'ശരിക്കും ഒരു മോഡേണ്‍ ക്ലാസിക്, ഏറ്റവും മികച്ച 20 കഥാപാത്രങ്ങള്‍ക്കൊപ്പം ഇനി പി പി അജേഷും'; ഈ ദശാബ്ദത്തിലെ ഏറ്റവും പ്രിയപ്പെട്ട സിനിമകളില്‍ ഒന്ന്; 'പൊന്മാന്' പ്രശംസയുമായി തെലുങ്ക് സംവിധായകന്‍

Update: 2026-01-17 12:51 GMT

ഹൈദരാബാദ്: മലയാള ചിത്രം 'പൊന്മാനെ'യും നടൻ ബേസിൽ ജോസഫിന്റെ പ്രകടനത്തെയും പ്രശംസിച്ച് തെലുങ്ക് നടനും സംവിധായകനുമായ രാഹുൽ രവീന്ദ്രൻ. 'ഒരു മോഡേൺ ക്ലാസിക്' എന്നാണ് അദ്ദേഹം ചിത്രത്തെ വിശേഷിപ്പിച്ചത്. ബേസിലിന്റെ കഥാപാത്രമായ പി.പി. അജേഷിനെ ലോകസിനിമയിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിൽ ഒന്നായി രാഹുൽ രവീന്ദ്രൻ തന്റെ എക്സ്  പേജിൽ കുറിച്ചു. ലിജോമോൾ ജോസ് ആണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്. ജി.ആർ. ഇന്ദുഗോപനും ജസ്റ്റിൻ മാത്യുവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്.

"പൊന്മാൻ. വൗ! എവിടെനിന്ന് തുടങ്ങണമെന്ന് തന്നെ അറിയില്ല. തുടങ്ങിയാൽ നിർത്താനും കഴിഞ്ഞേക്കില്ല. ശരിക്കും ഒരു മോഡേൺ ക്ലാസിക് ആണ് ഈ ചിത്രം. ഇതുവരെ കണ്ടിട്ടില്ലെങ്കിൽ എത്രയും പെട്ടെന്ന് നിങ്ങൾ ഈ ചിത്രം കാണണം. എന്റെ എക്കാലത്തെയും പ്രിയ കഥാപാത്രങ്ങൾക്കൊപ്പം ഇനി പി.പി. അജേഷും ഉണ്ടാവും. ലോക സിനിമ എടുത്താൽ ഏറ്റവും മികച്ച 20 കഥാപാത്രങ്ങൾക്കൊപ്പം. ഒരുപക്ഷേ 10 കഥാപാത്രങ്ങൾക്കൊപ്പം. സംവിധായകനും ബേസിലിനും മുഴുവൻ ടീമിനും, നിങ്ങളുടെ കഴിവുകൾക്ക് എന്റെ അഭിവാദ്യങ്ങൾ. ഇപ്പോൾ ജിയോ ഹോട്ട്സ്റ്റാറിൽ ഉണ്ട് ചിത്രം. ഈ ദശാബ്ദത്തിലെ ഏറ്റവും പ്രിയപ്പെട്ട സിനിമകളിൽ ഒന്ന്," രാഹുൽ രവീന്ദ്രൻ കുറിച്ചു.

കലാസംവിധായകൻ ജ്യോതിഷ് ശങ്കറിന്റെ സംവിധാന അരങ്ങേറ്റ ചിത്രമായിരുന്നു 'പൊന്മാൻ'. ജി.ആർ. ഇന്ദുഗോപന്റെ 'നാലഞ്ച് ചെറുപ്പക്കാർ' എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. നായകൻ പി.പി. അജേഷായി എത്തിയത് ബേസിൽ ജോസഫ് ആയിരുന്നു. മുൻപും നായകനായി ശ്രദ്ധ നേടിയിട്ടുണ്ടെങ്കിലും, ഈ ചിത്രത്തിലെ പ്രകടനം ബേസിലിന്റെ കരിയറിലെ മികച്ച ഒന്നായി പ്രേക്ഷകർ വിലയിരുത്തിയിരുന്നു. 

2025 ജനുവരി 30-ന് തിയറ്ററുകളിൽ റിലീസ് ചെയ്ത 'പൊന്മാൻ', മാർച്ച് 14-ന് ജിയോ ഹോട്ട്സ്റ്റാറിലൂടെ ഒ.ടി.ടി.യിലും എത്തി. ഒ.ടി.ടി. റിലീസിനു പിന്നാലെ മറ്റ് ഭാഷകളിൽ നിന്നും ചിത്രത്തിന് നിരവധി അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു. കഴിഞ്ഞ വർഷാവസാനത്തെ വിവിധ ഭാഷകളിലെ ചലച്ചിത്ര പ്രവർത്തകരുടെ റൗണ്ട് ടേബിൾ ചർച്ചകളിലും 'പൊന്മാൻ' വിഷയമായിരുന്നു. 

Tags:    

Similar News