മാളിൽ വെച്ച് ഒരു ആരാധകൻ അടിക്കാൻ വന്നു; നീ അണ്ണന്റെ പടത്തിന് നെഗറ്റീവ് പറയും അല്ലേടാ...എന്നൊക്കെ പറഞ്ഞു; ഭയങ്കര വിഷമം തോന്നി; തുറന്നുപറഞ്ഞ് അശ്വന്ത് കോക്ക്
നെഗറ്റീവ് റിവ്യൂകളുടെ പേരിൽ തനിക്ക് നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ചും ഭീഷണികളെക്കുറിച്ചും തുറന്നുപറഞ്ഞ് സിനിമാ നിരൂപകൻ അശ്വന്ത് കോക്ക്. മമ്മൂട്ടി ആരാധകരിൽ നിന്നും മറ്റ് സിനിമാ പ്രവർത്തകരിൽ നിന്നും നേരിട്ട അനുഭവങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്.
കോഴിക്കോട് ഹൈലൈറ്റ് മാളിൽ വെച്ച് ഒരു മമ്മൂട്ടി ആരാധകൻ തന്നെ നേരിട്ട് വന്ന് ചോദ്യം ചെയ്യുകയും അടിക്കാൻ മുതിരുകയും ചെയ്തതായി അശ്വന്ത് വെളിപ്പെടുത്തി. "നീ നശിച്ച് പോകുമെടാ, ഗുണം പിടിക്കില്ല" എന്നിങ്ങനെയുള്ള ശാപവാക്കുകൾ പലരിൽ നിന്നും കേൾക്കാറുണ്ട്. മമ്മൂട്ടിയുടെ ഹിറ്റാകാൻ സാധ്യതയുള്ള സിനിമകളെ മനഃപൂർവ്വം നെഗറ്റീവ് പറയുകയും പരാജയപ്പെടുന്ന ചിത്രങ്ങളെ പോസിറ്റീവായി അവതരിപ്പിക്കുകയും ചെയ്യുന്നു എന്നാണ് ആരാധകരുടെ ആരോപണം. എന്നാൽ ആരാധകൻ തന്നെ അടിച്ചുവെന്ന വാർത്തകൾ തെറ്റാണെന്നും അത്തരത്തിൽ ഒന്നും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മമ്മൂട്ടി ചിത്രം 'കാതൽ', 'സൗദി വെള്ളക്ക' തുടങ്ങിയ സിനിമകളെ വിമർശിച്ചപ്പോൾ ഉണ്ടായ പ്രതികരണങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. 'കാതൽ' തനിക്ക് ഒരു പ്രൊപ്പഗണ്ട സിനിമയായാണ് തോന്നിയതെന്നും അത് സാങ്കേതികമായി ദുർബലമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ ചിത്രത്തിന്റെ സംവിധായകൻ തന്നെ രംഗത്തെത്തിയിരുന്നു.
ചിലർ തന്നെ ബസ്സിൽ വെച്ച് പ്രകോപിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും സിനിമ പരാജയപ്പെടുന്നത് തന്റെ റിവ്യൂ കൊണ്ടാണ് എന്ന തെറ്റായ ചിന്തയാണ് ഇത്തരം ആക്രമണങ്ങൾക്ക് പിന്നിലെന്നും അശ്വന്ത് കൂട്ടിച്ചേർത്തു. പ്ലസ് ടു ഇംഗ്ലീഷ് അധ്യാപകനായ താൻ ഇപ്പോൾ അഞ്ച് വർഷത്തെ അവധിയിലാണെന്നും അദ്ദേഹം പറഞ്ഞു.