'കിടക്കയിൽ മുഴുവൻ രക്തം, ഗർഭപാത്രം കൈകൊണ്ട് എടുത്തുമാറ്റാൻ തോന്നി, അത്രമേൽ വേദന'; പെട്ടെന്ന് സന്തോഷം, തൊട്ടുപിന്നാലെ ദേഷ്യവും സങ്കടവും; കഠിനാനുഭവങ്ങൾ തുറന്നുപറഞ്ഞ് നടി ഐശ്വര്യ ഭാസ്കരൻ
ചെന്നൈ: മലയാളികളുടെ പ്രിയതാരമായ ഐശ്വര്യ ഭാസ്കരൻ തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ഒരു ഘട്ടത്തെക്കുറിച്ച് മനസ്സ് തുറക്കുന്നു. ആർത്തവവിരാമ കാലത്ത് താൻ അനുഭവിച്ച ശാരീരികവും മാനസികവുമായ ട്രോമയെക്കുറിച്ചാണ് ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ താരം വെളിപ്പെടുത്തിയത്. അപ്രതീക്ഷിതമായ ചൂട്, അമിതമായ വിയർപ്പ്, മൂഡ് സ്വിങ്സ് എന്നിവയായിരുന്നു ആ ഘട്ടത്തിലെ പ്രധാന വില്ലന്മാരെന്ന് ഐശ്വര്യ പറയുന്നു.
"എസി മുറിയിൽ ഇരുന്നാൽ പോലും സഹിക്കാനാകാത്ത ചൂടായിരുന്നു. പിരീഡ്‌സ് സമയത്ത് എനിക്ക് വേദനയോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടായിരുന്നില്ല. എന്നാൽ 46-47 വയസ്സായപ്പോഴേക്കും മെനോപാസ് ലക്ഷണങ്ങൾ തുടങ്ങി. മൂന്ന് മാസത്തിലൊരിക്കലൊക്കെയായിരുന്നു പിരീഡ്‌സ്. എപ്പോഴും പാഡും കരുതിയാണ് നടന്നിരുന്നത്. പെട്ടെന്ന് സന്തോഷം വരും, തൊട്ടുപിന്നാലെ ദേഷ്യവും സങ്കടവും. കാരണമില്ലാതെ കരയുമായിരുന്നു," താരം പറഞ്ഞു.
ഈ പ്രതിസന്ധികളെ മറികടക്കാൻ യോഗ പരിശീലിക്കാൻ തുടങ്ങിയപ്പോഴുള്ള അനുഭവവും താരം പങ്കുവെച്ചു. യോഗ തുടങ്ങി 40 ദിവസമായപ്പോഴേക്കും അതിശക്തമായ ബ്ലീഡിംഗ് അനുഭവപ്പെട്ടു. ആ സമയത്ത് ഷൂട്ടിംഗുമായി ബന്ധപ്പെട്ട് കേരളത്തിലായിരുന്നു താൻ. "കിടക്കയിൽ മുഴുവൻ രക്തമാകുമായിരുന്നു. ജീവൻ പോകുന്ന വേദനയായിരുന്നു അന്ന്. എന്റെ ഗർഭപാത്രം കൈകൊണ്ട് എടുത്തുമാറ്റാൻ തോന്നിപ്പോയി അത്രയും കഠിനമായിരുന്നു ആ വേദന," ഐശ്വര്യയുടെ വാക്കുകളിൽ ആ ഘട്ടത്തിലെ ഭീകരത വ്യക്തം.
വേദനയെക്കുറിച്ച് അമ്മയോട് പറഞ്ഞപ്പോൾ യോഗ തുടരാനായിരുന്നു അമ്മ നൽകിയ ഉപദേശം. അത് അനുസരിച്ചതോടെ മെനോപാസ് ലക്ഷണങ്ങൾ അവസാനിക്കുകയും ശരീരം പൂർണ്ണമായും തന്റെ നിയന്ത്രണത്തിലാവുകയും ചെയ്തതായി താരം കൂട്ടിച്ചേർത്തു. വിയർപ്പും മൂഡ് സ്വിങ്സും മാറി മനസ്സിനും ശരീരത്തിനും ഇപ്പോൾ വലിയ ആശ്വാസമാണ് ലഭിക്കുന്നത്. തന്റെ മാറ്റത്തിന് സദ്ഗുരുവിന്റെ യോഗ ക്ലാസുകളോടാണ് താരം നന്ദി പറയുന്നത്.
മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ സൂപ്പർ താരങ്ങളുടെ നായികയായി തിളങ്ങിയ ഐശ്വര്യ, ഇടക്കാലത്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സോപ്പും കേക്കുകളും വിറ്റത് വലിയ വാർത്തയായിരുന്നു. ഇപ്പോൾ വീണ്ടും അഭിനയരംഗത്ത് സജീവമാകാൻ ഒരുങ്ങുകയാണ് താരം.