ഇന്ത്യൻ സിനിമയിലെ 'ബിഗ് എം'സ്; മോഹൻലാലും മമ്മൂട്ടിയും ഒരുമിക്കുന്ന 'പാട്രിയറ്റ്' ന്റെ ടീസർ പങ്കുവെച്ച് സൽമാൻ ഖാൻ
മുംബൈ: മഹേഷ് നാരായണന്റെ പുതിയ ചിത്രം 'പാട്രിയറ്റ്' ന്റെ ടീസർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ. 11 വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും ഒരുമിക്കുന്ന ചിത്രം കൂടിയാണ് 'പാട്രിയറ്റ്'. ടീസർ പുറത്തിറങ്ങിയതിന് പിന്നാലെയാണ് സൽമാൻ ഖാൻ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ഇതിനെക്കുറിച്ച് പ്രതികരിച്ചത്.
ഇൻസ്റ്റഗ്രാം സ്റ്റോറി വഴിയാണ് സൽമാൻ ഖാൻ പാട്രിയറ്റ് ടീസർ പങ്കുവെച്ചത്. "ഇന്ത്യൻ സിനിമയിലെ ബിഗ് എമ്മുകളെ ഒരുമിച്ച് അവതരിപ്പിക്കുന്ന പാട്രിയറ്റിന്റെ ടൈറ്റിൽ ടീസർ പങ്കുവെക്കുന്നതിൽ ആവേശമുണ്ട്," എന്ന അടിക്കുറിപ്പോടെയാണ് താരം ഇത് പങ്കുവെച്ചത്. മോഹൻലാൽ, മമ്മൂട്ടി, മഹേഷ് നാരായണൻ എന്നിവരെയും സൽമാൻ ടാഗ് ചെയ്തിട്ടുണ്ട്.
നേരത്തെ, ഒരു സിനിമയുടെ ആവശ്യത്തിനായി മഹേഷ് നാരായണനും സൽമാൻ ഖാനും തമ്മിൽ ചർച്ചകൾ നടത്തിയതായി പിങ്ക് വില്ല റിപ്പോർട്ട് ചെയ്തിരുന്നു. 1970 മുതൽ 1990 വരെയുള്ള കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന ഒരു ആക്ഷൻ ത്രില്ലർ ചിത്രത്തെക്കുറിച്ചാണ് ഇരുവരും ചർച്ച നടത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. സൽമാൻ ഖാനും മഹേഷ് നാരായണനും ഇതിനോടകം പലതവണ കൂടിക്കാഴ്ച നടത്തിയെങ്കിലും ഇതുവരെ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല.
പാട്രിയറ്റ് ടീസർ സൽമാൻ ഖാൻ പങ്കുവെച്ചതോടെ, ഇരുവരും ഒരുമിച്ച് ഒരു സിനിമ ചെയ്യാൻ സാധ്യതയുണ്ടെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു. മമ്മൂട്ടിയും മോഹൻലാലും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ നയൻതാര, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ തുടങ്ങിയവരും അണിനിരക്കുന്നുണ്ട്.