'പാട്ടുകൊണ്ടും, സുന്ദരമായ മുഖം കൊണ്ടും നിങ്ങൾ ഞങ്ങളുടെ കുട്ടികളെ ഉറക്കുന്നു'; തമന്നയ്‌ക്കെതിരെ അശ്ലീല പരാമർശം; ബോളിവുഡ് നടനെതിരെ സോഷ്യൽ മീഡിയ

Update: 2025-10-13 10:55 GMT

മുംബൈ: ബോളിവുഡ് നടൻ അന്നു കപൂറിനെതിരെ വ്യാപകമായ വിമർശനം. നടി തമന്നയെക്കുറിച്ച് അദ്ദേഹം നടത്തിയ പരാമർശങ്ങൾ അശ്ലീലവും അനുചിതവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നത്. തമന്നയുടെ ഒരു അഭിമുഖത്തിലെ പരാമർശത്തെക്കുറിച്ചുള്ള ചർച്ചയ്ക്കിടെയാണ് അന്നു കപൂർ വിവാദമായ വാക്കുകൾ ഉപയോഗിച്ചത്.

ശുഭാങ്കർ മിശ്രയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സംഭവം. ചർച്ചയ്ക്കിടെ, തമന്നയുടെ ഹിറ്റ് ഗാനമായ 'ആജ് കി രാത്' കേട്ട് കുട്ടികൾ ഉറങ്ങാറുണ്ടെന്ന നടിയുടെ അവകാശവാദത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അന്നു കപൂർ. ഈ പരാമർശത്തെക്കുറിച്ച് അവതാരകൻ ചോദിച്ചപ്പോഴാണ് അന്നു കപൂർ വിവാദമായ മറുപടി നൽകിയത്.

'സഹോദരീ, പാട്ടുകൊണ്ടും, ശരീരം കൊണ്ടും, സുന്ദരമായ മുഖം കൊണ്ടും നിങ്ങൾ ഞങ്ങളുടെ കുട്ടികളെ ഉറക്കുന്നു... വളരെ നല്ല കാര്യമാണ്... നമ്മുടെ രാജ്യത്തെ കുട്ടികൾക്ക് നല്ല ആരോഗ്യകരമായ ഉറക്കം ലഭിച്ചാൽ അത് രാജ്യത്തിന് വലിയ അനുഗ്രഹമായിരിക്കും. മറ്റെന്തെങ്കിലും ആഗ്രഹങ്ങളുണ്ടെങ്കിൽ, അത് നിറവേറ്റാൻ ദൈവം അവർക്ക് കഴിവ് നൽകട്ടെ. അതാണ് അവൾക്കുള്ള എന്റെ അനുഗ്രഹം,' എന്നാണ് അന്നു കപൂർ പറഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു.

ഈ പരാമർശങ്ങൾ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം അലയടിക്കുകയായിരുന്നു. നിരവധി പേർ അന്നു കപൂറിൻ്റെ അഭിപ്രായത്തെ അശ്ലീലവും അനുചിതവുമാണെന്ന് കണ്ടെത്തി. അദ്ദേഹത്തെ നിലവാരം കുറഞ്ഞയാളെന്ന് വിളിക്കുകയും, കുറച്ചെങ്കിലും ബഹുമാനം കാണിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്ന പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. "നിങ്ങളുടെ സ്വന്തം മകളോടും ഇങ്ങനെ പറയുമോ?" എന്ന് ചോദിച്ചുകൊണ്ടാണ് പലരും വിമർശനം ഉന്നയിക്കുന്നത്.

അഭിമുഖത്തിൽ, 'ആജ് കി രാത്' ഗാനത്തിൻ്റെ ഒരു ക്ലിപ്പ് കണ്ടതിനെക്കുറിച്ചും അന്നു സംസാരിച്ചു. തുടർന്ന് അവതാരകൻ തമന്നയുടെ ആരാധകനാണോ എന്ന് ചോദിച്ചപ്പോൾ, "എത്ര വയസുള്ള കുട്ടികളാണ് ഉറങ്ങുന്നതെന്ന" മറുചോദ്യമാണ് അന്നു കപൂർ ഉന്നയിച്ചത്. 70 വയസുള്ള ഒരാൾക്കും കുട്ടിയാകാം എന്നും നടൻ കൂട്ടിച്ചേർത്തു.'ഡു യു വാണ പാർട്ണർ' എന്ന വെബ് ഷോയിലാണ് നടി തമന്ന അവസാനമായി പ്രത്യക്ഷപ്പെട്ടത്. ഒരു ബിയർ സ്റ്റാർട്ടപ്പ് ആരംഭിക്കുന്ന സ്ത്രീയുടെ വേഷത്തിലാണ് അവർ എത്തിയത്.

Tags:    

Similar News