'ലാലേട്ടന്റെ രാജി എല്ലാവരെയും ഞെട്ടിച്ചു, ഒറ്റപ്പെട്ടെന്ന് തോന്നിയതുകൊണ്ടാകാം'; 'അമ്മ' സംഘടനയ്ക്ക് ഒരു പ്രതിച്ഛായാമാറ്റം അനിവാര്യമെന്ന് ശ്വേതാ മേനോൻ

Update: 2025-08-22 14:39 GMT

കൊച്ചി: 'അമ്മ' സംഘടനയ്ക്ക് ഒരു പ്രതിച്ഛായാമാറ്റം അനിവാര്യമാണെന്ന് പ്രസിഡന്റും സംഘടനയുടെ ചരിത്രത്തിലെ ആദ്യ വനിതാ അധ്യക്ഷയുമായ ശ്വേതാ മേനോൻ. മുൻ പ്രസിഡന്റ് മോഹൻലാൽ സ്ഥാനമൊഴിഞ്ഞത് ഒറ്റപ്പെട്ടുപോയി എന്ന് തോന്നിയതുകൊണ്ടാകാമെന്നും 'ദി ഹോളിവുഡ് റിപ്പോർട്ടറി'ന് നൽകിയ അഭിമുഖത്തിൽ അവർ അഭിപ്രായപ്പെട്ടു.

മലയാള സിനിമയിൽ ഒരു പുതിയ യുഗം ആരംഭിക്കുമ്പോൾ, മുൻപ് പഠിച്ച ചില കാര്യങ്ങൾ മറക്കേണ്ട സമയമാണിതെന്ന് ശ്വേത പറഞ്ഞു. 'മോഹൻലാൽ, മമ്മൂട്ടി, ഇന്നസെന്റ് എന്നിവർ സംഘടനയുടെ തലപ്പത്തുണ്ടായിരുന്നപ്പോൾ ഞാൻ ഭാരവാഹിയായിരുന്നു. അവരിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചു. എന്നാൽ ഇപ്പോൾ, പഠിച്ച ചില കാര്യങ്ങൾ മറക്കാനും പുതിയ മാറ്റങ്ങൾ കൊണ്ടുവരാനും സമയമായിരിക്കുന്നു. സംഘടനയിൽ ഒരു പുതിയ തരംഗം കൊണ്ടുവരാൻ ആഗ്രഹിക്കുന്നു,' അവർ വ്യക്തമാക്കി. 'അമ്മ' തകർന്നുപോകാതെ സംരക്ഷിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും അവർ കൂട്ടിച്ചേർത്തു.

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട സാഹചര്യത്തിൽ മോഹൻലാൽ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിനെക്കുറിച്ചും ശ്വേതാ മേനോൻ സംസാരിച്ചു. 'ലാലേട്ടന്റെ രാജി എല്ലാവരെയും ഞെട്ടിച്ചു. അത് അദ്ദേഹത്തെ സംബന്ധിച്ച് വലിയൊരു തീരുമാനമായിരുന്നു. പ്രത്യക്ഷത്തിലല്ലെങ്കിലും അദ്ദേഹം ഒറ്റപ്പെട്ടുപോയതായി എനിക്കുറപ്പുണ്ട്. എളുപ്പത്തിൽ തോൽവി സമ്മതിക്കുന്ന ആളല്ല അദ്ദേഹം. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഞാൻ ആറ് വർഷം പ്രവർത്തിച്ചിട്ടുണ്ട്, അങ്ങനെയൊരു രാജി അദ്ദേഹത്തിന്റെ സ്വഭാവത്തിന് ചേർന്നതായി തോന്നിയില്ല,' അവർ പറഞ്ഞു.

പ്രസിഡന്റായുള്ള തന്റെ തിരഞ്ഞെടുപ്പ് ചരിത്രപരമാണെങ്കിലും, ചരിത്രം സൃഷ്ടിക്കുക എന്നത് തന്റെ ലക്ഷ്യമല്ലെന്നും ശ്വേത വ്യക്തമാക്കി. 'അമ്മ'യിലെ പ്രവർത്തനം പൂർണമായും നിസ്വാർത്ഥ സേവനമാണെന്നും ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ഇല്ലാതെ പ്രതിബദ്ധതയോടെയാണ് പ്രവർത്തിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. 

Tags:    

Similar News