ആന്റണിയെ പ്ലസടു മുതല്‍ കീര്‍ത്തിക്ക് അറിയാം; ബിസിനസുകാരനാണ്, വിവാഹ തീയതി തീരുമാനിക്കുന്നതേ ഉള്ളു; ചടങ്ങ് അടുത്തമാസം; കല്ല്യാണം ഗോവയില്‍ വച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍: കീര്‍ത്തിയുടെ വിവാഹ വാര്‍ത്ത സ്ഥിരീകരിച്ച് സുരേഷ് കുമാര്‍
നടി കീര്‍ത്തി സുരേഷിന്റെ വിവാഹ വാര്‍ത്ത സ്ഥിരീകരിച്ച് നിര്‍മ്മാതാവും പിതാവുമായ സുരേഷ് കുമാര്‍. ബിസിനസ്സുകാരനായ ആന്റണി തട്ടിലാണ് മകളുടെ വരനെന്നും അടുത്ത മാസം ഗോവയില്‍ വച്ചാകും വിവാഹമെന്നും അദ്ദേഹം വ്യക്തമാക്കി. ആന്റണി കൊച്ചി സ്വദേശിയാണെന്നും സുരേഷ് കുമാര്‍ പറഞ്ഞു. ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ ഈ വെളിപ്പെടുത്തല്‍.
'വിവാഹ തീയതി തീരുമാനിക്കുന്നതേ ഉള്ളു. അടുത്ത മാസമാകും ചടങ്ങ്. ഗോവയില്‍ വച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാകും വിവാഹം നടക്കുക. ആന്റണിക്ക് കേരളത്തിലും ചെന്നൈയിലും സ്വന്തം ബിസിനസ് ആണ്. കീര്‍ത്തി പ്ലസ്ടുവിന് പഠിക്കുമ്പോള്‍ തുടങ്ങിയ പരിചിയമാണ്.'-സുരേഷ് കുമാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ കീര്‍ത്തിയുടെ വിവാഹ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം കീര്‍ത്തിയോ താരത്തിന്റെ കുടുംബമോ ഔദ്യോഗികമായി വെളിപ്പെടുത്തിയിരുന്നില്ല. പതിനഞ്ച് വര്‍ഷമായി കീര്‍ത്തിയും ആന്റണിയും തമ്മില്‍ പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ 11,12 തീയതികളില്‍ ഗോവയില്‍ വച്ചുള്ള സ്വകാര്യ ചടങ്ങില്‍ വിവാഹം നടക്കുമെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ആന്‍ണി തട്ടിലുമായി കീര്‍ത്തി ദീര്‍ഘകാലമായി പ്രണയത്തിലാണെന്ന വാര്‍ത്ത വളരെ അദ്ഭുതത്തോടെയാണ് ആരാധകര്‍ കേട്ടത്.
കീര്‍ത്തി സുരേഷ് അടുത്തിടെ നല്‍കിയ അഭിമുഖങ്ങളില്‍ താന്‍ പ്രണയത്തിലാണെന്ന് സൂചന നല്‍കിയിരുന്നു. എന്നാല്‍ കാമുകനെ കുറിച്ചുള്ള വിവരങ്ങള്‍ കീര്‍ത്തി പറഞ്ഞിരുന്നില്ല. പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമുള്ള ചോദ്യങ്ങളോട് താന്‍ സിംഗിളല്ല എന്ന മറുപടിയില്‍ ഒതുക്കുകയാണ് ചെയ്തത്.
ഇതിന് മുമ്പും കീര്‍ത്തിയുടെ വിവാഹ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. സുഹൃത്ത് ഫര്‍ഹാന്‍ ബിന്‍ ലിഖായത്തുമായി കീര്‍ത്തി പ്രണയത്തിലാണെന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു. ഇതിനോട് കീര്‍ത്തി പ്രതികരിച്ചിരുന്നു. സമയം ആകുമ്പോള്‍ യഥാര്‍ഥ മിസ്റ്ററി മാനെ താന്‍ പരിചയപ്പെടുത്തും എന്നായിരുന്നു കീര്‍ത്തിയുടെ മറുപടി.
നടി മേനകയുടെയും നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെയും ഇളയമകളാണ് കീര്‍ത്തി സുരേഷ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത 'ഗീതാഞ്ജലി' എന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പമാണ് കീര്‍ത്തി സുരേഷ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. മലയാളത്തില്‍ തുടക്കം കുറിച്ച കീര്‍ത്തി പിന്നീട് തമിഴിലേയ്ക്കും തെലുങ്കിലേയ്ക്കും ചുവടുമാറുകയായിരുന്നു.
തെലുങ്കില്‍ ചെയ്ത 'മഹാനടി' എന്ന ചിത്രമാണ് കീര്‍ത്തിയുടെ കരിയറില്‍ വഴിത്തിരിവായത്. ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തില്‍ കീര്‍ത്തിയുടെ നായകനായി എത്തിയത്. 'മഹാനടി'യിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും കീര്‍ത്തിക്ക് ലഭിച്ചിരുന്നു. നിലവില്‍ 'ബേബി ജോണ്‍' എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറാന്‍ ഒരുങ്ങുകയാണ് താരം. ഡിസംബര്‍ 25ന് 'ബേബി ജോണ്‍' തിയേറ്ററുകളില്‍ എത്തും.