'അന്ന് അവള്‍ ഒന്നും അറിയാത്ത കൊച്ചുകുട്ടിയാണ്; ഞാന്‍ എനിക്കുവേണ്ട രീതിയില്‍ ഗ്രൂം ചെയ്തെടുത്തതാണ്' എന്ന് എബി; 'വളര്‍ത്തിയെടുത്തു' എന്ന് ഗ്രേസ് ആന്റണി; പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വ്യാപകവിമര്‍ശനം; 'പെര്‍ഫെക്ട് ഗ്രൂമിങ് ഏട്ടായി' എന്ന് ഗ്രേസിന്റെ മറുപടി
കൊച്ചി: യൂട്യൂബ് ചാനല്‍ അഭിമുഖത്തില്‍ സംഗീതസംവിധായകന്‍ എബി ടോം സിറിയക് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം. നടി ഗ്രേസ് ആന്റണിയും ഭര്‍ത്താവ് എബിയും പങ്കെടുത്ത അഭിമുഖത്തില്‍, തന്റെ പങ്കാളിയെ തനിക്കുവേണ്ട രീതിയില്‍ മാറ്റിയെടുത്തുവെന്ന എബിയുടെ പ്രസ്താവനയാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. പ്രണയകാലത്തെക്കുറിച്ച് സംസാരിക്കവെ, 18-ാം വയസ്സില്‍ പരിചയപ്പെട്ട ഗ്രേസ് അന്ന് ഒന്നുമറിയാത്ത കുട്ടിയായിരുന്നുവെന്നും തനിക്കുവേണ്ട രീതിയില്‍ താന്‍ ഗ്രൂം ചെയ്‌തെടുത്തതാണെന്നും എബി പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തെ 'വളര്‍ത്തിയെടുത്തു' എന്ന് ഗ്രേസ് തിരുത്തുകയും പിന്നാലെ അവതാരകയുള്‍പ്പെടെയുള്ളവര്‍ ഇത് തമാശയായി കണ്ട് ചിരിക്കുകയും ചെയ്തതാണ് വിമര്‍ശകരെ ചൊടിപ്പിച്ചത്.
'18-ാം വയസ്സിലാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. 19 വയസ്സിലൊക്കെയാണ് ഞങ്ങള്‍ പ്രണയത്തിലാവുന്നത്. അന്ന് ഒന്നും അറിയാത്ത കൊച്ചുകുട്ടിയാണ്. ഞാന്‍ എനിക്കുവേണ്ട രീതിയില്‍ ഗ്രൂം ചെയ്തെടുത്തതാണ്', എന്നായിരുന്നു എബിയുടെ വാക്കുകള്‍. ഇതുകേട്ട ഗ്രേസ്, 'വളര്‍ത്തിയെടുത്തു' എന്നുകൂടെ കൂട്ടിച്ചേര്‍ത്തു. എബി പറഞ്ഞുനിര്‍ത്തിയതും തമാശയെന്നോണം അവതാരകയുള്‍പ്പെടെ മൂന്നുപേരും പൊട്ടിച്ചിരിച്ചു. അഭിമുഖത്തില്‍നിന്നുള്ള ഭാഗം സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് വിമര്‍ശനം കടുത്തത്.
പങ്കാളിയുടെ വ്യക്തിത്വത്തെയും സ്വാതന്ത്യത്തെയും മാനിക്കാത്ത ഇത്തരം പ്രസ്താവനകള്‍ സ്ത്രീവിരുദ്ധമാണെന്നും തുല്യതയ്ക്ക് വിരുദ്ധമാണെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പ്രധാന വിമര്‍ശനം. എട്ടു വയസ്സിന്റെ പ്രായവ്യത്യാസമുള്ള ഒരാള്‍, 18 വയസ്സുകാരിയായ പെണ്‍കുട്ടിയെ തന്റെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് മാറ്റിയെടുത്തുവെന്ന് അവകാശപ്പെടുന്നത് കാല്‍പ്പനികവത്കരിക്കാന്‍ പാടില്ലാത്ത ഒന്നാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. പങ്കാളികള്‍ക്കിടയില്‍ പരസ്പരമുള്ള സ്വാധീനം സ്വാഭാവികമാണെങ്കിലും, ഒരാള്‍ മറ്റൊരാളെ തനിക്കായി വാര്‍ത്തെടുത്തു എന്ന് പറയുന്നത് അധികാരപ്രയോഗത്തിന്റെ സൂചനയാണെന്നും ഇത്തരം 'ഗ്രൂമിങ്' പരാമര്‍ശങ്ങളെ നിസ്സാരവത്കരിക്കരുതെന്നും വിമര്‍ശകര്‍ അഭിപ്രായപ്പെടുന്നു.
