'താലി ധരിക്കാൻ ഞാൻ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല, അത് അവൾക്ക് തീരുമാനിക്കാം'; സ്ത്രീകൾക്ക് മാത്രം എന്തിനാണ് അടയാളം; ഭർത്താവിന്റെ പരാമർശത്തിൽ ഗായിക ചിന്മയിക്കെതിരെ സൈബർ ആക്രമണം

Update: 2025-11-06 10:01 GMT

ഹൈദരാബാദ്: വിവാഹശേഷം താലി ധരിക്കുന്നത് സ്ത്രീകളുടെ വ്യക്തിപരമായ തീരുമാനമാണെന്ന ഭർത്താവ് രാഹുൽ രവീന്ദ്രന്റെ പരാമർശത്തിന്റെ പേരിൽ ഗായിക ചിന്മയി ശ്രീപദയ്ക്കും അദ്ദേഹത്തിനുമെതിരെ രൂക്ഷമായ സൈബർ ആക്രമണം. ആക്രമണം പരിധിവിട്ടതോടെ ഹൈദരാബാദ് പോലീസ് കേസെടുക്കുമെന്ന സൂചന നല്‍കി. തങ്ങള്‍ക്കെതിരായ ആക്രമണം ചിന്മയി പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ഒരു അഭിമുഖത്തിലാണ് താലി ധരിക്കുന്നതുമായി ബന്ധപ്പെട്ട് രാഹുൽ രവീന്ദ്രൻ തന്റെ നിലപാട് വ്യക്തമാക്കിയത്.

'വിവാഹശേഷം താലി ധരിക്കണോ എന്ന് സ്വയം തീരുമാനിക്കാമെന്ന് ഞാൻ ചിന്മയിയോട് പറഞ്ഞു. അത് ധരിക്കാൻ ഞാൻ ഒരിക്കലും ചിന്മയിയോട് ആവശ്യപ്പെടില്ല. പുരുഷന്മാർ വിവാഹിതരാണെന്ന് കാണിക്കാൻ പ്രത്യക്ഷത്തിൽ ഒന്നുമില്ല. എന്നിട്ടും സ്ത്രീകൾ മാത്രം അതിന്റെ അടയാളം ധരിക്കണമെന്ന് പറയുന്നത് തെറ്റാണ്,' എന്നായിരുന്നു രാഹുലിന്റെ വാക്കുകൾ. ഇതിനുപിന്നാലെ, താലി ഒരു തിരഞ്ഞെടുപ്പാണോ അതോ സാംസ്കാരിക പാരമ്പര്യമാണോ എന്ന ചോദ്യം സമൂഹമാധ്യമങ്ങളിൽ ഉയർന്നു. ഈ ചർച്ച അതിരുകടന്ന് ചിന്മയിക്കും രാഹുലിനുമെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്കും ഭീഷണികളിലേക്കും വഴിമാറുകയായിരുന്നു.

ചിന്മയിയെപ്പോലുള്ളവർക്ക് കുട്ടികളുണ്ടാകാൻ പാടില്ലെന്നും, ഉണ്ടായാൽ ഉടൻ മരിക്കണമെന്നും വരെ ചിലർ പ്രതികരിച്ചു. തുടർന്നുണ്ടായ സൈബർ ആക്രമണങ്ങൾ ഹൈദരാബാദ് പോലീസ് കമ്മീഷണർ വി.സി. സജ്ജനാരിനെ ടാഗ് ചെയ്തുകൊണ്ട് ചിന്മയി സമൂഹമാധ്യമമായ എക്സിലൂടെ ശ്രദ്ധയിൽപ്പെടുത്തി. 'കേസ് നൽകാൻ തയ്യാറാണ്, 15 വർഷമെടുത്താലും നിയമം അതിന്റെ വഴിക്ക് പോവട്ടെ,' എന്നും അവർ എക്സ് പോസ്റ്റിൽ കുറിച്ചു. ഇതിനു മറുപടിയായി, കമ്മീഷണർ വിഷയം ഹൈദരാബാദ് സിറ്റി പോലീസിനും സൈബർ ക്രൈം ഡിപ്പാർട്ട്‌മെന്റിനും കൈമാറുകയും ചെയ്തു. പോലീസിന്റെ ഈ ഇടപെടലിന് ചിന്മയി നന്ദി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 

Tags:    

Similar News