'എല്ലാവർക്കും അവരുടേതായ അഭിപ്രായങ്ങളുണ്ട്'; ആ കാര്യങ്ങൾ എന്നെ ബാധിക്കുന്നില്ല; 'ധുരന്ധറി'ലെ രൺവീറുമായുള്ള പ്രായ വ്യത്യാസത്തെക്കുറിച്ച് പ്രതികരിച്ച് സാറ അർജുൻ

Update: 2026-01-21 12:44 GMT

മുംബൈ: രൺവീർ സിങ്ങും സാറാ അർജുനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ധുരന്ധർ' എന്ന ചിത്രത്തിൽ ഇരുവരും തമ്മിലുള്ള 20 വർഷത്തെ പ്രായവ്യത്യാസം സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഈ വിഷയത്തിൽ ഇപ്പോൾ നേരിട്ട് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി സാറാ അർജുൻ. ഇത്തരം ചർച്ചകളെക്കുറിച്ച് താൻ അറിഞ്ഞിരുന്നില്ലെന്നും, ഇത് തന്നെ ബാധിക്കുന്ന വിഷയമല്ലെന്നും സാറാ പറഞ്ഞു.

തനിക്ക് സിനിമയുടെ കഥയും കഥാപാത്രങ്ങളുടെ കാസ്റ്റിങ്ങിന്റെ ആവശ്യകതയും അറിയാമായിരുന്നുവെന്നും, അതിൽ മാത്രമാണ് താൻ ശ്രദ്ധിക്കുന്നതെന്നും സാറാ അർജുൻ പറഞ്ഞു. "എല്ലാവർക്കും അവരുടേതായ അഭിപ്രായങ്ങളുണ്ട്. എന്നാൽ, അത് അവരുടെ മാത്രം അഭിപ്രായമാണ്. ഞാൻ അതിനെക്കുറിച്ച് ചിന്തിക്കുകയോ ഇക്കാര്യം എന്നേ ബാധിക്കുന്നോ ഇല്ല," അവർ കൂട്ടിച്ചേർത്തു. സാമൂഹിക മാധ്യമങ്ങളിൽ താൻ അത്ര സജീവമല്ലാത്തതിനാലാണ് ഇത്തരം ചർച്ചകൾ ശ്രദ്ധിക്കാത്തതെന്നും നടി വിശദീകരിച്ചു. ബോർഡിങ് സ്കൂളിൽ പഠിക്കുമ്പോൾ മൊബൈൽ ഉപയോഗിച്ചിരുന്നില്ലെന്നും, പഠനം പൂർത്തിയാക്കിയ ശേഷം തിരക്കിലായതിനാൽ സാമൂഹിക മാധ്യമങ്ങളിൽ സമയം ചെലവഴിക്കുന്ന ശീലമില്ലെന്നും സാറാ വ്യക്തമാക്കി. തനിക്ക് ആവശ്യമുള്ളപ്പോൾ മാത്രം സോഷ്യൽ മീഡിയ ഉപയോഗിക്കുകയും, എന്തെങ്കിലും പങ്കുവെക്കണമെങ്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്യുന്നു. അല്ലാത്തപ്പോൾ മറ്റ് വിനോദങ്ങളിൽ ഏർപ്പെടാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

1985 ജൂലൈ 6-നാണ് രൺവീർ സിങ് ജനിച്ചത്. സാറാ അർജുന്റെ ജന്മദിനം 2005 ജൂൺ 18-നാണ്. ഇത് ഇരുവരും തമ്മിൽ ഏകദേശം 20 വർഷത്തെ പ്രായവ്യത്യാസമുണ്ട്. ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ' ഡിസംബർ അഞ്ചിനാണ് പ്രദർശനത്തിനെത്തിയത്. ബോക്സ് ഓഫീസിൽ മികച്ച വിജയം നേടിയ ഈ ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഒരു മുൻ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥൻ പാകിസ്താനിൽ നുഴഞ്ഞുകയറി തീവ്രവാദ സംഘങ്ങളെ നേരിടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. രൺവീർ സിങ്ങിനെ കൂടാതെ അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, ആർ. മാധവൻ, അർജുൻ രാംപാൽ, രാകേഷ് ബേഡി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 

Tags:    

Similar News