ഒരുമിച്ചുള്ള ഒരു സെൽഫി പോലും നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല; അടുത്ത ജന്മത്തിലെങ്കിലും അങ്ങനെ നടക്കണേയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു; ജിപിയെക്കുറിച്ച് മനസ്സ് തുറന്ന് പാർവതി

Update: 2025-08-24 09:48 GMT

കൊച്ചി: സിനിമ, സീരിയൽ രംഗങ്ങളിൽ സജീവമായ നടിയും മോഡലും അവതാരകയാണ് പാർവതി ആർ. കൃഷ്ണ. ഇപ്പോൾ സഹപ്രവർത്തകനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയുമായുള്ള (ജിപി) സൗഹൃദത്തെക്കുറിച്ചുള്ള ഹൃദ്യമായ ഓർമ്മകൾ പങ്കുവെച്ചു. കോളേജ് കാലഘട്ടം മുതലുള്ള സൗഹൃദം ഇപ്പോഴും അതേ ഊഷ്മളതയോടെ നിലനിൽക്കുന്നതിലുള്ള സന്തോഷം പാർവതി പ്രകടിപ്പിച്ചു.

കോളേജ് കാലഘട്ടത്തിൽ ഒരുമിച്ച് ഒരു വേദി പങ്കിട്ടത് മുതൽ, ഗോവിന്ദ് പത്മസൂര്യ അവതാരകൻ എന്ന നിലയിൽ ശ്രദ്ധേയനായ കാലഘട്ടം വരെയുള്ള ഓർമ്മകൾ പാർവതി തന്റെ ഇൻസ്റ്റഗ്രാം പേജിൽ കുറിച്ചു. ഗോവിന്ദിൽ നിന്ന് ലഭിക്കുന്ന പോസിറ്റിവിറ്റിയും പ്രചോദനവും അളവറ്റതാണെന്ന് അവർ കൂട്ടിച്ചേർത്തു. "തിളങ്ങി നിൽക്കുന്ന ഒരു താരമായിട്ടും അതേ എളിമയും സ്നേഹവും കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് ജിപി. അടുത്ത ജന്മത്തിലും എന്റെ സ്വന്തം സഹോദരനായി അദ്ദേഹത്തെ ലഭിക്കണമെന്നാണ് എന്റെ ആഗ്രഹം," പാർവതി കുറിച്ചു.

പാർവതിയുടെ ഈ കുറിപ്പിന് താഴെ ഗോവിന്ദ് പത്മസൂര്യയും പ്രതികരണമറിയിച്ചിട്ടുണ്ട്. "നീ അടിപൊളിയാണ്, നിന്നെക്കുറിച്ച് ഞാൻ അഭിമാനിക്കുന്നു," എന്നായിരുന്നു ജിപിയുടെ മറുപടി.

നടി, മോഡൽ, അവതാരക, ഇന്റീരിയർ ഡിസൈനർ, സംരംഭക, യൂട്യൂബർ എന്നീ നിലകളിലെല്ലാം പാർവതി വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. നടൻ എന്ന നിലയിലും അവതാരകൻ എന്ന നിലയിലും ഗോവിന്ദ് പത്മസൂര്യയും പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. എം.ജി. ശശി സംവിധാനം ചെയ്ത 'അടയാളങ്ങൾ' എന്ന ചിത്രത്തിലൂടെയാണ് ഗോവിന്ദ് പത്മസൂര്യ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 'ഐജി', 'വർഷം', 'പ്രേതം 2' തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കൂടാതെ 'കീ' എന്ന തമിഴ് ചിത്രത്തിലും 'അല വൈകുണ്ഠപുരമുലു' എന്ന തെലുങ്ക് ചിത്രത്തിലും അഭിനയിച്ചുകൊണ്ട് അദ്ദേഹം തെന്നിന്ത്യൻ സിനിമാരംഗത്തും സാന്നിധ്യമറിയിച്ചിട്ടുണ്ട്.

Tags:    

Similar News