രാജമൗലി ചിത്രത്തില്‍ എന്ത് ലോജിക്കാണ് ഉള്ളത്? അദ്ദേഹത്തിന്റെ പടങ്ങള്‍ ജയിക്കുന്നത് സംവിധായകന്റെ ബോധ്യം ഉള്ളതുകൊണ്ടാണ്; ലോജിക് നോക്കിയാല്‍ സിനിമ ദുരന്തമാകും; കരണ്‍ ജോഹര്‍

Update: 2025-02-17 09:58 GMT

രാജമൗലി സിനിമകളില്‍ ലോജിക്ക് ഇല്ലാത്തതു കൊണ്ടാണ് വിജയിക്കുന്നതെന്ന് ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍. ട്രേഡ് അനലിസ്റ്റ് കോമള്‍ നഹ്തയുമായി നടത്തിയ സംഭാഷണത്തിലാണ് കരണ്‍ ജോഹര്‍ രാജമൗലി സിനിമകളെ കുറിച്ച് സംസാരിച്ചത്. ലോജിക്ക് ഇല്ലാത്ത സിനിമയായിട്ടും ചിത്രങ്ങള്‍ ഹിറ്റാകുന്നത് സംവിധായകന്റെ ബോധ്യമാണ് എന്നാണ് കരണ്‍ ജോഹര്‍ പറയുന്നത്.

ഒരു സിനിമയില്‍ ലോജിക്ക് ഇല്ലെന്ന് അറിയാമായിരുന്നിട്ടും പിന്നീട് അത് എന്തുകൊണ്ട് സിനിമയാകുന്നു എന്നായിരുന്നു കരണിനോടുള്ള ചോദ്യം. ബോധ്യം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. രാജമൗലിയുടെ ഏത് ചിത്രം എടുത്താലാണ് നിങ്ങള്‍ക്ക് യുക്തി കാണാനാവുക അതില്‍ ബോധ്യം മാത്രമേയുള്ളു എന്നും കരണ്‍ വ്യക്തമാക്കി.

''രാജമൗലി പടത്തില്‍ എവിടെ നിങ്ങള്‍ക്ക് ലോജിക്ക് കണ്ടെത്താനാകും?' എസ്എസ് രാജമൗലിയുടെ സിനിമയില്‍ ഒരാള്‍ക്ക് സംവിധായകന്റെ ബോധ്യം മാത്രമേ കാണാനാകൂ എന്ന് കരണ്‍ പറഞ്ഞു, 'ആ ബോധ്യം മുന്നില്‍ വരുമ്പോള്‍, പ്രേക്ഷകര്‍ പോലും നിങ്ങളെ വിശ്വസിക്കും. അനിമല്‍, ആര്‍ആര്‍ആര്‍, ഗദര്‍ എന്നിവയുള്‍പ്പെടെ എല്ലാ പ്രധാന ബ്ലോക്ക്ബസ്റ്ററുകള്‍ക്കും ഇത് ബാധകമാണ്.''

''അവയെല്ലാം ബോധ്യത്താല്‍ നയിക്കപ്പെട്ടതാണ്. വലിയ സിനിമകളെല്ലാം നിര്‍മിച്ചിരിക്കുന്നത് ബോധ്യത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ്. അല്ലാതെ ഒരു ഹാന്‍ഡ് പമ്പ് കൊണ്ട് ആയിരം ആളുകളെ അടിച്ചോടിക്കാന്‍ കഴിയുമോ'' എന്നാണ് കരണ്‍ ചോദിക്കുന്നത്. ലോജിക്കിന് പ്രാധാന്യം നല്‍കുന്നത് സിനിമയുടെ പരാജയത്തിന് കാരണമായേക്കാമെന്നും കരണ്‍ ജോഹര്‍ പറഞ്ഞു.

Tags:    

Similar News