'ആദ്യ ഷോട്ട് കഴിഞ്ഞപ്പോഴേക്കും ആ ദുഃഖ വാർത്തയെത്തി, ഷൂട്ടിംഗ് നിർത്തി ലാലേട്ടൻ പോയ്'; 'ഹലോ' ലൊക്കേഷനിലെ ഓർമ്മകൾ പങ്കുവെച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍

Update: 2026-02-11 09:04 GMT

കൊച്ചി: മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായ 'ഹലോ' എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നടന്ന നൊമ്പരപ്പെടുത്തുന്ന ഓർമ്മകൾ പങ്കുവെച്ച് പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ. വരിക്കാശ്ശേരി മനയിൽ സിനിമയുടെ ചിത്രീകരണം തുടങ്ങിയ ഒന്നാം ദിവസം തന്നെ മോഹൻലാലിന്റെ പിതാവ് വിശ്വനാഥൻ നായരുടെ മരണവാർത്ത എത്തിയതിനെക്കുറിച്ചാണ് അദ്ദേഹം തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ ഓർമ്മിക്കുന്നത്.

സിനിമയുടെ പേര് ഹലോ എന്നായതു കൊണ്ട് സുഹൃത്തുക്കളുമായി സംസാരിക്കുമ്പോൾ ഉണ്ടായ രസകരമായ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടാണ് സിദ്ധു പനയ്ക്കൽ കുറിപ്പ് ആരംഭിക്കുന്നത്. "ഏതാണ് അടുത്ത പടം എന്ന് ചോദിക്കുമ്പോൾ ഞാൻ 'ഹലോ' എന്ന് മറുപടി പറയും. ഞാൻ പറയുന്നത് കേൾക്കുന്നില്ല എന്ന് കരുതി അവർ തിരിച്ച് ഹലോ എന്ന് പറയും. രണ്ടോ മൂന്നോ വട്ടം ഇത് ആവർത്തിച്ച ശേഷമാണ് സിനിമയുടെ പേരാണെന്ന് അവർക്ക് മനസ്സിലാകുന്നത്," അദ്ദേഹം കുറിച്ചു.

സിദ്ധു പനയ്ക്കലിന്‍റെ കുറിപ്പ്

ഹലോ എന്ന സിനിമയുടെ ആദ്യ ദിവസത്തെ ഷൂട്ടിംഗിന്റെ ഫോട്ടോകളിൽ ഒന്നാണിത്. വരിക്കാശ്ശേരി മനയാണ് ലൊക്കേഷൻ. സാധാരണ എന്റെ സുഹൃത്തുക്കളൊക്കെ ഞാനുമായി ഫോണിൽ സംസാരിക്കുമ്പോൾ ഏതാണ് അടുത്ത പടം എന്നൊക്കെ ചോദിക്കാറുണ്ട്. ഞാൻ പടത്തിന്റെ പേരും പറയും. ഈ പടം വന്നപ്പോൾ ഇതേ ചോദ്യത്തിന് ഞാൻ ഹലോ എന്ന് മറുപടി പറയും. ഉടനെ അവിടെനിന്ന് ഹലോ എന്ന് തിരിച്ച് പറയും. അവർ സംസാരിക്കുന്നത് എനിക്ക് കേൾക്കുന്നില്ല എന്ന രീതിയിലാണ് അവർ ഹലോ എന്ന് പറയുന്നത്. ഹലോ എന്ന് രണ്ടോ മൂന്നോ തവണ അങ്ങോട്ടും ഇങ്ങോട്ടും ആവർത്തിച്ച ശേഷമാണ് ഇത് സിനിമയുടെ പേരാണെന്ന് അവർക്ക് മനസ്സിലാകുന്നത്.

ഒറ്റപ്പാലം ഊട്ടി തിരുവനന്തപുരം ഇവിടങ്ങളിൽ ഒക്കെയായിരുന്നു ലൊക്കേഷൻ. ജിതിൻ ആർട്സിന്റെ ബാനറിൽ ജോയ് ശക്തികുളങ്ങര നിർമ്മിച്ച ഈ ചിത്രം കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്തത് റാഫി മെക്കാർട്ടിനാണ്. വലിയ ഹിറ്റായിരുന്നു ഈ സിനിമ. എല്ലാവർക്കും സന്തോഷം നൽകിയ ഈ വിജയത്തോടൊപ്പം ഷൂട്ടിംഗ് തുടങ്ങി ഒന്നാമത്തെ ദിവസം ദുഃഖകരമായ ഒരു സംഭവം കൂടി നടന്നു. പൂജയൊക്കെ കഴിഞ്ഞ് ആദ്യത്തെ ഷോട്ട് എടുത്ത് കഴിയുമ്പോഴേക്കും വാർത്തയെത്തി. ലാലേട്ടന്റെ അച്ഛന് അസുഖം കൂടുതലാണ്. വിവരം അറിഞ്ഞ ഉടൻ ഷൂട്ടിംഗ് നിർത്തിവെച്ച് ലാലേട്ടൻ മടങ്ങി. ദുഃഖകരമായ വസ്തുത ആ ദിവസം തന്നെ ഈ ലോകത്തിലെ എല്ലാ കടമകളും പൂർത്തിയാക്കിയശേഷം ലാലേട്ടന്റെ അച്ഛനും ദൈവത്തിനടുത്ത് മടങ്ങി എന്നതാണ്.

Full View

Tags:    

Similar News