'രഞ്ജിനി ഹരിദാസുമായി ലെസ്ബിയന്‍ ബന്ധം, വിജയ് യേശുദാസുമായി പ്രണയത്തിൽ, അഭ്യൂഹങ്ങൾ പലതാണ്'; എന്തിന് വിജയ്‌യെ ഡേറ്റ് ചെയ്യണം?; സിനിമയിൽ നടക്കും ജീവത്തിൽ നടക്കില്ലെന്ന് രഞ്ജിനി ജോസ്
കൊച്ചി: ഗായകൻ വിജയ് യേശുദാസുമായുള്ള പ്രണയത്തെക്കുറിച്ചും അവതാരക രഞ്ജിനി ഹരിദാസുമായുള്ള ബന്ധത്തെക്കുറിച്ചുമുള്ള അഭ്യൂഹങ്ങളെ കുറിച്ചും പ്രതികരിച്ച് ഗായിക രഞ്ജിനി ജോസ്. ബാല്യകാല സുഹൃത്തായ വിജയ് യേശുദാസുമായി താൻ പ്രണയത്തിലാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് രഞ്ജിനി ജോസ് വ്യക്തമാക്കി. രഞ്ജിനി ഹരിദാസുമായി താൻ ലെസ്ബിയൻ ബന്ധത്തിലാണെന്ന പ്രചരണങ്ങളെയും താരം തള്ളിക്കളഞ്ഞു.
രഞ്ജിനി ഹരിദാസിന്റെ പോഡ്കാസ്റ്റിൽ സംസാരിക്കവേയാണ് രഞ്ജിനി ജോസ് ഈ വിഷയങ്ങളിൽ തന്റെ നിലപാട് വ്യക്തമാക്കിയത്. കോവിഡിന് ശേഷമാണ് താനും വിജയ് യേശുദാസും തമ്മിൽ പ്രണയമാണെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയതെന്ന് അവർ പറഞ്ഞു. 'വിജയ് എന്റെ ബാല്യകാല സുഹൃത്താണ്. ഞങ്ങൾ ഒരിക്കലും പ്രണയത്തിലായിരുന്നില്ല. അങ്ങനെ ചിന്തിക്കുന്നവർക്ക് ഭ്രാന്താണ്,' രഞ്ജിനി ജോസ് പറഞ്ഞു. 'പത്താം ക്ലാസ് മുതൽ ഞങ്ങൾ സുഹൃത്തുക്കളാണ്. എന്റെ ജീവിതത്തിൽ അങ്ങനെ സംഭവിക്കില്ല,' അവർ കൂട്ടിച്ചേർത്തു.
'ഞാന്‍ എന്തിന് വിജയ് യേശുദാസിനെ ഡേറ്റ് ചെയ്യണം? അവന്‍ എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. കരണ്‍ ജോഹറിന്റെ സിനിമയില്‍ നടക്കുമായിരിക്കും, പക്ഷെ എന്റെ ജീവിതത്തില്‍ നടക്കില്ല' രഞ്ജിനി പറയുന്നു. താനും രഞ്ജിനി ഹരിദാസും ലെസ്ബിയൻ കപ്പിളാണെന്ന പ്രചാരണങ്ങളെക്കുറിച്ചും അവർ പ്രതികരിച്ചു. 'ലെസ്ബിയൻ എന്ന് വിളിക്കുന്നതല്ല എന്റെ പ്രശ്നം. എനിക്ക് അവരോട് എതിർപ്പുകളില്ല, പക്ഷെ ഞാൻ അതല്ല. ഹോമോസെക്ഷ്വാലിറ്റിയെക്കുറിച്ച് നിങ്ങൾ ഇപ്പോൾ അറിഞ്ഞതുകൊണ്ട് അത് എല്ലായിടത്തും കൊണ്ടുവരണമെന്നില്ല,' രഞ്ജിനി ജോസ് പറഞ്ഞു.
കോവിഡിന് ശേഷം ചില ആളുകൾ അത്രയധികം സെൻസിറ്റീവ് അല്ലാതായി മാറിയിട്ടുണ്ടെന്നും, അത് ഇത്തരം അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കാൻ കാരണമാകുന്നു എന്നും അവർ അഭിപ്രായപ്പെട്ടു. ഇത്തരം പ്രചാരണങ്ങൾക്കെതിരെ താൻ ഒരിക്കൽ പ്രതികരിച്ച് അവസാനിപ്പിച്ചെന്നും, അന്നേരം നിരവധി പേർ പിന്തുണയുമായി എത്തിയിരുന്നു എന്നും അവർ ഓർമ്മിപ്പിച്ചു.