'വളരെകുറച്ചു ചങ്ങാതിമാരിൽ ഒരാൾ'; ഒരുപാട് നന്മയും, കരുതലുമുള്ള ഒരു തികഞ്ഞ മനുഷ്യസ്നേഹിയായിരുന്നു കലാഭവൻ നവാസെന്ന് സുരാജ് വെഞ്ഞാറമൂട്
കൊച്ചി: അന്തരിച്ച നടൻ കലാഭവൻ നവാസിനെ അനുസ്മരിച്ച് നടൻ സുരാജ് വെഞ്ഞാറമൂട്. സിനിമയിലെ ചുരുക്കം ചില സുഹൃത്തുക്കളിൽ ഒരാളായിരുന്നു നവാസ് എന്നാണ് സുരാജ് പറയുന്നത്. തികഞ്ഞൊരു മനുഷ്യ സ്നേഹിയായിരുന്നു നവാസെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
സുരാജ് വെഞ്ഞാറമൂടിൻറെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
സിനിമയിലൂടെ എന്റെ ജീവിതത്തിലേക്ക് കൂടി നടന്നു കയറിയ വളരെകുറച്ചു ചങ്ങാതിമാരിൽ ഒരാളായിരുന്നു പ്രിയപ്പെട്ട നവാസിക്ക...
ഒരു കലാകാരൻ എന്ന നിലയിൽ മാത്രമല്ല ഒരുപാട് നന്മയും മറ്റുള്ളവരോട് കരുതലുമുള്ള ഒരു തികഞ്ഞ മനുഷ്യസ്നേഹി...
ഞങ്ങൾ പരിചയപ്പെടുന്ന കാലത്ത് ഞാൻ സിനിമയിൽ ഇല്ല...ഞങ്ങളുടെ പ്രോഗ്രാം വേദികളിൽ ഗസ്റ്റ് ആയിട്ട് സിനിമ താരമായ നവാസിക്കയെ കൊണ്ട് വരിക എന്നതായിരുന്നു അക്കാലത്തെ ഏറ്റവും വലിയ അഭിമാനം...
ഒരു നിശ്വാസത്തിനിടയിൽ പുരുഷന്റെയുംസ്ത്രീയുടെയും ശബ്ദം മാറി മാറി എടുക്കാൻ കഴിയുന്ന അപൂർവമായ കഴിവിന് അപ്പുറം ഇക്ക ഒരു അസ്സൽ ഗായകൻ കൂടിയാണ്... ഒരു തികഞ്ഞ കലാകാരൻ...
കാലങ്ങൾ കഴിഞ്ഞു പോകവേ ഓരോ കാഴ്ചയിലും ഞങ്ങൾ ഓരോ വേദികളിലും പങ്കിട്ട നിമിഷങ്ങളെ കുറിച്ചും അവിടുണ്ടായ രസകരമായ നിമിഷങ്ങളെയും കുറിച്ചു പറയുകയും ആർത്തലച്ചു ചിരിക്കുകയും ചെയ്യും...
ഈ അടുത്ത കാലത്ത് ഗംഭീര വേഷങ്ങളാണ് ഇക്കയെ തേടി എത്തിയിരുന്നത്.. അതിന്റെ സന്തോഷവും അവസാനം കണ്ടപ്പോൾ പങ്ക് വച്ചു കൈയുയർത്തി യാത്ര പറഞ്ഞങ്ങു നടന്നു പോയി...
വിശ്വസിക്കാൻ ആകുന്നില്ല... ഓടി എത്തിയപ്പോഴേക്കും കാണുവാനും കഴിഞ്ഞില്ല...ഒരു നിമിഷം കൂടെ ഉണ്ടായിരുന്ന ഒരു മനുഷ്യൻ ഒന്നും പറയാതെയങ്ങു പോയി..രഹ്‌നയോടും മക്കളോടും എന്ത് പറയുമെന്ന് അറിയില്ല. ആശ്വസിപ്പിക്കാൻ വാക്കുകളില്ല..അവർക്കു ഈ വേദനയേ അതിജീവിക്കാൻ കഴിയട്ടെ...
ഹൃദയത്തിൽ നിന്നും വിട.
അതേസമയം, കലാഭവന്‍ നവാസിന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് നവാസിന് ഹൃദയാഘാതമുണ്ടായതെന്നും ഇതിന് മുമ്പും ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളുണ്ടായിട്ടുണ്ടെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. നെഞ്ച് വേദനയെ തുടർന്ന് ഹോട്ടല്‍ മുറിക്ക് പുറത്തേക്കിറങ്ങി ആരുടേയെങ്കിലും സഹായം തേടാന്‍ ശ്രമിക്കുന്നതിനിടെയാകും കുഴഞ്ഞുവീണതെന്നാണ് നിഗമനം. വീഴ്ച്ചയുടെ ആഘാതത്തില്‍ തലയില്‍ മുറിവുമുണ്ടായിട്ടുണ്ട്. ശനിയാഴ്ച രാവിലെ പത്ത് മണിക്ക് കളമശ്ശേരി മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോര്‍ട്ടം നടന്നത്.