'ജനിക്കുന്നതും മരിക്കുന്നതും ഒറ്റയ്ക്ക്, ഇതൊരു ഏകാന്ത യാത്ര, ആയിരം പേർ നമ്മളെക്കുറിച്ച് മോശം പറയുമായിരിക്കും'; നെഗറ്റീവ് പ്രതികരണങ്ങളെ അവഗണിച്ച് മുന്നോട്ട് പോകണമെന്നും പ്രിയങ്ക ചോപ്ര
മുംബൈ: പൊതുജനാഭിപ്രായങ്ങളെ ആശ്രയിച്ച് ഒരാളുടെ മൂല്യം നിർണ്ണയിക്കാനാവില്ലെന്ന് നടി പ്രിയങ്ക ചോപ്ര. ബാഹ്യ മൂല്യനിർണയത്തിൽ വീണുപോകരുതെന്നും നടി പറഞ്ഞു. ഫിലിം കമ്പാനിയനുമായി സംസാരിക്കുകയായിരുന്നു താരം. ഇന്ത്യൻ സിനിമയിലേക്ക് വലിയ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് പ്രിയങ്ക.
'നമ്മൾ ഒറ്റയ്ക്കാണ് ജനിക്കുന്നതും മരിക്കുന്നതും. ഇതൊരു ഏകാന്തമായ യാത്രയാണ്. ഈ യാത്രയിൽ നമ്മൾ മറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നു എന്നതാണ് പ്രധാനം, അല്ലാതെ മറ്റുള്ളവർ നമ്മളെക്കുറിച്ച് എന്തു പറയുന്നു എന്നതല്ല,' പ്രിയങ്ക ചോപ്ര പറഞ്ഞു. ഓൺലൈൻ ട്രോളുകൾ പലരെയും വേദനിപ്പിക്കുന്നുണ്ടെങ്കിലും, അത്തരം നെഗറ്റീവ് പ്രതികരണങ്ങളെ അവഗണിച്ച് മുന്നോട്ട് പോകേണ്ടത് അത്യാവശ്യമാണെന്ന് അവർ കൂട്ടിച്ചേർത്തു. 'ആയിരം പേർ നമ്മളെക്കുറിച്ച് മോശം പറഞ്ഞതുകൊണ്ട് നമ്മുടെ ജീവിതം മോശമായി എന്ന് അർത്ഥമാക്കുന്നില്ല,' അവർ വ്യക്തമാക്കി.
മഹേഷ് ബാബുവിനൊപ്പമുള്ള ഒരു ചിത്രവും ഹൃത്വിക് റോഷനൊപ്പമുള്ള 'Krrish 4'ഉം ഇവരുടെ തിരിച്ചുവരവ് ഉറപ്പാക്കുന്നു. 'Krrish 4' ൽ ആദ്യ ഭാഗങ്ങളിലെ പ്രിയ എന്ന കഥാപാത്രത്തെയാണ് പ്രിയങ്ക അവതരിപ്പിക്കുന്നത്. ഹൃത്വിക് റോഷൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. 2026 തുടക്കത്തിൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. നിലവിൽ, ഇന്ത്യൻ സിനിമാ രംഗത്തെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടികളിൽ ഒരാളാണ് പ്രിയങ്ക ചോപ്ര. മഹേഷ് ബാബുവിനൊപ്പമുള്ള ചിത്രത്തിനായി 30 കോടി രൂപയാണ് പ്രതിഫലമായി വാങ്ങുന്നതെന്ന റിപ്പോർട്ടുകളുണ്ട്.