'മികച്ച നടിക്കുള്ള അവാർഡ് കിട്ടി വന്നതാണ്, അതിനെക്കുറിച്ച് സംസാരിക്കുന്നുണ്ടോ?'; 'അമ്മ'യിലെ വനിതാ നേതൃത്വത്തെ സ്വാഗതം ചെയ്യുന്നുവെന്നും റിമ കല്ലിങ്കൽ

Update: 2025-08-24 06:40 GMT

കൊച്ചി: മികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരം സ്വീകരിക്കാനെത്തിയ തന്നോട് 'അമ്മ' സംഘടനയെക്കുറിച്ചുള്ള ചോദ്യങ്ങൾ മാത്രം ഉന്നയിച്ച മാധ്യമപ്രവർത്തകർക്ക് മറുപടിയുമായി നടി റിമ കല്ലിങ്കൽ. താനൊരു കലാകാരിയാണെന്ന കാര്യം എല്ലാവരും മറന്നുപോയെന്നും ആ അവസ്ഥയിലാണ് താൻ നിൽക്കുന്നതെന്നും റിമ പറഞ്ഞു. മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യിൽ വനിതാ നേതൃത്വം വന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന് റിമ പ്രതികരിച്ചു.

എന്നാൽ, സംഘടനയിൽ നിന്ന് പുറത്തുപോയവരെ തിരികെ കൊണ്ടുവരുമെന്ന പുതിയ പ്രസിഡന്റ് ശ്വേതാ മേനോന്റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിനും താരം പ്രതികരിച്ചു. 'ഞാനിവിടെ ഫിലിം ക്രിട്ടിക്സ് അവാർഡിന് വന്നതാണ്. എനിക്ക് മികച്ച നടിക്കുള്ള അവാർഡ് കിട്ടി. നിങ്ങൾ ആരെങ്കിലും അതിനെക്കുറിച്ച് സംസാരിക്കുന്നുണ്ടോ? ഞാനൊരു ആർട്ടിസ്റ്റ് ആണ് ആദ്യം. അതെല്ലാവരും മറന്നു പോയി എന്നൊരു പോയിന്റിലാണ് ഞാൻ നിൽക്കുന്നത്,' റിമ പറഞ്ഞു. സംഘടനയിലെ മെമ്മറി കാർഡ് വിവാദത്തിൽ അന്വേഷണം നടക്കട്ടെയെന്നും എന്താണ് സംഭവിക്കുന്നതെന്ന് നോക്കാമെന്നും അവർ കൂട്ടിച്ചേർത്തു.

അടുത്തിടെയാണ് ശ്വേതാ മേനോൻ പ്രസിഡന്റും കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയുമായി 'അമ്മ'യുടെ പുതിയ ഭരണസമിതി ചുമതലയേറ്റത്. ഇതിന് പിന്നാലെ ചേർന്ന ആദ്യ എക്സിക്യൂട്ടീവ് യോഗത്തിലാണ് മെമ്മറി കാർഡ് വിവാദം അന്വേഷിക്കാൻ പ്രത്യേക കമ്മീഷനെ നിയോഗിക്കുമെന്ന് ശ്വേത അറിയിച്ചത്. സംഘടനയിൽ നിന്ന് വിട്ടുനിൽക്കുന്നവരെ തിരികെ കൊണ്ടുവരാൻ ശ്രമിക്കുമെന്നും അംഗങ്ങളുടെ പരാതികൾ പരിഹരിക്കാൻ ഉപസമിതികൾ രൂപീകരിക്കുമെന്നും പുതിയ നേതൃത്വം വ്യക്തമാക്കിയിരുന്നു.

സംഘടനയിലെ വനിതാ അംഗങ്ങൾ നടത്തിയ 'മീ ടൂ' വെളിപ്പെടുത്തലുകൾ റെക്കോർഡ് ചെയ്ത് സൂക്ഷിച്ച മെമ്മറി കാർഡ് അന്നത്തെ ഭാരവാഹിയായിരുന്ന കുക്കു പരമേശ്വരൻ കൈവശപ്പെടുത്തിയെന്നും ഇത് തിരികെ നൽകണമെന്നുമാണ് നടി ഉഷ ഹസീന ഉൾപ്പെടെയുള്ളവർ ഉന്നയിക്കുന്ന ആരോപണം. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും ഡി.ജി.പിക്കും പരാതി നൽകിയിട്ടുണ്ട്.

Tags:    

Similar News