'ചെറിയ വസ്ത്രം ധരിച്ചെത്തിയ നിധിയെ ആൾക്കൂട്ടം വലിച്ചിഴയ്ക്കാൻ ശ്രമിച്ചു'; ആ മുഖം കണ്ടപ്പോൾ അവർ നാണംകെട്ടതായി തോന്നി; വീണ്ടും വിവാദ പ്രസ്താവനയുമായി ശിവാജി

Update: 2025-12-25 14:47 GMT

ഹൈദരാബാദ്: സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ചുള്ള പരാമർശങ്ങളെത്തുടർന്ന് തെലുങ്ക് നടൻ ശിവാജി വീണ്ടും വിവാദത്തിൽ. തന്റെ വാക്കുകൾ വിമർശനങ്ങൾക്ക് ഇടയാക്കിയതിനെത്തുടർന്ന് അദ്ദേഹം ക്ഷമാപണം നടത്തിയെങ്കിലും, തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നതായി താരം ആവർത്തിച്ചു. പുതിയ ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്കിടെയാണ് ശിവാജി വിവാദപരമായ പരാമർശങ്ങൾ നടത്തിയത്.

ശരീരം തുറന്നുകാണിക്കുന്ന വസ്ത്രങ്ങൾ ഒഴിവാക്കി സാരി പോലുള്ളവ ധരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. ഇത് വലിയ വിമർശനങ്ങൾക്ക് വഴിവെക്കുകയും നടി നിധി അഗർവാൾ ഉൾപ്പെടെയുള്ളവർ ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു. വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നതോടെ, ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശിവാജി വിശദീകരണം നൽകി.

ഒരു മാളിൽ വെച്ച് നിധി അഗർവാളിന് നേരിടേണ്ടി വന്ന ദുരനുഭവമാണ് തന്റെ പരാമർശങ്ങൾക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. ചെറിയ വസ്ത്രം ധരിച്ചെത്തിയ നിധി അഗർവാളിനെ ആൾക്കൂട്ടം വലിച്ചിഴയ്ക്കാൻ ശ്രമിക്കുകയും, അവർ ലജ്ജിതയായി കാണപ്പെടുകയും ചെയ്തതായി ശിവാജി ചൂണ്ടിക്കാട്ടി. ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുമ്പോൾ താൻ രണ്ട് മോശം വാക്കുകൾ ഉപയോഗിച്ചെന്നും അതിന് ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, വസ്ത്രധാരണത്തെക്കുറിച്ചുള്ള തന്റെ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായും ശിവാജി വ്യക്തമാക്കി.

വനിതാ കമ്മീഷനിൽ ക്ഷമാപണ കത്ത് സമർപ്പിക്കുമെന്നും ആരെയും അധിക്ഷേപിക്കാനോ താഴ്ത്തിക്കെട്ടാനോ തനിക്ക് ഉദ്ദേശ്യമില്ലെന്നും ശിവാജി പിന്നീട് അറിയിച്ചു. തന്റെ പുതിയ ചിത്രം 'ദണ്ടോര'യുടെ പ്രീ-റിലീസ് പരിപാടിയിൽ താൻ പറഞ്ഞത്, മോശം വസ്ത്രങ്ങൾ ഒഴിവാക്കി നല്ല വസ്ത്രങ്ങൾ ധരിക്കണം എന്നാണെന്നും, പൊതുസ്ഥലങ്ങളിൽ പോകുമ്പോൾ ഇത് ശ്രദ്ധിക്കണമെന്നുമാണ് അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കിയത്. പുരുഷന്മാരുടെ പെരുമാറ്റത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം സ്ത്രീകളുടെ വസ്ത്രധാരണത്തിൽ എന്തുകൊണ്ട് ശ്രദ്ധ കേന്ദ്രീകരിച്ചു എന്ന് പത്രസമ്മേളനത്തിൽ ചോദ്യമുയർന്നപ്പോഴും അദ്ദേഹം തന്റെ നിലപാട് ആവർത്തിച്ചു.

തന്റെ വാക്കുകൾ നിധി അഗർവാളിനെയോ സാമന്ത റൂത്ത് പ്രഭുവിനെയോ ഈ സംഭവങ്ങളിൽ കുറ്റപ്പെടുത്തുന്നില്ലെന്നും ശിവാജി അവകാശപ്പെട്ടു. സാമന്തയുടെ കാര്യത്തിൽ, അവർ ഭാഗ്യവശാൽ സാരിയിലായിരുന്നത് ഒരു സന്ദർഭാനുകൂല്യമായിരുന്നെന്നും, ജെൻ സി തലമുറയിലുള്ളവർക്ക് കലാകാരന്മാരെ സ്പർശിക്കണമെന്ന ചിന്തയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    

Similar News