കാമാഖ്യ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ബോളിവുഡ് താരം സാറാ അലി ഖാന്‍; ക്ഷേത്ര ദര്‍ശനം നടത്തിയത് ആത്മീയ യാത്രയുടെ ഭാഗമായി; താരത്തിന് കൂട്ടായി നടിയും സംവിധായികയുമായ ഐമി ബറുവയും; ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് താരം

Update: 2025-04-04 13:40 GMT

ഗുവാഹാട്ടി: ബോളിവുഡ് താരം സാറാ അലി ഖാൻ അസമിലെ പ്രശസ്തമായ കാമാഖ്യ ദേവി ക്ഷേത്രത്തിൽ ദർശനം നടത്തി. ആത്മീയ യാത്രയുടെ ഭാഗമായാണ് നടി ഗുവാഹാട്ടിയിലേക്ക് എത്തിയത്. നടിയും സംവിധായികയുമായ ഐമി ബറുവ കൂടെയുണ്ടായിരുന്നു.

ദർശനത്തിന് ശേഷം ഇരുവരും ബ്രഹ്മപുത്ര നദിയിലൂടെ ബോട്ട് യാത്ര നടത്തി ഉമാനന്ദാ ക്ഷേത്രവും സന്ദർശിച്ചു. ഈ യാത്രയുടെ ചിത്രങ്ങളും വീഡിയോകളും ഐമി ബറുവ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. "നമ്മുടെ മണ്ണിനെക്കുറിച്ചാകുമ്പോൾ ഹൃദയം അഭിമാനത്താൽ നിറയുന്നു. സാറാ അലി ഖാനൊപ്പം spent a blessed time" എന്നായിരുന്നു ഐമിയുടെ കുറിപ്പ്.

സാറയും തന്റെ കാമാഖ്യ ദർശനത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടിട്ടുണ്ട്. 2021-ലും സാറാ കാമാഖ്യ ദേവി ക്ഷേത്രം സന്ദർശിച്ചിരുന്നു, അന്ന് എടുത്ത ചില ചിത്രങ്ങളും ആരാധകർ പങ്കുവെച്ചു.

Full View

കാമാഖ്യ ക്ഷേത്രം

അസമിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രമാണ് കാമാഖ്യ. ഗുവാഹാട്ടിയുടെ പടിഞ്ഞാറന്‍ മേഖലയില്‍ നീലാചല്‍കുന്നിന്റെ മുകളിലാണ് കാമാഖ്യാദേവി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രസമുച്ചയത്തില്‍ പ്രധാന ഭഗവതിയെ കൂടാതെ പത്ത് ദേവീ സ്ഥാനങ്ങള്‍കൂടി സങ്കല്പിക്കപ്പെടുന്നു. അമ്പുബാച്ചി മേളയാണ് പ്രധാന ഉത്സവം. ഈ ദിനങ്ങളില്‍ കാമാഖ്യ രജസ്വലയാകുമെന്ന് വിശ്വാസം. ക്ഷേത്രത്തില്‍ പൂജകള്‍ നടക്കില്ല. നാലാംദിവസം ക്ഷേത്രവാതിലുകള്‍ തുറക്കുകയും കാമാഖ്യയുടെ ആര്‍ത്തവരക്തം പുരണ്ടതെന്ന് വിശ്വസിക്കുന്ന തുണിക്കഷണം പ്രസാദമായി നല്‍കുകയും ചെയ്യുന്നു.

ദക്ഷയാഗത്തിന്റെ സമയത്ത് ഭര്‍ത്താവായ പരമശിവനെ ദക്ഷന്‍ അപമാനിച്ചതില്‍ കോപിച്ച പാര്‍വതി യാഗാഗ്‌നിയില്‍ ചാടി ആത്മാഹുതി ചെയ്യുന്നു. ഇതറിഞ്ഞ ശിവന്‍ കോപിഷ്ഠനായി ദക്ഷന്റെ തലയറുക്കുകയും തുടര്‍ന്ന് പാര്‍വതിയുടെ ജഡവുമായി താണ്ഡവമാടുകയും ചെയ്യുന്നു. തുടര്‍ന്ന് മഹാവിഷ്ണു തന്റെ സുദര്‍ശനചക്രമുപയോഗിച്ച് പാര്‍വതിയുടെ ജഡത്തെ പലതായി മുറിച്ചു. ആ ശരീരഭാഗങ്ങള്‍ 108 ഇടങ്ങളിലാണ് ചെന്നുപതിച്ചത്. അതില്‍ യോനീഭാഗം പതിച്ച സ്ഥലമാണ് കാമാഖ്യ എന്നാണ് ഐതിഹ്യം.

ഇന്ത്യയിലെ അന്‍പത്തൊന്ന് ശക്തിപീഠങ്ങളില്‍ ഒന്നാണ് കാമാഖ്യ ക്ഷേത്രം. ഇവിടെ ദേവി കാമാതുരയും സ്‌ത്രൈണ ശക്തിയുടെ കേന്ദ്രവുമായി കരുതപ്പെടുന്നു. സന്താന സൗഭാഗ്യത്തിനായി ഇവിടെവന്നു ഭജനമിരിക്കുന്നവര്‍ നിരവധിയാണ്. ദേവീചൈതന്യം അനുഭവിക്കാന്‍ ലോകത്തിന്റെ പല ഭാഗത്തുനിന്നും ഇവിടെ ഭക്തരെത്തുന്നു. ഗുവാഹാട്ടി റെയില്‍വേ സ്റ്റേഷനില്‍നിന്ന് ആറു കിലോമീറ്ററും എയര്‍പോര്‍ട്ടില്‍നിന്ന് 20 കിലോമീറ്ററും അകലെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

Tags:    

Similar News