'പ്രമുഖ നടി പറയുന്നു, ലോകയുടെ വിജയം അവരുടെ സംഘത്തിന്റെ പരിശ്രമമെന്ന്, എല്ലാം അംഗീകരിക്കാം'; സിനിമയുടെ സംവിധായകനെ കുറിച്ച് ആരും ഒന്നും പറയുന്നില്ലെന്ന് രൂപേഷ് പീതാംബരൻ
കൊച്ചി: ‘ലോക’ സിനിമയുടെ ക്രെഡിറ്റുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി സംവിധായകൻ രൂപേഷ് പീതാംബരൻ. ചർച്ചകൾ സജീവമായതോടെയാണ് സിനിമ എഴുതി സംവിധാനം ചെയ്ത വ്യക്തിയെക്കുറിച്ച് ആരും ഒന്നും പറയാത്തത് എന്തുകൊണ്ടാണെന്ന് രൂപേഷ് ചോദിക്കുന്നത്. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് രൂപേഷ് തന്റെ അഭിപ്രായം വ്യകതമാക്കിയിരിക്കുന്നത്.
രൂപേഷ് പീതാംബരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
പ്രമുഖ നടി പറയുന്നു, അവരും അവരുടെ സംഘത്തിന്റെ പരിശ്രമം കൊണ്ടാണ് ഈ സ്ത്രീകേന്ദ്രിത സിനിമ ഒരു വൻ വിജയം നേടിയതെന്ന്.
മറ്റൊരു പ്രമുഖ നിർമ്മാതാവ് പറയുന്നു, ഈ സിനിമയുടെ വിജയം പൂർണമായും ഇതിന്റെ നിർമാതാവിന്റ ആണെന്ന്.
മീഡിയകൾ എല്ലാം പറയുന്നു, ഈ സ്ത്രീകേന്ദ്രിത സിനിമ കോടികളുടെ ക്ലബ്ബിൽ എത്തിയത് നായികയുടെ വിജയമാണെന്ന്.
എല്ലാം ശരി, അതെല്ലാം നമ്മുക്ക് അംഗീകരിക്കാം.
പക്ഷേ, ഇതെല്ലാം നടക്കുമ്പോൾ, ഈ സിനിമ എഴുതി സംവിധാനം ചെയ്ത ആ വ്യക്തിയെ കുറിച്ച് ആരും ഒന്നും പറയാത്തത് എന്തുകൊണ്ട്?
ആ സംവിധായകൻ ഈ കഥ എഴുതിയില്ലായിരുന്നെങ്കിൽ, ഈ സിനിമ തന്നെ ഉണ്ടാകുമോ?
ഫാൻസ് അസോസിയേഷന്റെ ശ്രദ്ധയ്ക്ക് — രോഷം കൊള്ളേണ്ട, ഞാൻ സിനിമയെ കുറിച്ച് നല്ലതാ പറഞ്ഞത്!
ലോക'യുടെ വിജയത്തിന്റെ ക്രെഡിറ്റ് നിർമ്മാതാക്കൾക്കും ടീമിനും മാത്രമാണെന്ന് നടനും നിർമാതാവുമായ വിജയ് ബാബു അഭിപ്രായപ്പെട്ടിരുന്നു. നൈല ഉഷയും റിമ കല്ലിങ്കലും നടത്തിയ പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് വിജയ് ബാബുവിന്റെ ഈ പ്രതികരണം. ആഗോളതലത്തിൽ പ്രേക്ഷകപ്രീതി നേടിയ ചിത്രത്തിന്റെ ക്രെഡിറ്റ് നടിമാർക്കും അർഹതപ്പെട്ടതാണെന്ന് നൈല ഉഷ പറഞ്ഞിരുന്നു. പിന്നാലെ റിമ കല്ലിങ്കലിന്റെ പ്രസ്താവനയും സിനിമാ മേഖലയിൽ വലിയ ചർച്ചക്ക് വഴിയൊരുക്കി. ഇതിന് മറുപടിയായാണ്, മുമ്പും മികച്ച വനിതാ കേന്ദ്രീകൃത സിനിമകൾ വന്നിട്ടുണ്ടെന്നും അവയുടെ ക്രെഡിറ്റ് സിനിമ നിർമ്മിച്ചവർക്ക് മാത്രമാണ് അവകാശപ്പെട്ടതെന്നും വിജയ് ബാബു തുറന്നുപറഞ്ഞത്.