തങ്ങള്‍ തമ്മില്‍ എട്ടുവയസ്സിന്റെ വ്യത്യാസമുണ്ടെന്നും എബി തന്നെ അഭിമുഖത്തില്‍ പറയുന്നുണ്ട്. ഇതടക്കം വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. പ്രണയത്തിലായിരിക്കുന്ന ഒരാളുടെ വ്യക്തിത്വത്തെ മാനിക്കാത്തതും തുല്യതയ്ക്ക് എതിരുമാണ് എബിയുടെ പ്രസ്താവനയെന്നാണ് ആളുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇരുവര്‍ക്കും അതില്‍ തെറ്റൊന്നും കാണാന്‍ സാധിക്കുന്നില്ലെങ്കില്‍പ്പോലും മറ്റൊരാളെ തനിക്കുവേണ്ടി മാറ്റിയെടുത്തുവെന്നത് തമാശയായി അവതരിപ്പിച്ച് പ്രോത്സാഹിപ്പിക്കാന്‍ പാടില്ലാത്തതാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. ഇത്തരം പരാമര്‍ശങ്ങളെ ഒരിക്കലും കാല്‍പനികവത്കരിക്കാന്‍ പാടില്ലെന്നും വിമര്‍ശകര്‍ അഭിപ്രായപ്പെടുന്നു.
അതേസമയം, വിമര്‍ശകര്‍ക്ക് പരോക്ഷമറുപടിയമായി ഗ്രേസ് ആന്റണി എത്തി. എബിയെ ടാഗ് ചെയ്ത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച റീലിന്റെ ക്യാപ്ഷനിലാണ് ഗ്രേസിന്റെ മറുപടി. 'പെര്‍ഫെക്ട് ഗ്രൂമിങ് ഏട്ടായി' എന്നായിരുന്നു ഗ്രേസിന്റെ അടിക്കുറുപ്പ്. സുഹൃത്തുക്കള്‍ക്കൊപ്പം ഗ്രേസും എബിയും കാറില്‍ സഞ്ചരിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഗ്രേസാണ് കാര്‍ ഓടിക്കുന്നത്. 'കൂലി'യിലെ 'പവര്‍ഹൗസ്' എന്ന പാട്ട് പശ്ചാത്തലത്തില്‍ കേള്‍ക്കാം. ഗ്രേസിന്റെ ക്യാപ്ഷനെതിരേയും വ്യാപകവിമര്‍ശനമാണ് ഉയരുന്നത്.
കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലായിരുന്നു ഗ്രേസ് ആന്റണി- എബി ടോം സിറിയക് വിവാഹം. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ എബി സിറിയക് തോമസിന്റേയും ഷാജി സിറിയകിന്റേയും മകനാണ്. മ്യൂസിക് പ്രോഗ്രാമറും അറേഞ്ചറും കൂടിയായ എബി, ഒട്ടേറെ മലയാളം ചിത്രങ്ങളുടെ സംഗീതവിഭാഗത്തില്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വതന്ത്രസംഗീതസംവിധായകനെന്ന നിലയില്‍ ഏഴോളം ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച എബി, പൃഥ്വിരാജ് നായകനായ 'പാവാട'യിലെ പാട്ടുകളിലൂടെയാണ് ശ്രദ്ധേയനായത്.
ഒമര്‍ ലുലു സംവിധാനംചെയ്ത 'ഹാപ്പി വെഡ്ഡിങ്ങി'ലൂടെയായിരുന്നു ഗ്രേസ് ആന്റണിയുടെ അരങ്ങേറ്റം. 'കുമ്പളങ്ങി നൈറ്റ്‌സി'ലെ വേഷം ഗ്രേസിനെ കൂടുതല്‍ ശ്രദ്ധേയയാക്കി. 'ജോര്‍ജേട്ടന്‍സ് പൂരം', 'തമാശ', 'ഹലാല്‍ ലവ് സ്റ്റോറി', 'കനകം കാമിനി കലഹം', 'റോഷാക്ക്' എന്നിവയിലെ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. റാം സംവിധാനം ചെയ്ത തമിഴ് ചിത്രം 'പറന്തു പോ' ആണ് ഗ്രേസിന്റേതായി അവസാനം തീയേറ്ററിലെത്തിയ ചിത്രം. 'എക്‌സ്ട്രാ ഡീസന്റ്' ആണ് അവസാനം റിലീസ് ചെയ്ത മലയാള ചിത്രം. മഹേഷ് നാരായണന്റെ മമ്മൂട്ടി- മോഹന്‍ലാല്‍ ചിത്രം 'പേട്രിയറ്റി'ല്‍ ഗ്രേസ് പ്രധാനവേഷം അവതരിപ്പിക്കുന്നുണ്ട്.
