'ഷക്കീലയും രേഷ്മയും പൊതുബോധത്തെ തകര്‍ത്തവർ, അവരെപ്പോലെ കരുതിയാണ് എന്റെ ചിത്രം ഇട്ടതെങ്കിൽ സന്തോഷം'; പക്ഷെ ആ പെൺകുട്ടിക്ക് വേണ്ടി പ്രതികരിക്കും; കമ്മട്ടിപ്പാടത്തിന് ശേഷമുള്ള വിനായകനെ പരിചയമില്ലെന്നും റീമ കല്ലിങ്കൽ

Update: 2025-11-14 10:34 GMT

കൊച്ചി: വിനായകൻ തന്റെ ചിത്രം പങ്കുവെച്ച സംഭവം തന്നെ ബാധിച്ചിട്ടില്ലെന്ന് നടി റിമ കല്ലിങ്കൽ. എന്നാൽ, വിനായകനെതിരെ പരാതി നൽകിയ പെൺകുട്ടി പറഞ്ഞ കാര്യങ്ങൾ തന്നെ വേദനിപ്പിച്ചതായും റിമ വ്യക്തമാക്കി. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് റിമ ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

മാസങ്ങൾക്ക് മുൻപാണ് വിനായകൻ തന്റെ ഔദ്യോഗിക പേജിലൂടെ റിമയുടെ ചിത്രം പങ്കുവെച്ചത്. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ചിലർ റിമയെ ബോഡി ഷെയ്മിങ് നടത്തുകയും വിനായകനെ വിമർശിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതിന് വിശദീകരണങ്ങളൊന്നും നൽകാതെയാണ് റിമയുടെ പ്രതികരണം.

തന്റെ ചിത്രം പങ്കുവെച്ചതിലൂടെ തന്നെ അഭിനന്ദിക്കുകയാണ് വിനായകൻ ചെയ്തതെന്ന് റിമ കരുതുന്നു. 'ഷക്കീല മാഡത്തിന്റേയും രേഷ്മയുടെയുമൊക്കെ വലിയ ആരാധികയാണ് ഞാന്‍. അതുവരെയുണ്ടായിരുന്ന പൊതുബോധത്തെ തകര്‍ത്തുകളഞ്ഞവരാണ് അവര്‍.' അവരെപ്പോലെ കരുതിയാണ് വിനായകന്‍ എന്റെ ചിത്രം പോസ്റ്റ് ചെയ്തതെങ്കില്‍ സന്തോഷമേയുള്ളൂ. അതിനെ അഭിനന്ദനമായി കാണുമെന്നും അവർ കൂട്ടിച്ചേർത്തു.

"കമ്മട്ടിപ്പാടത്തിൽ അഭിനയിച്ച് സ്റ്റേറ്റ് അവാർഡ് നേടിയ വിനായകനെ എനിക്കറിയാം. എന്നാൽ അതിന് ശേഷമുള്ള വിനായകനെ നേരിട്ട് പരിചയമില്ല. ആ ഫോട്ടോ പോസ്റ്റ് ചെയ്തത് എന്നെ ഒട്ടും ബാധിച്ചില്ല. എന്നാൽ വിനായകനെതിരെ പരാതി നൽകിയ പെൺകുട്ടി പറഞ്ഞ പല കാര്യങ്ങളും വേദനിപ്പിച്ചു. അതാണ് എന്നെ ബാധിക്കുന്നത്. ആ പെൺകുട്ടിക്ക് വേണ്ടി ഞാൻ പ്രതികരിക്കും. എന്നാൽ ഫോട്ടോയുടെ കാര്യത്തിൽ എനിക്ക് പറയാനൊന്നുമില്ല," റിമ വിശദീകരിച്ചു.

സജിൻ ബാബു സംവിധാനം ചെയ്ത 'തിയേറ്റർ' ആണ് റിമയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. വിനായകൻ നായകനാകുന്ന 'കളങ്കാവലി' എന്ന ചിത്രം നവംബർ 27ന് റിലീസിന് തയ്യാറെടുക്കുകയാണ്.

Tags:    

Similar News