'മഹേഷ് ബാബുവിനെ ശ്രീരാമൻ്റെ വേഷത്തിൽ കണ്ടപ്പോൾ രോമാഞ്ചമുണ്ടായി'; ആ ചിത്രമായിരുന്നു ഫോണിന്റെ വാൾപേപ്പർ, പിന്നീടത് മാറ്റി; തുറന്ന് പറഞ്ഞ് രാജമൗലി
ഹൈദരാബാദ്: നടൻ മഹേഷ് ബാബുവിന്റെ സിനിമയോടുള്ള അർപ്പണബോധത്തെ പ്രശംസിച്ച് സംവിധായകൻ എസ്.എസ്. രാജമൗലി. ചിത്രീകരണ സമയത്ത് മഹേഷ് ബാബു മൊബൈൽ ഫോൺ ഉപയോഗിക്കാറില്ലെന്നും, എട്ട് മണിക്കൂർ നേരം ഫോൺ ഉപയോഗിക്കാതെ അദ്ദേഹം ജോലി ചെയ്യുന്നതായും രാജമൗലി വെളിപ്പെടുത്തി. തൻ്റെ പുതിയ ചിത്രമായ 'വാരണാസി'യുടെ ടൈറ്റിൽ പ്രഖ്യാപന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.
'വാരണാസി'യുടെ ചിത്രീകരണത്തെക്കുറിച്ചും മഹേഷ് ബാബുവിൻ്റെ വേഷത്തെക്കുറിച്ചും രാജമൗലി വിശദീകരിച്ചു. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രത്തെയാണ് മഹേഷ് ബാബു അവതരിപ്പിക്കുന്നത്. കൂടാതെ, ശ്രീരാമനായും അദ്ദേഹം ചിത്രത്തിൽ എത്തുന്നുണ്ടെന്നും രാജമൗലി സൂചന നൽകി. ശ്രീരാമൻ്റെ വേഷത്തിൽ മഹേഷ് ബാബു ഫോട്ടോഷൂട്ടിന് എത്തിയപ്പോൾ തനിക്ക് അത്ഭുതവും രോമാഞ്ചവും തോന്നിയതായി രാജമൗലി പറഞ്ഞു. ചിത്രത്തിൻ്റെ ഓരോ രംഗവും സംഭാഷണവും എഴുതുമ്പോഴും താൻ വല്ലാത്തൊരു അനുഭൂതിയിലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹേഷിന് കൃഷ്ണൻ്റെ ആകർഷണീയതയും രാമൻ്റെ ശാന്തതയുമുണ്ടെന്ന് രാജമൗലി അഭിപ്രായപ്പെട്ടു. ശ്രീരാമനായി മഹേഷ് ബാബു എത്തിയ ചിത്രത്തെ തൻ്റെ ഫോണിൻ്റെ വാൾപേപ്പറായി വെച്ചെങ്കിലും പിന്നീട് ആരും കാണാതിരിക്കാൻ മാറ്റുകയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. രാമായണത്തിലെ ഒരു പ്രധാന ഏട് ഇത്ര പെട്ടെന്ന് ചിത്രീകരിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷവും അദ്ദേഹം പങ്കുവെച്ചു.
ഈ രംഗങ്ങളുടെ ചിത്രീകരണം 60 ദിവസത്തോളം നീണ്ടുനിന്നതായും അടുത്തിടെയാണ് അത് പൂർത്തിയായതെന്നും രാജമൗലി അറിയിച്ചു. ഷൂട്ടിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കാതെ ജോലി ചെയ്യുന്ന മഹേഷ് ബാബുവിൻ്റെ ശീലം മറ്റുള്ളവർക്ക് മാതൃകയാക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.