'കരിയര്‍ മുന്നോട്ട് പോകുന്നത് കണ്ട് ഞാന്‍ തകര്‍ന്ന നിമിഷങ്ങളുണ്ടായിരുന്നു; ചേര്‍ത്തുപിടിച്ച എല്ലാവര്‍ക്കും നന്ദി; കേരള ക്രൈം ഫയല്‍സ് സീസണ്‍ 2 ഹിറ്റാകുമ്പോള്‍ നന്ദി അറിയിച്ച് നൂറിന്‍ ഷെരീഫ്

കരിയര്‍ മുന്നോട്ട് പോകുന്നത് കണ്ട് ഞാന്‍ തകര്‍ന്ന നിമിഷങ്ങളുണ്ടായിരുന്നു

Update: 2025-06-22 11:17 GMT

കൊച്ചി: ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ നടിയാണ് നൂറിന്‍ ഷെരീഫ്. ചിത്രത്തിലേത് ശ്രദ്ധേയ കഥാപാത്രമായിരുന്നിട്ടു കൂടി നൂറിനെ തേടി മികച്ച അവസരങ്ങളൊന്നും എത്തിയിരുന്നില്ല. ഇപ്പോഴിതാ കേരള ക്രൈം ഫയല്‍സ് സീസണ്‍ 2 വില്‍ സ്റ്റെഫി എന്ന കഥാപാത്രമായി നൂറിന്‍ എത്തിയിരുന്നു. സീരീസ് ഹിറ്റായതോടെ എല്ലാവര്‍ക്കും നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കയാണ് നടി.

'കേരള ക്രൈം ഫയല്‍സ് സീസണ്‍ 2' ലെ സ്റ്റെഫിയായി തന്നെ തിരഞ്ഞെടുത്ത അഹമ്മദ് കബീറിനോടും ബാഹുല്‍ രമേശിനോടും തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്നും തന്നെ ഒരു കുടുംബാംഗത്തെപ്പോലെ കണ്ട മുഴുവന്‍ ടീമിനോടും നന്ദിയുണ്ടെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ നൂറിന്‍ ഷെരീഫ് പറഞ്ഞു.

നൂറിന്റെ കുറിപ്പ് ഇങ്ങനെ:

'സ്‌ക്രീനില്‍ എന്നെ ഇങ്ങനെ കാണാന്‍ ഞാന്‍ എത്ര മാത്രം ആഗ്രഹിച്ചിട്ടുണ്ടെന്നറിയുമോ? എന്റെ അരങ്ങേറ്റത്തിന് ശേഷം വര്‍ഷങ്ങളോളം ഒരുപാട് ബുദ്ധിമുട്ടുകളിലൂടെയും ഉയര്‍ച്ച താഴ്ചകളിലൂടെയുമാണ് ഞാന്‍ കടന്നുപോയത്. എന്റെ സ്വപ്നതുല്യമായ കരിയര്‍ എങ്ങനെയാണ് മുന്നോട്ട് പോകുന്നതെന്ന് കണ്ട് ഞാന്‍ ആശയക്കുഴപ്പത്തിലാവുകയും തകരുകയും ചെയ്ത നിമിഷങ്ങളുണ്ടായിരുന്നു.

ഇതുപോലെ ഒരു ദിവസത്തിനായി ഇത്തരമൊരു നിമിഷത്തിനു വേണ്ടി ഞാന്‍ എന്നെന്നും ആഗ്രഹിച്ചു കൊണ്ടേയിരുന്നു. കെസിഎഫിലെ സ്റ്റെഫിയായി എന്നെ തിരഞ്ഞെടുത്തതിനും എന്നില്‍ വിശ്വാസമര്‍പ്പിച്ചതിനും അഹമ്മദ് കബീറിനോടും ബാഹുല്‍ രമേശിനോടും കെസിഎഫിന്റെ മുഴുവന്‍ ടീമിനോടും ഞാന്‍ എന്നെന്നും കടപ്പെട്ടിരിക്കും.

എന്റെ സഹതാരങ്ങള്‍ക്കും മുഴുവന്‍ ടീമിനും, ഏറ്റവും നല്ലൊരു നല്ലൊരു കുടുംബമായി ഒപ്പം നിന്നതിന് ഒരുപാട് സ്‌നേഹം. സീരിസ് റിലീസ് ആയതിന് ശേഷം ലഭിക്കുന്ന അതിശയകരമായ പ്രതികരണങ്ങളിലും സ്‌നേഹത്തിലും ഞാന്‍ അതീവ സന്തോഷവതിയാണ്. ഈ ചെറിയ വലിയ കാല്‍വെപ്പ് എനിക്ക് ഏറെ പ്രധാനപ്പെട്ട ഒന്നായതുകൊണ്ട് തന്നെ ഞാന്‍ ഇപ്പോള്‍ വളരെ വികാരാധീനയാണ്!

ഈ അവസരം ഞാന്‍ പൂര്‍ണ്ണ ഹൃദയത്തോടെ സ്വീകരിക്കുന്നു. ഒപ്പം ഇനി വരാന്‍ പോകുന്നത് എന്താണെന്നറിയാന്‍ കാത്തിരിക്കുന്നു. മാഷാ അല്ലാഹ്! എന്നെ സ്‌നേഹിക്കുകയും എനിക്ക് ആവശ്യമുള്ളപ്പോഴെല്ലാം എന്നെ ചേര്‍ത്തുപിടിക്കുകയും ചെയ്ത നിങ്ങള്‍ക്ക് എല്ലാവര്‍ക്കും നന്ദി.'

Tags:    

Similar News