രൺബീർ-ആലിയ ദമ്പതികളുടെ സ്വപ്നഭവനം പൂർത്തിയായി; ബാന്ദ്രയിലെ ബംഗ്ലാവിന് വില 250 കോടി; ആറുനില ബംഗ്ളാവിന്റെ ചിത്രങ്ങൾ പുറത്ത്
മുംബൈ: ബോളിവുഡ് താരദമ്പതികളായ രൺബീർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും സ്വപ്നഭവനത്തിന്റെ ദൃശ്യങ്ങൾ സാമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. മുംബൈയിലെ ബാന്ദ്രയിൽ സ്ഥിതി ചെയ്യുന്ന ആഡംബര ബംഗ്ലാവിന് ഏകദേശം 250 കോടി രൂപയാണ് മൂല്യം കണക്കാക്കുന്നത്. വർഷങ്ങളെടുത്ത നിർമാണത്തിന് ശേഷം പൂർത്തിയായ വീടിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.
ചാരനിറത്തിലുള്ള പുറംഭാഗവും ധാരാളം പച്ചപ്പും നിറഞ്ഞതാണ് പുതിയ വീട്. അടുത്തിടെ രൺബീറും ആലിയയും മകൾ രാഹയ്‌ക്കൊപ്പം നിർമാണം പൂർത്തിയായ ബംഗ്ലാവ് സന്ദർശിച്ചിരുന്നു. കുടുംബം വൈകാതെ തന്നെ പുതിയ വീട്ടിലേക്ക് താമസം മാറുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കപൂർ കുടുംബത്തിന് തലമുറകളായി കൈമാറിവന്ന ചരിത്രപരമായ പ്രാധാന്യവും ഈ വസതിക്കുണ്ട്. രൺബീറിന്റെ മുത്തച്ഛൻ രാജ് കപൂറിന്റെയും കൃഷ്ണ രാജ് കപൂറിന്റെയും ഉടമസ്ഥതയിലായിരുന്ന ഈ ബംഗ്ലാവ് 1980-കളിലാണ് ഋഷി കപൂറിനും നീതു കപൂറിനും കൈമാറിയത്. ഇപ്പോഴിത് രൺബീറിന്റെയും ആലിയയുടെയും ഉടമസ്ഥതയിലാണ്. ഇതിനുപുറമെ, 2018-ൽ ലണ്ടനിലും, വിവാഹത്തിനു മുൻപ് മുംബൈയിലെ ജുഹുവിലും ആലിയ ഭട്ട് സ്വന്തമായി വീടുകൾ വാങ്ങിയിരുന്നു. 13.5 കോടി രൂപ മുടക്കിയാണ് ജുഹുവിലെ ഫ്ലാറ്റ് സ്വന്തമാക്കിയത്.