സംഗീത പരിപാടിക്ക് എത്തിയത് മൂന്ന് മണിക്കൂറോളം വൈകി; പ്രേക്ഷകരോട് കരഞ്ഞുകൊണ്ട് ക്ഷമ ചോദിച്ചു; വീഴ്ചയെ കണ്ണുനീര്‍ കൊണ്ട് ന്യായീകരിക്കേണ്ട എന്ന് പരിഹസിച്ച് കാണികള്‍

Update: 2025-03-25 08:33 GMT

സംഗീതപരിപാടിക്കിടെ വേദിയില്‍ പൊട്ടിക്കരഞ്ഞ് ബോളിവുഡ് ഗായിക നേഹ കക്കര്‍. മൂന്ന് മണിക്കൂറോളം വൈകി വേദിയില്‍ എത്തിയതിന് പിന്നാലെയാണ് ഗായിക പൊട്ടിക്കരഞ്ഞത്. മെല്‍ബണില്‍ നടന്ന സ്റ്റേജ് ഷോയ്ക്കിടെയായിരുന്നു സംഭവം. തുടര്‍ന്ന് കാണികളുടെ പ്രതികരണം കണ്ട് വികാരാധീനയാവുകയായിരുന്നു. വൈകി വന്നതിന് നേഹ കാണികളോട് ക്ഷമാപണം നടത്തുകയും ചെയ്തു.

'പ്രിയപ്പെട്ട സുഹൃത്തുക്കളേ, നിങ്ങള്‍ ശരിക്കും ഹൃദ്യമായ മനസ്സിന്റെ ഉടമകളാണ്. നിങ്ങള്‍ എന്നെ ക്ഷമയോടെ കാത്തിരുന്നു. ഒരാള്‍ ഞാന്‍ കാരണം കാത്തിരിക്കുക എന്ന് പറയുന്നത് ജീവിതത്തില്‍ എനിക്ക് ഇഷ്ടമല്ലാത്ത കാര്യമാണ്. ഇവിടെ അങ്ങനെ സംഭവിച്ചതില്‍ ഞാന്‍ ഖേദിക്കുന്നു. എന്നിട്ടും നിങ്ങള്‍ എന്നെ കാത്തിരുന്നു.''

''ഈ വൈകുന്നേരം ഞാന്‍ എന്നന്നേക്കുമായി ഓര്‍മയില്‍ സൂക്ഷിക്കും. എന്നെ ഇത്രയും കാത്തിരുന്ന നിങ്ങളെ സന്തോഷിപ്പിക്കാതെ എനിക്ക് ഈ വേദി വിടാന്‍ പറ്റില്ല'' എന്നാണ് നേഹ കക്കര്‍ പറഞ്ഞത്. എന്നാല്‍ കാണികള്‍ക്ക് ഇത് അത്രയ്ക്ക് പിടിച്ചില്ല. നേഹയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയെ കണ്ണുനീര്‍ കൊണ്ട് ന്യായീകരിക്കേണ്ട എന്നാണ് ചിലരുടെ വിമര്‍ശനം.

മടങ്ങിപ്പൊയ്‌ക്കോളൂ.. പോയി ഹോട്ടലില്‍ വിശ്രമിച്ചോളൂ എന്നും, ഇത് ഇന്ത്യയല്ല ഓസ്‌ട്രേലിയയാണെന്നും കാണികളില്‍ ഒരുകൂട്ടര്‍ പറയുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. അഭിനയം വളരെ നന്നായിട്ടുണ്ട്... ഇത് ഇന്ത്യന്‍ ഐഡള്‍ അല്ല.. എന്നിങ്ങനെയും കാണികളില്‍ ചിലര്‍ പരിഹസിച്ചു പറയുന്നുണ്ട്.

Tags:    

Similar News