പ്രധാനമായും വിദേശികളാണ് എന്നതാണ് ഏറെ ശ്രദ്ധേയം. ഗാനരംഗത്തിലുള്ളത് യഥാര്‍ത്ഥ അച്ഛനും മകനുമാണെന്ന് പല വിദേശികളും തെറ്റിദ്ധരിച്ചത് ഈ ഗാനത്തിന്റെ വൈകാരികമായ ആഴം വ്യക്തമാക്കുന്നു.
കെ.ജെ. യേശുദാസ് ആലപിച്ച വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുടെ വരികളില്‍ അലക്‌സ് പോളാണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ഗിന്നസ് പക്രുവും ഇന്നസെന്റുമാണ് ഗാനരംഗങ്ങളില്‍ പ്രധാനമായും പ്രത്യക്ഷപ്പെടുന്നത്. മഹേഷ് പി. ശ്രീനിവാസന്‍ സംവിധാനം ചെയ്ത 'മൈ ബിഗ് ഫാദര്‍' എന്ന സിനിമയിലെ ഗാനം ഉയരം കുറഞ്ഞ ഒരച്ഛനും ഉയരം കൂടിയ മകനും തമ്മിലുള്ള ആത്മബന്ധം മനോഹരമായി ചിത്രീകരിക്കുന്നു. ചിത്രത്തില്‍ ഗിന്നസ് പക്രു അച്ഛനായും ജയറാം മകനായും വേഷമിട്ടു. കനിഹയായിരുന്നു നായിക. സുരാജ് വെഞ്ഞാറമ്മൂട്, സലിം കുമാര്‍, ബാബുരാജ് തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
'എപി മലയാളം സോങ്സ്' എന്ന യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത ഗാനത്തിന്റെ കമന്റ് ബോക്സ് നിറയെ വിവിധ വിദേശ ഭാഷകളിലുള്ള അഭിപ്രായങ്ങളാണ്. അച്ഛനും മകനും തമ്മിലുള്ള സ്‌നേഹം ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുന്ന ഗാനം ഭാഷാഭേദമില്ലാതെ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടി. ഇത് ഒരു സിനിമാ ഗാനമാണെന്നും, ഗിന്നസ് പക്രു എന്ന നടനാണ് ഇതിലുള്ളതെന്നും ചിലര്‍ കമന്റുകളിലൂടെ വ്യക്തമാക്കുന്നുണ്ട്. സതീഷ് കെ. ശിവനും സുരേഷ് മേനോനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ,പി.എ. സെബാസ്റ്റ്യനാണ് ചിത്രം നിര്‍മ്മിച്ചത്.