ദിലീപ് കുറ്റക്കാരനാണെന്ന് ഒരു ഘട്ടത്തിലും തോന്നിയിട്ടില്ല; അതിനുള്ള ഒരു തെളിവും എന്റെ പക്കലില്ല; കോടതി വിധിയിൽ വിശ്വാസം; അതിജീവിതയ്‌ക്കൊപ്പമെന്നും രമേഷ് പിഷാരടി

Update: 2025-12-09 09:36 GMT

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോടതി വിധിയെ പൂർണ്ണമായി വിശ്വസിക്കുന്നുവെന്ന് നടൻ രമേഷ് പിഷാരടി. നടൻ ദിലീപ് കുറ്റക്കാരനാണെന്ന് തനിക്ക് ഒരു ഘട്ടത്തിലും തോന്നിയിട്ടില്ലെന്നും, എന്നാൽ അതിജീവിതയ്ക്കൊപ്പമാണ് താൻ നിലകൊള്ളുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രമേഷ് പിഷാരടി. പൊതുജനങ്ങളും മാധ്യമങ്ങളും ചേർന്ന് തീരുമാനിക്കുന്ന ഒരു നീതിയും, കോടതി തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ തീരുമാനിക്കുന്ന മറ്റൊരു നീതിയും ഉണ്ടെന്ന് രമേഷ് പിഷാരടി ചൂണ്ടിക്കാട്ടി.

ഈ രണ്ട് നീതികളും തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടാകാമെന്നും, താൻ ആഗ്രഹിക്കുന്ന വിധി എപ്പോഴും കോടതിയിൽ നിന്ന് വരണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ കോടതി പറയുന്ന കാര്യങ്ങൾ വിശ്വസിക്കുക മാത്രമാണ് തനിക്ക് ചെയ്യാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദിലീപ് കുറ്റം ചെയ്തിട്ടില്ലെങ്കിൽ വേട്ടയാടപ്പെടുകയാണ് ചെയ്തിട്ടുള്ളതെന്നും, അത് തെളിയിക്കേണ്ടത് ദിലീപിന്റെ ഉത്തരവാദിത്തമാണെന്നും രമേഷ് പിഷാരടി അഭിപ്രായപ്പെട്ടു. ദിലീപ് കുറ്റക്കാരനാണെന്ന് തോന്നാനുള്ള ഒരു തെളിവും തന്റെ പക്കലില്ലാത്തതിനാലാണ് ഇത്തരമൊരു നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

ദിലീപ് കുറ്റക്കാരനാണെന്ന് ഒരു ഘട്ടത്തിലും എനിക്ക് തോന്നിയിട്ടില്ല. കാരണം അങ്ങനെ തോന്നാനുള്ളതൊന്നും എന്റെ കയ്യിൽ ഇല്ല. ദിലീപിനെതിരെ ആരോപണമുന്നയിച്ചയാളെ തനിക്ക് വ്യക്തിപരമായി പരിചയമില്ലാത്തതുകൊണ്ട്, കേട്ടയുടനെ ഒരാൾ കുറ്റക്കാരനാണെന്ന് അനുമാനിക്കാൻ കഴിയില്ലെന്നും പിഷാരടി കൂട്ടിച്ചേർത്തു. കേസുമായി ബന്ധപ്പെട്ട എല്ലാവരുമായി തനിക്ക് വ്യക്തിബന്ധമുണ്ടെങ്കിലും, താൻ അതിജീവിതയ്ക്കൊപ്പമാണ് നിൽക്കുന്നതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. അവർക്ക് മാനസികമായ പിന്തുണ നൽകാൻ മാത്രമേ തനിക്ക് കഴിയൂ എന്നും രമേഷ് പിഷാരടി വ്യക്തമാക്കി.

Tags:    

Similar News