'25 വര്‍ഷമായി മനസ്സില്‍ പടുത്തുയര്‍ത്തിയ കഥയും കഥാപാത്രങ്ങളുമാണ് തുടരും; കഥ മോഷ്ടിച്ചത്; അവരൊരു ദിവസം കൊണ്ടുപോയത് ഞാന്‍ കാലങ്ങളായി വളര്‍ത്തിയ സ്വപ്‌നങ്ങളാണ്': ആരോപണവുമായി സംവിധായകന്‍ നന്ദ കുമാര്‍
'തുടരും' സിനിമയുടെ കഥാ അവകാശത്തെ കുറിച്ച് ഗുരുതര ആരോപണവുമായി സംവിധായകന്‍ നന്ദ കുമാര്‍. അജു വര്‍ഗീസ് നായകനായി എത്തിയ 'ബ്ലാസ്റ്റേഴ്സ്' സംവിധാനം ചെയ്ത സംവിധായകന്‍ നന്ദ കുമാര്‍ 'തുടരും' സിനിമയുടെ കഥയും മുഖ്യ സന്ദര്‍ഭങ്ങളും തനിക്ക് തന്നെ പിറവിയാക്കിയ കഥയിലേതാണെന്ന് ഗുരുതരമായി ആരോപിച്ചു. 2000-ല്‍ രചിച്ച 'രാമന്‍' എന്ന കഥയുടെ അടിസ്ഥാനത്തിലാണ് 'തുടരും' ഒരുക്കിയതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
തനിക്കു എല്ലാ ഡിജിറ്റല്‍ തെളിവുകളും കൈവശമുണ്ടെന്നും, കഥ 2013-ലാണ് സൃഷ്ടിച്ചത് എന്ന സിനിമാകാര്‍ പറയുന്ന വാദം അടിസ്ഥാനരഹിതമാണെന്നും നന്ദ കുമാര്‍ തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. '25 വര്‍ഷമായി മനസ്സില്‍ പടുത്തുയര്‍ത്തിയ കഥയും കഥാപാത്രങ്ങളുമാണ് ഇപ്പോഴത്തെ വിഷയമാകുന്നത്. അവരൊരു ദിവസം കൊണ്ടുപോയത് ഞാന്‍ കാലങ്ങളായി വളര്‍ത്തിയ സ്വപ്‌നങ്ങളാണ്,' -നന്ദ കുമാര്‍ കുറിച്ചു.
മറ്റൊരു ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ, കഥയെ പെട്ടെന്ന് വിട്ടുകൊടുക്കാനാവില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 'തുടരും'സിനിമയുടെ നിര്‍മാതാവിനും, സംവിധായകനും കഥാകൃത്തായ കെ.ആര്‍. സുനിലിനും, ചിത്രത്തില്‍ അഭിനയിച്ച മോഹന്‍ലാലിനും വക്കീല്‍ നോട്ടീസ് അയയ്ക്കുമെന്നും നന്ദ കുമാര്‍ അറിയിച്ചു. എന്നാല്‍ ഈ ആരോപണങ്ങളില്‍ തുടരും ചിത്രത്തിന്റെ പ്രവര്‍ത്തകരില്‍ നിന്നും ഔദ്യേഗികമയാ ഒരു അറിയിപ്പും ലഭിച്ചിട്ടില്ല.
നന്ദകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
തുടരും എന്ന സിനിമയുടെ നിര്‍മ്മാതാവിനും അതിന്റെ സംവിധായകനും അതിന്റെ എഴുത്തു കാരന്‍ ആയ ഗഞ സുനില്‍ എന്ന വക്തിക്കും അഭിനേതാവ് ആയ മോഹന്‍ലാല്‍ എന്ന നടനും എന്റെ വക്കീല്‍ മുഖേനെ ഇന്ന് വക്കീല്‍ നോട്ടീസ് അയക്കും...
തുടരും എന്ന സിനിമയുടെ മൂല്യ കഥയും കഥാ സന്ദര്‍ഭവും ഞാന്‍ 2000 കാലഘട്ടം മുതല്‍ എഴുത്ത് തുടങ്ങിയ രാമന്‍ എന്ന കഥ തന്നെ ആണ് എന്നത് കൃത്യം ആയ ബോധ്യം ആണ്...എന്റെ കയ്യില്‍ അതിന്റെ എല്ലാവിധ ഡിജിറ്റല്‍ തെളിവുകളും ഉണ്ട്...തുടരും സിനിമയുടെ കഥാകൃത്ത് അവകാശ പെടുന്നത് 12 കൊല്ലം മുന്‍പ് അയാള്‍ ഒരു പോലീസ് സ്റ്റേഷനില്‍ നില്‍ക്കുന്ന ഒരാളെ കണ്ട് എന്നും അങ്ങനെ ആണ് കഥ തുടങ്ങിയത് എന്നും ആണ്...അതായത് 2013..
