അവന് വെറും 15 വയസ്സ് മാത്രമാണ് പ്രായം; ഒരു കല്യാണ വീട്ടിൽ വച്ച് കടന്നുപിടിച്ചു; പോഡ്‌കാസ്റ്റിൽ ആ വീഡിയോ പ്രചരിച്ചതോടെ മുഴുവൻ വിമർശനം; ചർച്ചയായി സീമയുടെ വാക്കുകൾ
പ്രശസ്ത സെക്സ് എഡ്യൂക്കേറ്ററും എഴുത്തുകാരിയുമായ സീമ ആനന്ദ് തനിക്ക് നേരിടേണ്ടി വന്ന ഒരു ദുരനുഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിയൊരുക്കിയിരിക്കുകയാണ്. 15 വയസ്സുള്ള ഒരു ആൺകുട്ടിയിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തെക്കുറിച്ചായിരുന്നു സീമയുടെ വെളിപ്പെടുത്തൽ.
ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് സംഭവം നടന്നത്. സീമ ആനന്ദിനടുത്ത് ഫോട്ടോ എടുക്കാൻ എന്ന വ്യാജേന എത്തിയ 15 വയസ്സുകാരൻ അവരുടെ ശരീരത്തിൽ മോശമായ രീതിയിൽ സ്പർശിക്കുകയും ലൈംഗിക ചുവയോടെ പെരുമാറുകയും ചെയ്തു. ആ സമയത്ത് താൻ ആകെ സ്തംഭിച്ചുപോയെന്നും എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായെന്നും സീമ വീഡിയോയിൽ പറയുന്നു. താൻ ഇത്രയും കാലം ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ചും അതിരുകളെക്കുറിച്ചും സംസാരിച്ചിട്ടും, സ്വന്തം കാര്യത്തിൽ ഇത്തരമൊരു അനുഭവം ഉണ്ടായപ്പോൾ പ്രതികരിക്കാൻ കഴിഞ്ഞില്ല എന്നത് തന്നെ സങ്കടപ്പെടുത്തിയെന്നും അവർ കൂട്ടിച്ചേർത്തു.
സീമ ആനന്ദിന്റെ ഈ വെളിപ്പെടുത്തൽ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ രണ്ട് തരം പ്രതികരണങ്ങളാണ് ഉണ്ടായത്. ഒരു വിഭാഗം ആളുകൾ അവർക്ക് പിന്തുണയുമായി എത്തിയപ്പോൾ, മറ്റൊരു വിഭാഗം കടുത്ത വിമർശനമാണ് ഉന്നയിച്ചത്.