വിവാഹകരാറില്‍ ഒപ്പിട്ടത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റുകളിലൊന്ന്; ഒരാളെ സ്‌നേഹിക്കാന്‍ സര്‍ട്ടിഫിക്കറ്റോ രേഖയോ വേണ്ട; പുരുഷന്മാര്‍ പുരുഷന്മാര്‍ക്കായി ഒരുക്കിയ ഘടനയാണ് വിവാഹം: റിമ കല്ലിങ്കല്‍
നടിയും സാമൂഹ്യപ്രവര്‍ത്തകയുമായ റിമ കല്ലിങ്കല്‍ വിവാഹത്തെക്കുറിച്ച് തുറന്നുപറഞ്ഞത് ശ്രദ്ധ നേടുന്നു. വിവാഹം സ്ത്രീകള്‍ക്കായി സൃഷ്ടിച്ച ഒരു സംവിധാനമല്ലെന്നും, പുരുഷന്മാര്‍ പുരുഷന്മാര്‍ക്കായി ഒരുക്കിയ ഘടനയാണ് ഇതെന്നും റിമ അഭിപ്രായപ്പെട്ടു. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സംഘടിപ്പിച്ച ''എക്സ്പ്രസ് ഡയലോഗ്‌സ്'' പരിപാടിയിലായിരുന്നു അവര്‍ സംസാരിച്ചത്.
വിവാഹകരാറില്‍ ഒപ്പിട്ടത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റുകളിലൊന്നാണെന്ന് റിമ പറഞ്ഞു. ''ഒരു ബന്ധം നിലനിര്‍ത്താന്‍ അല്ലെങ്കില്‍ ഒരാളെ സ്‌നേഹിക്കാന്‍ സര്‍ട്ടിഫിക്കറ്റോ രേഖയോ വേണ്ട. അതൊരു ട്രാപ്പാണെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്,'' എന്ന് അവര്‍ പറഞ്ഞു.
ആഷിഖ് അബുവുമായുള്ള വിവാഹം തന്റെ ജീവിതത്തെ മാറ്റിയെങ്കിലും, അതില്‍ നിന്ന് നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നുവെന്നും റിമ പറഞ്ഞു. ''ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ പ്രശ്‌നമൊന്നുമില്ല. പക്ഷേ, ഈ സംവിധാനമാണ് പ്രശ്‌നം. അത് ജീവിതത്തില്‍ പുതിയ ഒന്നും നല്‍കുന്നില്ല, മറിച്ച് അനാവശ്യ ബദ്ധതകള്‍ മാത്രമാണ് കൂട്ടുന്നത്,'' എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
''വിവാഹം സ്ത്രീകളെ നിയന്ത്രിക്കാന്‍ രൂപപ്പെടുത്തിയ സംവിധാനമാണ്. എനിക്ക് അത് ഇന്നും യോജിക്കുന്നില്ല. ഒരാളെ സ്‌നേഹിക്കാനോ അതിനായി ഒപ്പിടാനോ എനിക്ക് ആര്‍ക്കും അനുമതി വേണ്ട,'' എന്നായിരുന്നു റിമയുടെ ഉറച്ച നിലപാട്. ''ഒരു പരിധി വരെ നമ്മള്‍ തന്നെ വരുത്തിവെക്കുന്നതാണിത്. ഈ മെസേജിങ് എല്ലാം ഇന്‍വിസിബിള്‍ ആണ്. ഇങ്ങനൊക്കെ ആയിരിക്കണം എന്ന് തലമുറകളായി എയറിലുള്ളതാണ്. നമ്മള്‍ കാണുന്നതും കൂടിയാണ് മെസേജിങ് ആയി വരുന്നത്. കുറേയൊക്കെ എനിക്ക് നോ പറയാമായിരുന്നു. പക്ഷെ ഞാനും പലപ്പോഴും റോള്‍ പ്ലേ ചെയ്തു. പിന്നെയാണ് എന്തിനാണ് ഞാനിതൊക്കെ ചെയ്യുന്നത്, എന്നോടിതാരും പറഞ്ഞിട്ടില്ലല്ലോ? എന്നൊക്കെ ചിന്തിക്കുന്നത്.'' റിമ കല്ലിങ്കല്‍ പറയുന്നു.