'മറന്നത് പ്രേക്ഷകരല്ല, ഇൻഡസ്ട്രിയിലുള്ളവർ'; ട്രോളുകൾ പെയ്ഡ് ആണെന്നാണ് പലപ്പോഴും തോന്നിയിട്ടുള്ളതെന്നും റീമ കല്ലിങ്കൽ
കൊച്ചി: സിനിമാ ഇൻഡസ്ട്രിക്കകത്തുള്ളവരാണ് തന്നെ മറന്നതെന്നും പ്രേക്ഷകരിൽ നിന്ന് എപ്പോഴും സ്നേഹം മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നും നടി റിമ കല്ലിങ്കൽ. ഓൺലൈൻ ട്രോളുകൾ പലപ്പോഴും പെയ്ഡ് ആണെന്ന് തോന്നിയിട്ടുണ്ടെന്നും അവർ തുറന്നുപറഞ്ഞു. ഇന്ത്യൻ എക്സ്പ്രസ് കേരളയ്ക്ക് നൽകിയ അഭിമുഖത്തിലാണ് റിമയുടെ പ്രതികരണം.
'ആളുകളല്ല എന്നെ മറന്നത്, ഇൻഡസ്ട്രിയുടെ ഉള്ളിലാണ് അത് സംഭവിച്ചത്. ഞാൻ എവിടെപ്പോയാലും ആളുകളുടെ സ്നേഹം എനിക്ക് കിട്ടാറുണ്ട്. എനിക്ക് സ്നേഹം മാത്രമേ പ്രേക്ഷകരുടെ കയ്യിൽ നിന്ന് കിട്ടിയിട്ടുള്ളൂ. ട്രോളുകൾ കിട്ടിയിട്ടുണ്ട് നല്ല രീതിയിൽ. അത് പോലും ടാർഗറ്റഡ് ആയി, പെയ്ഡ് ആണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്,' റിമ വ്യക്തമാക്കി.
സജിൻ ബാബു സംവിധാനം ചെയ്യുന്ന 'തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി' ആണ് റിമയുടെ ഏറ്റവും പുതിയ ചിത്രം. ഒക്ടോബർ 16-ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും. ഒക്ടോബർ 7-ന് യാൾട്ട രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സര വിഭാഗത്തിൽ ലോക പ്രീമിയറിന് ഒരുങ്ങുന്ന ചിത്രം ഇതിനോടകം തന്നെ ആഗോള ചലച്ചിത്രമേളകളിൽ ശ്രദ്ധ നേടിയിട്ടുണ്ട്. കാൻ ചലച്ചിത്രമേളയിൽ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയിരുന്നു. റഷ്യയിലെ കസാൻ ചലച്ചിത്രമേളയിലും ചിത്രം പ്രദർശനത്തിന് ഒരുങ്ങുന്നുണ്ട്.