'നിങ്ങളുടെ കഴിവും ധൈര്യവും ഇല്ലായിരുന്നെങ്കിൽ..'; കാർ അപകടത്തിൽപ്പെട്ട് മരിച്ച സ്റ്റണ്ട് ആർട്ടിസ്റ്റ് രാജുവിനെ അനുസ്മരിച്ച് നടൻ പൃഥ്വിരാജ് സുകുമാരൻ

Update: 2025-07-14 11:54 GMT

കൊച്ചി: പാ രഞ്ജിത്ത് സിനിമയുടെ സെറ്റിൽ കാർ അപകടത്തിൽപ്പെട്ട് മരിച്ച സ്റ്റണ്ട് ആർട്ടിസ്റ്റ് രാജുവിനെ അനുസ്മരിച്ച് നടൻ പൃഥ്വിരാജ് സുകുമാരൻ. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് താരം അനുശോചനം അറിയിച്ചിരിക്കുന്നത്. 'നിങ്ങളുടെ കഴിവും ധൈര്യവും ഇല്ലായിരുന്നെങ്കിൽ പല സിനിമകളിലെയും മികച്ച രംഗങ്ങള്‍ ചിത്രീകരിക്കാന്‍ പോലും സാധിക്കില്ലായിരുന്നു' എന്ന് പൃഥ്വിരാജ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു.

പൃഥിരാജിന്റെ കുറിപ്പ് ഇങ്ങനെ

‘നിങ്ങളുടെ കഴിവും ധൈര്യവും ഇല്ലായിരുന്നെങ്കില്‍ പല സിനിമകളിലെയും മികച്ച രംഗങ്ങള്‍ ചിത്രീകരിക്കാന്‍ പോലും സാധിക്കില്ലായിരുന്നു’.




പാ രഞ്ജിത്ത്-ആര്യ ചിത്രമായ വേട്ടുവത്തിന്റെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. സാഹസികമായ കാര്‍ സ്റ്റണ്ട് ചിത്രീകരണമാണ് അപകടത്തില്‍ കലാശിച്ചത്. എസ്‌യുവി അതിവേഗത്തില്‍ ഓടിച്ചുവന്ന് റാമ്പില്‍ കയറ്റി പറപ്പിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം അപകടത്തില്‍ പെടുകയായിരുന്നു. വായുവില്‍ ഒരുതവണ മലക്കം മറിഞ്ഞ വാഹനം ഇടിച്ചുകുത്തി നിലംപതിക്കുകയായിരുന്നു.

അപകടത്തിന് പിന്നാലെ ക്രൂ അംഗങ്ങള്‍ ഓടിയെത്തി കാറില്‍ നിന്ന് രാജുവിനെ പുറത്തെടുത്തു. തുടർന്ന് നാഗപട്ടിണത്തിലുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. രാജുവിന്റെ വിയോഗം ഉള്‍ക്കൊള്ളാനാകില്ലെന്ന് തമിഴ് നടന്‍ വിശാല്‍ പറഞ്ഞു. കുടുംബത്തിന് ഈ വേദന താങ്ങാനുള്ള കരുത്ത് ദൈവം നല്‍കട്ടെയെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.

'നമ്മുടെ മികച്ച കാർ-ജമ്പിംഗ് സ്റ്റണ്ട് ആർട്ടിസ്റ്റുകളിൽ ഒരാളായ എസ്.എം. രാജു ഇന്ന് കാർ സ്റ്റണ്ട് ചെയ്യുന്നതിനിടെ മരിച്ചു. നമ്മുടെ സ്റ്റണ്ട് യൂണിയനും ഇന്ത്യൻ ചലച്ചിത്ര വ്യവസായവും അദ്ദേഹത്തെ മിസ്സ് ചെയ്യും എന്നാണ് സ്റ്റണ്ട് സിൽവ സോഷ്യൽ മീഡിയയിൽ കുറിച്ചത്. തമിഴ് ചലച്ചിത്ര മേഖലയിലെ പരിചയസമ്പന്നനായ സ്റ്റണ്ട് ആർട്ടിസ്റ്റായിരുന്നു എസ്.എം. രാജു. വേട്ടുവൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് രാജുവിന് അപകടമുണ്ടായത്. ആര്യ, ശോഭിത ധൂലിപാല, ആട്ടക്കത്തി ദിനേശ്, കലൈയരസൻ, ലിംഗേഷ് എന്നിവർ അടങ്ങുന്ന വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

Tags:    

Similar News