'ഞാൻ ഫെമിനിസ്റ്റാണ്, അത് എന്റെ നല്ലൊരു വശമാണ്, ഒരു ആക്ടിവിസ്റ്റ് മാത്രമാണെന്ന് പലർക്കും തെറ്റിദ്ധാരണയുണ്ട്'; പുറത്താക്കാൻ നോക്കണ്ട, തെങ്ങ് കയറിയിട്ടാണെങ്കിലും ജീവിക്കുമെന്ന് റീമ കല്ലിങ്കൽ
കൊച്ചി: അഭിനേത്രി എന്നതിനപ്പുറം, സ്വന്തം വ്യക്തിത്വത്തെക്കുറിച്ചും നിലപാടുകളെക്കുറിച്ചും വ്യക്തമായ ധാരണ പുലർത്തുന്നയാളാണ് താനെന്ന് നടി റിമ കല്ലിങ്കൽ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേയാണ് താൻ ഒരു 'ഫെമിനിസ്റ്റ്' ആണെന്നും, അത് നല്ല രീതിയിൽ പറയുന്ന ഒരാളാണെന്നും റിമ വ്യക്തമാക്കിയത്. ഒരു കലാകാരി എന്ന നിലയിൽ വിവിധ ഭാവങ്ങളും കഥാപാത്രങ്ങളും പരീക്ഷിക്കാൻ താല്പര്യമുണ്ടെന്നും, സൈക്കോ, കോമഡി തുടങ്ങിയ വ്യത്യസ്ത വിഭാഗങ്ങളിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
താൻ ഒരു ആക്ടിവിസ്റ്റ് മാത്രമാണെന്ന് പലരും തെറ്റിദ്ധരിക്കുന്നതിനെക്കുറിച്ചും റിമ സൂചിപ്പിച്ചു. എന്നാൽ ഓരോ വ്യക്തിക്കും മറ്റൊരു വശം ഉണ്ടാകുമെന്നും, സന്തോഷിക്കുകയും സമാധാനപരമായിരിക്കുകയും ചെയ്യുന്ന സമയങ്ങളുണ്ടെന്നും അവർ ഓർമ്മിപ്പിച്ചു. 'ഞാൻ ഫെമിനിസ്റ്റാണ്. അത് എന്റെ നല്ലൊരു വശം തന്നെയാണ്,' റിമ പറഞ്ഞു. സജിൻ ബാബു സംവിധാനം ചെയ്യുന്ന 'തിയേറ്റർ ദ് മിത്ത് ഒഫ് റിയാലിറ്റി' എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്.
ഈ മാസം പതിനാറിന് പുറത്തിറങ്ങുന്ന ചിത്രത്തിൽ റിമയാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ഈ സിനിമയുടെ ഭാഗമായി താൻ പുതിയ പലതും പഠിച്ചതായി റിമ വെളിപ്പെടുത്തി. 'നിദ്ര' എന്ന സിനിമയിൽ വള്ളം തുഴയാൻ പഠിച്ചതിന് പുറമെ, തെങ്ങ് കയറാനും വാഴ വെട്ടാനും പ്ലാവിൽ കയറാനും താൻ പഠിച്ചതായി അവർ പറഞ്ഞു. 'തെങ്ങിന്റെ മുകളിൽ ഇതുവരെ കയറിയിട്ടുണ്ടായിരുന്നില്ല. ഈ സിനിമയ്ക്ക് വേണ്ടി അത് പഠിച്ചു. അതുകൊണ്ട് എന്നെ പുറത്താക്കാമെന്ന് വിചാരിക്കണ്ട. തെങ്ങ് കയറിയിട്ടാണെങ്കിലും ജീവിക്കും,' റിമ ആത്മവിശ്വാസത്തോടെ കൂട്ടിച്ചേർത്തു.