'എല്ലാവരാലും ആഘോഷിക്കപ്പെട്ട അപൂർവ ഇതിഹാസം, പറഞ്ഞറിയിക്കാനാകാത്ത നഷ്ടം'; സിനിമക്ക് നൽകിയത് മറക്കാൻ പറ്റാത്ത സംഭാവനകൾ; ശ്രീനിവാസനെ സ്മരിച്ച് നടി പാർവതി തിരുവോത്ത്
കൊച്ചി: അന്തരിച്ച നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് നടി പാർവതി തിരുവോത്ത്. അദ്ദേഹത്തിന്റെ മരണം "വാക്കാൽ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും നഷ്ടമാണ്" എന്ന് കൊച്ചിയിലെ വസതിയിൽ ഭൗതിക ശരീരം സന്ദർശിച്ച ശേഷം പാർവതി മാധ്യമങ്ങളോട് പ്രതികരിച്ചു. ശ്രീനിവാസൻ എല്ലാവരാലും ഒരുപാട് ആഘോഷിക്കപ്പെട്ട അപൂർവ ഇതിഹാസങ്ങളിലൊരാളായിരുന്നെന്ന് പാർവതി അനുസ്മരിച്ചു.
സിനിമയ്ക്ക് മാത്രമല്ല, ഒരു വ്യക്തിയെന്ന നിലയിലും അദ്ദേഹത്തിന്റെ സംഭാവനകൾ ഒരിക്കലും മറക്കാനാവാത്തതാണെന്നും അതിൽ തനിക്ക് വലിയ നന്ദിയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. "അദ്ദേഹത്തിന്റെ വിടപറച്ചിൽ കുടുംബത്തിലടക്കം എല്ലാവർക്കും വലിയ ബുദ്ധിമുട്ടാണ്. എന്താണ് പറയേണ്ടതെന്നറിയില്ല," തൊണ്ടയിടറിയ പാർവതി പറഞ്ഞു. ശ്രീനിവാസന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതായും അവർ കൂട്ടിച്ചേർത്തു.
അതേസമയം, ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി. പൊതുദര്‍ശനത്തിന് ശേഷം രാവിലെ പത്ത് മണിയോടെ വീടിന്റെ പൂമുഖത്തെത്തിച്ച ഭൗതികശരീരത്തില്‍ പ്രാര്‍ഥനകളടക്കം ആചാരപരമായ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് ചിതയിലേക്ക് എടുക്കുകയും അവിടെവെച്ച് ഭാര്യ വിമലയും മക്കളും മരുമക്കളും ബന്ധുക്കളും അന്ത്യചുംബനം നല്‍കി. കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കേരള പൊലീസ് ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കിയ ശേഷം വിനീത് ചിതക്ക് അഗ്‌നി പകര്‍ന്നു. ചിതയ്ക്കരികില്‍നിന്ന് പൊട്ടിക്കരയുന്ന കൊച്ചുമകന്റെ ദൃശ്യം പ്രിയപ്പെട്ടവര്‍ക്ക് നോവായി.
വിങ്ങിപ്പൊട്ടിയ ധ്യാനിനെ സത്യന്‍ അന്തിക്കാട് ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചു. സന്തത സഹചാരിയായ ഡ്രൈവര്‍ ഷിനോജും,സുഹൃത്ത് മനു ഫിലിപ്പ് തുകലനും വേര്‍പാട് താങ്ങാനാകാതെ വിങ്ങിപ്പൊട്ടി. തെന്നിന്ത്യന്‍ താരം സൂര്യ രാവിലെ കണ്ടനാട്ടെ വസതിയിലെത്തി. ശ്രീനിവാസന്റെ സംഭാവനകള്‍ എന്നെന്നും ഓര്‍മിക്കപ്പെടുമെന്ന് സൂര്യ പറഞ്ഞു. പൃഥ്വിരാജ്, പാര്‍ഥിപന്‍, മുകേഷ്, ഇന്ദ്രന്‍സ്, പാര്‍വതി തുടങ്ങിയവര്‍ കഥയുടെ രാജകുമാരന് വിടചൊല്ലി. സാംസ്‌കാരിക-രാഷ്ട്രീയമേഖലയിലെ പ്രമുഖര്‍ അന്തിമോപചാരമര്‍പ്പിച്ചു.