'എന്നെ വിഷമത്തിലേയ്ക്കുപോകാൻപോലും അനുവദിക്കില്ലായിരുന്നു..'; രഹ്നയെ പാട്ടുപാടി ആശ്വസിപ്പിക്കുന്ന നവാസ്; എന്തു പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അറിയില്ലെന്ന് പ്രേക്ഷകർ
കൊച്ചി: അന്തരിച്ച നടൻ കലാഭവൻ നവാസിൻ്റെ ഓർമ്മകളിൽ ഭാര്യ രഹ്ന നവാസ് പങ്കുവെച്ച ഹൃദയസ്പർശിയായ ഇൻസ്റ്റഗ്രാം വിഡിയോ വൈറലാകുന്നു. "എന്നെ വിഷമത്തിലേയ്ക്കു പോകാൻ പോലും അനുവദിക്കില്ലായിരുന്നു" എന്ന കുറിപ്പോടെയാണ് നവാസിനൊപ്പമുള്ള സന്തോഷ നിമിഷങ്ങൾ കോർത്തിണക്കിയ വിഡിയോ രഹ്ന പങ്കുവെച്ചത്. ബീച്ചിൽ ഒരു വള്ളത്തിന് സമീപം ദൂരേക്ക് നോക്കി വിഷമിച്ചിരിക്കുന്ന ഭാര്യയെ പാട്ടുപാടി ആശ്വസിപ്പിക്കുന്ന നവാസിനെയാണ് വിഡിയോയിൽ ഉള്ളത്.
ഈ ദൃശ്യങ്ങൾ ആരാധകരെയും സഹപ്രവർത്തകരെയും ദുഃഖത്തിലാഴ്ത്തുകയും പഴയ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. രഹ്നയെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കണമെന്നാണ് സൈബർ ലോകം ചോദിക്കുന്നത്. 2025 ഓഗസ്റ്റ് 1 ന് രാത്രിയാണ് ഹൃദയാഘാതത്തെ തുടർന്ന് കലാഭവൻ നവാസ് അന്തരിച്ചത്. 'പ്രകമ്പനം' എന്ന സിനിമയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ട് ചോറ്റാനിക്കരയിലെ ഹോട്ടലിൽ താമസിക്കുമ്പോളായിരുന്നു അദ്ദേഹത്തിൻ്റെ അപ്രതീക്ഷിത വിയോഗം. കരിയറിൽ ശക്തമായി തിരിച്ചുവരുന്നതിനിടയിലുണ്ടായ നവാസിൻ്റെ മരണം സിനിമാ മേഖലയ്ക്കും കുടുംബത്തിനും തീരാനഷ്ടമായിരുന്നു.
നവാസിൻ്റെ വേർപാടിനുശേഷം അദ്ദേഹത്തിൻ്റെ അഭാവത്തിൽ നിന്ന് ഭാര്യ രഹ്ന എങ്ങനെ കരകയറുമെന്ന ആശങ്ക സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ഉണ്ടായിരുന്നു. നവാസിൻ്റെ മക്കളും തങ്ങളുടെ വാപ്പിച്ചി പോയ വേദന നെഞ്ചിലെ ഭാരമാണെന്നും ഉമ്മിച്ചി ജീവിച്ചിരിക്കുന്നത് ഒരുപാട് പേരുടെ പ്രാർത്ഥനയുടെ ഫലമാണെന്നും നേരത്തെ കുറിച്ചിരുന്നു. കലാകുടുംബത്തിൽ ജനിച്ച കലാഭവൻ നവാസ്, 2002 ഒക്ടോബറിലാണ് പള്ളുരുത്തി സ്വദേശിയും നടിയുമായ രഹ്നയെ ജീവിതസഖിയാക്കിയത്. ഒരു സ്റ്റേജ് പരിപാടിക്കിടെ കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലാവുകയായിരുന്നു.
