സലാര്‍ പോസ്റ്റര്‍ പങ്കുവെച്ച് കൊറിയന്‍ ലാലേട്ടന്‍ ഡോണ്‍ ലീ; ചിത്രത്തില്‍ പ്രഭാസിന്റെ വില്ലനായി എത്തുമോ? ആരാധകര്‍ ആവേശത്തില്‍

Update: 2024-11-10 11:01 GMT

ഇന്ത്യന്‍ ആരാധകര്‍ ഏറെയുള്ള കൊറിയന്‍ താരമാണ് ഡോണ്‍ ലീ. മലയാളികള്‍ക്കിടയില്‍ താരം കൊറിയന്‍ ലാലേട്ടനാണ്. അടുത്തിടെയാണ് പ്രഭാസിന്റെ വില്ലനായി ഡോണ്‍ ലീ എത്തും എന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. ഇപ്പോള്‍ ഇന്ത്യന്‍ സിനിമാ പ്രേമികളെ ഒന്നടങ്കം ആവേശത്തിലാക്കിക്കൊണ്ട് പ്രഭാസിന്റെ സലാര്‍ സിനിമയിലെ പോസ്റ്റര്‍ പങ്കുവച്ചിരിക്കുകയാണ് താരം. തംപ്സ് അപ്പ് ഇമോജിക്കൊപ്പമാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി സലാര്‍ 2ന്റെ പോസ്റ്റര്‍ പങ്കുവച്ചത്. ഇന്ത്യന്‍ സിനിമയിലേക്കുള്ള ഡോണ്‍ ലിയുടെ വരവാണ് ഇത് സൂചിപ്പിക്കുന്നത് എന്നാണ് ആരാധകരുടെ കമന്റുകള്‍.



എന്നാല്‍ എന്തുകൊണ്ട് പ്രഭാസിന്റെ മറ്റൊരു ചിത്രവും പങ്കുവെക്കാതെ സലാറിലെ ചിത്രം തന്നെ പങ്കുവെച്ചു എന്ന് ചില ആരാധകര്‍ സംശയം ഉന്നയിക്കുന്നുണ്ട്. സലാര്‍ 2 ലായിരിക്കുമോ ഡോണ്‍ ലീ അഭിനയിക്കുക എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ ഡോണ്‍ ലീയുടെ ഇന്‍സ്റ്റ സ്റ്റോറി ഹിറ്റായി കഴിഞ്ഞു.

പ്രഭാസിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന സ്പിരിറ്റിലെ വില്ലന്‍ വേഷത്തില്‍ ഡോണ്‍ ലീ എത്തും എന്നാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് സ്ഥിരീകരണം വന്നിട്ടില്ല. ഡോണ്‍ ലീ വരുന്നുണ്ടെങ്കില്‍ ചിത്രം വേറെ ലെവലായിരിക്കും എന്നാണ് ആരാധകരുടെ കമന്റുകള്‍. 300 കോടി ബജറ്റിലായിരിക്കും ചിത്രം ഒരുങ്ങുക എന്നാണ് സന്ദീപ് റെഡ്ഡി വാങ്ക പറയുന്നത്. റിലീസിന്റെ ആദ്യ ദിവസം തന്നെ 150 കോടി കളക്റ്റ് ചെയ്യുമെന്നും സംവിധായകന്‍ വ്യക്തമാക്തി.

ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കിടയില്‍ ഏറെ ആരാധകരുള്ള കൊറിയന്‍ നടനാണ് മാ ഡോങ് സിയോക് എന്ന ഡോണ്‍ ലീ. മലയാളി പ്രേക്ഷകര്‍ക്കിടയില്‍ 'കൊറിയന്‍ ലാലേട്ടന്‍' എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. പ്രഭാസിനൊപ്പം 'സ്പിരിറ്റ്' എന്ന സിനിമയില്‍ ഡോണ്‍ ലീ അഭിനയിക്കുന്നു എന്ന വാര്‍ത്തകള്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് പിന്നീട് വാര്‍ത്തകള്‍ ഒന്നും വന്നതുമില്ല.

Tags:    

Similar News