എന്റെ വിവാഹം ലവ് ജിഹാദ് ആണെന്ന് വരെ ചിലര്‍ പറഞ്ഞു; ഞങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടാകുമ്പോള്‍ അവര്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുമെന്ന് വരെ പറഞ്ഞവരുണ്ട്; എന്തിനാണ് രണ്ട് മതത്തിലുള്ളവര്‍ തമ്മിലുള്ള വിവാഹം മോശമായി കാണുന്നത്; പ്രിയാമണി

Update: 2025-02-27 11:36 GMT

കുഞ്ചാക്കോ ബോബന്‍, പ്രിയാമണി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ജിത്തു അഷറഫ് സംവിധാനം ചെയ്ത 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി.' ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രം മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. ഗീത എന്ന കഥാപത്രമായാണ് ചിത്രത്തില്‍ പ്രിയാമണി എത്തുന്നത്.

വിവാഹത്തിനു പിന്നാലെ താന്‍ നേരിട്ട വിദ്വേഷ പരാമര്‍ശങ്ങളെ കുറിച്ച് മനസു തുറക്കുകയാണ് പ്രിയാമണി ഇപ്പോള്‍. ഫിലിംഫെയറുമായുള്ള ഒരു ചാറ്റ് ഷോയില്‍ സംസാരിക്കുകയായിരുന്നു താരം. വിവാഹ വിവരം പങ്കുവച്ചതു മുതല്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം അനാവശ്യമായി വിദ്വേഷ പരാമര്‍ശങ്ങള്‍ നേരിട്ടതായും, വിവാഹം ലവ് ജിഹാദ് ആണെന്ന് പോലും പലരും പറഞ്ഞുവെന്നും പ്രിയാമണി പറഞ്ഞു.

'എന്നെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്ന ആളുകളുമായി എന്റെ സന്തോഷകരമായ നിമിഷം പങ്കിടാന്‍ ആഗ്രഹിച്ചതുകൊണ്ടാണ് വിവാഹനിശ്ചയ വിവരം എല്ലാവരുമായും പങ്കുവച്ചത്. പക്ഷെ അനാവശ്യമായ വിദ്വേഷമാണ് നേരിടേണ്ടി വന്നത്. വിവാഹം ലവ് ജിഹാദ് ആണെന്ന് ചിലര്‍ പറഞ്ഞു. നാളെ ഞങ്ങള്‍ക്ക് കുട്ടികളുണ്ടാകുമ്പോള്‍ അവര്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ (ഐഎസ്‌ഐഎസ്) ചേരുമെന്ന് പോലും പറഞ്ഞു,' പ്രിയാമണി പറഞ്ഞു.

പ്രിയാ മണിയും മുസ്തഫ രാജും 2017-ലാണ് വിവാഹിതരായത്. ആ സമയത്ത് സോഷ്യല്‍ മീഡിയയില്‍ അടക്കം നേരിട്ട മോശം കമന്റുകള്‍ തന്നെ മാനസികമായും വൈകാരികമായും ബാധിച്ചിരുന്നുവെന്നും പ്രിയാമണി കൂട്ടിച്ചേര്‍ത്തു. 'യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളില്‍, എന്തിനാണ് ആളുകള്‍ ഇങ്ങനെ മറ്റുള്ളവരെ ആക്രമിക്കുന്നത്. ആ സമയത്ത് ധാരാളം മെസേജുകളാണ് എനിക്ക് ലഭിച്ചത്. രണ്ടു മുന്ന് ദിവസത്തേക്ക് അത് എന്നെ വളരെയധികം ബാധിച്ചിരുന്നു. ഇപ്പോഴും, ഭര്‍ത്താവിനൊപ്പം എന്തെങ്കിലും പോസ്റ്റ് പങ്കുവച്ചാല്‍, അതില്‍ വരുന്ന പത്തു കമന്റുകളില്‍ ഒമ്പതും മതത്തെക്കുറിച്ചോ ജാതിയെക്കുറിച്ചോ ആയിരിക്കും,' പ്രിയാമണി പറഞ്ഞു.

മോശം കമന്റുകളോട് പ്രതികരിച്ച് എരിതീയില്‍ എണ്ണയൊഴിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും, അത്തരക്കാര്‍ക്ക് പ്രധാന്യം നല്‍കാനില്ലെന്നും പ്രിയാമണി കൂട്ടിച്ചേര്‍ത്തു. അതേസമയം, ജോസഫ്, നായാട്ട്, ഇലവീഴാപൂഞ്ചിറ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാഹി കബീര്‍ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രമാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി. നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളില്‍ അഭിനേതാവായും ഇരട്ട എന്ന ചിത്രത്തിന്റെ കോ-ഡയറക്ടറായും ശ്രദ്ധ നേടിയ ജീത്തു അഷ്‌റഫ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രംകൂടിയാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി.

Tags:    

Similar News