റോഡ് വൃത്തിയാക്കുന്നതിനിടെ അവളുടെ കണ്ണുകളിൽ പതിഞ്ഞ ആ ബാഗ്; കൈയ്യോടെ എടുത്ത് പോലീസിൽ ഏൽപ്പിച്ചതും വണ്ടർ വുമൺ പദവി; ഇതറിഞ്ഞ നമ്മുടെ സ്വന്തം സൂപ്പർസ്റ്റാർ ചെയ്തത്
ചെന്നൈ: 45 പവൻ സ്വർണം കണ്ടെത്തി യഥാർത്ഥ ഉടമയ്ക്ക് തിരികെ നൽകി സത്യസന്ധത തെളിയിച്ച ശുചീകരണ തൊഴിലാളി പത്മയെ സൂപ്പർതാരം രജനീകാന്ത് ആദരിച്ചു. ചെന്നൈയിലെ തന്റെ വസതിയിലേക്ക് ക്ഷണിച്ചുവരുത്തിയ രജനീകാന്ത്, രണ്ട് പവൻ സ്വർണമാല സമ്മാനമായി നൽകിയാണ് പത്മയുടെ സൽപ്രവൃത്തിയെ അഭിനന്ദിച്ചത്.
കഴിഞ്ഞ ജനുവരി 11-ന് ചെന്നൈയിലെ ടി. നഗർ പ്രദേശത്ത് റോഡ് വൃത്തിയാക്കുന്നതിനിടെയാണ് പത്മയ്ക്ക് ഒരു ബാഗ് ലഭിച്ചത്. പരിശോധിച്ചപ്പോൾ 45 പവൻ സ്വർണാഭരണങ്ങളാണ് അതിലുണ്ടായിരുന്നത്. ഒട്ടും വൈകാതെ പത്മ പോലീസിനെ വിവരമറിയിക്കുകയും സമീപത്തുള്ള പോണ്ടി ബസാർ പോലീസ് സ്റ്റേഷനിൽ സ്വർണം അടങ്ങിയ ബാഗ് ഏൽപ്പിക്കുകയും ചെയ്തു. പിന്നീട് പോലീസ് അന്വേഷണം നടത്തി സ്വർണം യഥാർത്ഥ ഉടമയ്ക്ക് കൈമാറുകയായിരുന്നു.
പത്മയുടെ ഈ നിസ്വാർത്ഥമായ പ്രവൃത്തിയെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നേരിട്ട് കണ്ട് അഭിനന്ദിച്ചിരുന്നു. കൂടാതെ, പത്മയുടെ ജീവിതം സമൂഹത്തിന് ഒരു വലിയ പാഠമാണെന്നും ഇന്നത്തെ തിരക്കുപിടിച്ച ലോകത്തും മനുഷ്യത്വം നിലനിൽക്കുന്നു എന്നതിന്റെ തെളിവാണെന്നും രജനീകാന്ത് അഭിപ്രായപ്പെട്ടു. പത്മയെ ആദരിക്കുന്ന രജനീകാന്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു. സത്യസന്ധതയ്ക്ക് ലഭിച്ച ഈ അംഗീകാരം പൊതുസമൂഹത്തിന് മാതൃകയാവുകയാണ്.