എന്നാല്‍ അതിലും എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ ആണ് ഈ കഥ എഴുതി തുടങ്ങുന്നത്...ചേര്‍ത്തല യില്‍ എനിക്ക് നാടക ട്രൂപ്പ് ഉണ്ടായിരുന്നു വൈക്കം മാനിഷാദ 3 കൊല്ലം ഞങ്ങള്‍ അത് നടത്തി ആ സമയത്ത് നാടകം എഴുതാന്‍ ആയി ഈ കഥ ഉപയോഗിക്കാം എന്ന് കരുതി എങ്കിലും പിന്നീട് മാറി..2016കാലഘട്ടത്തില്‍ എനിക്ക് ഒപ്പം അസിസ്റ്റ് ഡയറക്ടര്‍ ആയി ഉണ്ടായ സ്റ്റെബിന്‍ എന്ന വൈക്കം സ്വദേശി ആയ പയ്യന്‍ തുടരും സിനിമയില്‍ ഒരു പാട്ട് സീനില്‍ ഉണ്ട്..ഞാന്‍ ഹരിശ്രീ അശോകനെ വെച്ച് ചെയ്യാന്‍ ആയി അശോകന്‍ ചേട്ടനോട് കഥ പറഞ്ഞിരുന്നു...അശോകന്‍ ചേട്ടന്റെ മകന്‍ അര്‍ജുന്‍ ഈ സിനിമയില്‍ ഒരു ആവശ്യം ഇല്ലാത്ത ഒരു കാമിയോ റോളില്‍ അഭിനയിച്ചിട്ട് ഉണ്ട്...
അപ്പോ മുതല്‍ ആണ് എന്റെ സംശയം ഇരട്ടി ആയത്...പടം തുടങ്ങി ഏകദേശം തുടക്കത്തിലെ ലാഗ് സീന്‍ കഴിഞ്ഞു സിനിമ യഫാര്‍ത്ഥ കഥയിലേക്ക് കടക്കുന്ന സമയം മുതല്‍ ആണ് എന്റെ കഥയും കഥയുടെ സീനുകളും കടന്നു വരുന്നത്...എന്റെ തിരക്കഥ വായിക്കുന്ന ആര്‍ക്ക് വേണലും അത് മനസിലാക്കാന്‍ സാധിക്കും...ജോണ്‍ എന്ന കഥാപാത്രത്തിന് ഞാന്‍ കൊടുത്ത കഥാപാത്ര രീതികള്‍ തന്നെ ആണ് ജോര്‍ജ് എന്ന കഥാപാത്രത്തിന് നല്‍കിയത്..രാമേട്ടന്‍ എന്ന കഥാപാത്രം ആണ് ഷണ്മുഖന്‍ ആയി മാറുന്നത്...
ബാക്കി അങ്ങോട്ട് എന്റെ കഥയിലെ സീനുകള്‍ ആണ്...എന്റെ കയ്യില്‍ ഞാന്‍ എഴുതിയ കഥയുടെയും ഞാന്‍ ആരൊക്കെ ആയി സംസാരിച്ചു എന്ന കാര്യങ്ങളുടെയും ആര്‍ക്ക് ഒക്കെ കഥ അയച്ചു നല്‍കി എന്നതും ഏതൊക്കെ തീയതി ആണ് നല്‍കിയത് എന്നതും എല്ലാം എന്റെ കയ്യില്‍ തെളിവ് ആയി ഉണ്ട്...മോഷണം നടത്തിയ ആള്‍ക്കും മോഷ്ടിക്കാന്‍ പ്രേരിപ്പിച്ച ആളുകള്‍ക്കും എന്തായാലും കഥയുടെ ഉത്ഭവം അറിയാം എന്ന വിശ്വസിക്കുന്നു...
പല തവണ നിത്മതാവ് ആയ രഞ്ജിത്തു സാറിനെ ഫോണില്‍ വിളിച്ചു എങ്കിലും എടുത്തു ഇല്ല..എന്റെ രാമന്‍ എന്ന സ്‌ക്രിപ്റ്റ് ളയ വഴി പോസ്റ്റ് ആയി ഇട്ടാല്‍ തുടരും എന്ന സിനിമക്ക് അത് മോശം ആകും എന്നതിനാലും തുടരും എന്ന സിനിമയുടെ കഥ ലീക്ക് ആകും എന്നതിനാലും ആണ്...എനിക്ക് അറിയേണ്ടത് ഇങ്ങനെ ഒരു ചതി ആരാണ് എനിക്ക് നല്‍കിയത് എന്നും പണം ഇല്ലാത്തവന്‍ ആയത് കൊണ്ട് എന്റെ കഴിവ് കട്ട് എടുത്തു ആര്‍ക്കും നല്ല സിനിമ ഉണ്ടാക്കാ എന്ന അവസ്ഥ ഇനിയും ആര്‍ക്കും വരാതെ ഇരിക്കാന്‍ ഞാന്‍ നിയമ പോരാട്ടം നടത്താന്‍ തീരുമാനിച്ചു...
ആര് ആരെയാണ് തെറ്റ് ധരിപ്പിച്ച് കഴിവ് കട്ടെടുത്ത് പേരും പ്രശസ്തിയും ഉണ്ടാക്കുന്നത് എന്നും അറിയണം...ബാല എന്ന നടന് ഞാന്‍ കൊടുത്ത ഹരിശ്രീ അശോകന്‍ എന്ന ആള്‍ക്ക് കൊടുത്ത അതേ കഥ തന്നെ ആണ് തുടരും എന്ന സിനിമ ആയിരിക്കുന്നത്..സംഭാഷണങ്ങള്‍ മാറി യാലും കഥ സന്ദര്‍ഭവും വര്‍ത്തമാന അര്‍ത്ഥങ്ങളും മാറ്റം ഇല്ല...എല്ലാം രാമനില്‍ ഉള്ളത് ആണ്...സത്യം തെളിയട്ടെ...