മോഹൻലാലിനെ ആദരിച്ച ചടങ്ങിന് 'ലാൽസലാം' എന്ന് പേര് നൽകിയത് രാഷ്ട്രീയ താല്പര്യങ്ങളോടെ; മുൻപ് കലയെയും കലാകാരന്മാരെയും രാഷ്ട്രീയക്കാർ ഇങ്ങനെ ഉപയോഗിച്ചിരുന്നില്ല; മാറ്റം വന്നത് ബിജെപി അധികാരത്തിലെത്തിയതോടെയെന്ന് ജയൻ ചേർത്തല
ആലപ്പുഴ: ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ നടൻ മോഹൻലാലിനെ ആദരിക്കുന്ന പരിപാടിക്ക് 'മലയാളം വാനോളം ലാൽസലാം' എന്ന് പേര് നൽകിയതിനെതിരെ 'അമ്മ' വൈസ് പ്രസിഡന്റ് ജയൻ ചേർത്തല. മോഹൻലാലിനെ ആദരിക്കുന്ന ചടങ്ങിന് 'ലാൽസലാം' എന്ന പേര് നൽകിയത് രാഷ്ട്രീയപരമായ താല്പര്യങ്ങളോടെയാണെന്ന് അദ്ദേഹം വിമർശിച്ചു. ആലപ്പുഴയിൽ സംസ്‌കാര സാഹിതി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷ പ്രസ്ഥാനങ്ങൾ പരിപാടികൾ സംഘടിപ്പിക്കുമ്പോൾ സിനിമാ താരങ്ങളെ കൂടുതലായി വേദിയിലെത്തിക്കുന്നതിനെയും കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന സമീപനത്തെയും ജയൻ ചേർത്തല രൂക്ഷമായി വിമർശിച്ചു. 'ലാൽസലാം' എന്ന പേര് നൽകിയത്, പാർട്ടിയുടെ തത്വങ്ങളുമായി ചേർത്ത് കൊണ്ടുപോകാനുള്ള അതിബുദ്ധിയോടെയാണെന്ന് അദ്ദേഹം പറഞ്ഞു. മുൻകാലങ്ങളിൽ രാഷ്ട്രീയ പാർട്ടികൾക്ക് കലയെയും കലാകാരന്മാരെയും ഇത്തരം രീതിയിൽ രാഷ്ട്രീയപരമായി ഉപയോഗിക്കാൻ സാധിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2014-ൽ ബി.ജെ.പി. കേന്ദ്രത്തിൽ അധികാരത്തിൽ വന്നതിനു ശേഷം രാജ്യത്ത് സാംസ്കാരിക കാഴ്ചപ്പാടുകളിൽ മാറ്റം വന്നതായും അദ്ദേഹം ആരോപിച്ചു. 'ഒരു മെക്‌സിക്കൻ അപാരത' എന്ന സിനിമ ചരിത്രം വളച്ചൊടിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി. മഹാരാജാസ് കോളേജിലെ വിദ്യാർത്ഥി രാഷ്ട്രീയത്തെ ആസ്പദമാക്കിയുള്ള ചിത്രത്തിൽ, ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനമായ എസ്.എഫ്.ഐ. നേരിട്ട തിരിച്ചടിയുടെ കഥ വർണ്ണിക്കുമ്പോൾ, കേരളം ഭരിക്കുന്ന ഇടതുപക്ഷത്തെ പിന്തുണയ്ക്കാൻ കോൺഗ്രസ്സ് വിരുദ്ധ സിനിമകൾ നിർമ്മിക്കപ്പെടുന്നുവെന്നും അദ്ദേഹം വിമർശിച്ചു.