'ഞാൻ പ്രതികരിച്ചത് കുട്ടികൾ കൊല്ലപ്പെടുന്നത് കണ്ടിട്ട്, ചിലരതിനെ മതവുമായി ബന്ധപ്പെടുത്തി'; പലസ്തീനിലെ വാർത്തകൾ കേൾക്കുമ്പോൾ നെഞ്ചുവേദനയെടുക്കുമെന്ന് ഷെയ്ൻ നിഗം
കൊച്ചി: പലസ്തീൻ വിഷയത്തിൽ താൻ പ്രതികരിച്ചതിന് കാരണം കുട്ടികളെ കൊലപ്പെടുത്തുന്നത് കണ്ടിട്ടാണെന്ന് നടൻ ഷെയ്ൻ നിഗം. എന്നാൽ, പലരും തൻ്റെ പ്രതികരണത്തെ മതവുമായി ബന്ധിപ്പിച്ച് വ്യാഖ്യാനിച്ചെന്നും താരം പറഞ്ഞു. ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് ഷെയ്ൻ നിഗം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
പലസ്തീൻ വിഷയത്തിൽ പ്രതികരിച്ചപ്പോൾ, മറ്റൊരിടത്ത് സമാനമായ സംഭവം നടന്നപ്പോൾ എന്തുകൊണ്ട് പ്രതികരിച്ചില്ലെന്ന് ചിലർ ചോദിച്ചതായും ഷെയ്ൻ പറയുന്നു. "പലസ്തീൻ വിഷയത്തിൽ സംസാരിക്കുന്നത് അത് അത്രയും വലിയ പ്രശ്നമായി മാറിയതുകൊണ്ടാണ്. ഇന്നും അത് അവസാനിച്ചിട്ടില്ല," ഷെയ്ൻ പറഞ്ഞു. പലസ്തീനിലെ സംഭവങ്ങളെ തൻ്റെ മതവുമായി ബന്ധപ്പെടുത്തി ചിലർ കമന്റ് ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പത്രം വായിക്കുന്ന ഒരാളല്ല താനെന്നും, വാർത്തകൾ കേൾക്കുമ്പോൾ നെഞ്ചുവേദനയെടുക്കുമെന്നും ഷെയ്ൻ വ്യക്തമാക്കി. അമിതമായ സമ്മർദ്ദം താങ്ങാൻ തനിക്ക് കഴിയില്ലെന്നും, ഇൻസ്റ്റഗ്രാം ഫീഡിൽ കണ്ടപ്പോഴാണ് പലസ്തീൻ വിഷയം ശ്രദ്ധയിൽപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. "വലിയ തോതിൽ കുട്ടികളെ കൊല്ലുന്നത് കണ്ടപ്പോഴാണ് ഞാൻ സംസാരിച്ചത്. അപ്പോഴും എൻ്റെ മതത്തെ വച്ചാണ് അവർ ഇതിനെ ബന്ധിപ്പിക്കുന്നത്," ഷെയ്ൻ നിഗം വിശദീകരിച്ചു.
അതേസമയം, ഷെയ്ൻ നിഗം നായകനായെത്തിയ 'ബൾട്ടി' എന്ന പുതിയ ചിത്രം മികച്ച പ്രതികരണങ്ങൾ നേടി പ്രദർശനം തുടരുകയാണ്. ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത ചിത്രത്തിൽ സെൽവരാഘവൻ, ശാന്തനു ഭാഗ്യരാജ്, പൂർണിമ ഇന്ദ്രജിത്ത്, അൽഫോൺസ് പുത്രൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.