ചിത്രീകരണത്തിടെ മരിച്ച സ്റ്റണ്ട് മാസ്റ്റർ എസ്.മോഹൻരാജിന്റെ കുടുംബത്തിന് സഹായവുമായി താരങ്ങൾ; മക്കളുടെ പഠനച്ചെലവ് ഏറ്റെടുത്ത് സൂര്യ; ധനസഹായവുമായി ചിമ്പു

Update: 2025-07-22 12:08 GMT

ചെന്നൈ: പാ രഞ്ജിത്ത് ചിത്രം വേട്ടുവത്തിന്റെ ചിത്രീകരണത്തിനിടെ മരിച്ച സ്റ്റണ്ട് മാസ്റ്റർ എസ്. മോഹൻരാജിന്റെ കുടുംബത്തിന് സഹായവുമായി നടന്മാരായ സൂര്യയും ചിമ്പുവും. സ്റ്റണ്ട് മാസ്റ്റർ സിൽവയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. മോഹൻരാജിന്റെ മക്കളുടെ പഠനച്ചെലവ് ഏറ്റെടുത്ത് സൂര്യ തയ്യാറെടുത്തതായും കുടുംബത്തിനായി ചിമ്പു ധനസഹായം നൽകിയെന്നുമാണ് സിൽവ വെളിപ്പെടുത്തിയിരിക്കുന്നത്.

'മോഹൻരാജിന് അപകടം സംഭവിച്ചെന്നറിഞ്ഞപ്പോൾ ആദ്യം ഫോൺ ചെയ്തത് നടൻ ആര്യയാണ്. വിജയ് സാർ ഫോൺ ചെയ്ത് കാര്യങ്ങൾ അന്വേഷിച്ചിരുന്നു. വിജയ് സാറിന്റെ മിക്ക ചിത്രങ്ങളിലും മോഹൻരാജ് പ്രവർത്തിച്ചിട്ടുണ്ട്. ചിമ്പു ആർ സാർ ഫോൺ ചെയ്ത് വിവരം തിരക്കി. തൊട്ടടുത്തദിവസം തന്നെ വലിയൊരു സംഖ്യയുടെ ചെക്കുമായി വന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന് കൊടുക്കണം എന്ന് പറഞ്ഞു. മോഹൻരാജിന്റെ കുട്ടികളുടെ പഠനച്ചെലവ് മുഴുവൻ ഏറ്റെടുക്കാമെന്ന് സൂര്യ സാറിന്റെ മാനേജർ അറിയിച്ചിട്ടുണ്ട്' സിൽവ പറഞ്ഞു.

ആക്ഷൻ രംഗം ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. സാഹസികമായ കാര്‍ സ്റ്റണ്ട് ചിത്രീകരണമാണ് അപകടത്തില്‍ കലാശിച്ചത്. എസ്‌യുവി അതിവേഗത്തില്‍ ഓടിച്ചുവന്ന് റാമ്പില്‍ കയറ്റി പറപ്പിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം അപകടത്തില്‍ പെടുകയായിരുന്നു. വായുവില്‍ ഒരുതവണ മലക്കം മറിഞ്ഞ വാഹനം ഇടിച്ചുകുത്തി നിലംപതിക്കുകയായിരുന്നു.

അപകടത്തിന് പിന്നാലെ ക്രൂ അംഗങ്ങള്‍ ഓടിയെത്തി കാറില്‍ നിന്ന് രാജുവിനെ പുറത്തെടുത്തു. തുടർന്ന് നാഗപട്ടിണത്തിലുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. രാജുവിന്റെ വിയോഗം ഉള്‍ക്കൊള്ളാനാകില്ലെന്ന് തമിഴ് നടന്‍ വിശാല്‍ പറഞ്ഞു. കുടുംബത്തിന് ഈ വേദന താങ്ങാനുള്ള കരുത്ത് ദൈവം നല്‍കട്ടെയെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.

Tags:    

Similar News