ഷാഹിദ് കപൂറും നായികയും ട്രെയ്‌ലര്‍ ലോഞ്ചിനെത്താൻ വൈകി; കാത്തു നിന്ന് മടുത്ത നാന പടേക്കര്‍ പരിപാടിയിൽ നിന്നും ഇറങ്ങിപ്പോയി; വൈറലായി വീഡിയോ

Update: 2026-01-22 10:46 GMT

മുംബൈ: വിശാൽ ഭരദ്വാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഓ റോമിയോ'യുടെ ട്രെയ്‌ലർ ലോഞ്ച് വേദിയിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. നടൻ ഷാഹിദ് കപൂറും നായിക തൃപ്തി ദിമ്രിയും ഒന്നര മണിക്കൂറോളം വൈകിയെത്തിയതിൽ പ്രതിഷേധിച്ച് മുതിർന്ന നടൻ നാന പടേക്കർ ചടങ്ങിൽ നിന്നും ഇറങ്ങിപ്പോയി. ബുധനാഴ്ച മുംബൈയിൽ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

ഉച്ചയ്ക്ക് 12 മണിക്കാണ് ട്രെയ്‌ലർ ലോഞ്ച് നിശ്ചയിച്ചിരുന്നത്. കൃത്യസമയത്ത് വേദിയിലെത്തിയ നാന പടേക്കർ മാധ്യമങ്ങൾക്കുമുന്നിൽ ഒറ്റയ്ക്ക് ചിത്രങ്ങൾക്കായി പോസ് ചെയ്യുകയും ചെയ്തു. എന്നാൽ, ഷാഹിദ് കപൂറും തൃപ്തി ദിമ്രിയും ഒന്നര മണിക്കൂർ കഴിഞ്ഞിട്ടും എത്തിയില്ല. ഇരുവരും 1:30 ഓടെയാണ് പരിപാടിക്ക് എത്തിയത്. എന്നാൽ അതിനും മുൻപുതന്നെ ക്ഷുഭിതനായ നാന പടേക്കർ വേദി വിട്ടിരുന്നു.

വേദിയിൽ നിന്ന് ഇറങ്ങി ലിഫ്റ്റിലേക്ക് പോകുന്ന നാനയുടെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോയിൽ, സംഘാടകരോട് വാച്ചിൽ ചൂണ്ടിക്കാട്ടി 'ഒരു മണിക്കൂർ' എന്ന് പറയുന്നത് വ്യക്തമാണ്. നാനയെ അനുനയിപ്പിച്ച് തിരികെ കൊണ്ടുവരാൻ സംഘാടകർ ശ്രമിച്ചെങ്കിലും അദ്ദേഹം തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. നാന പടേക്കർ ഇറങ്ങിപ്പോയതിനെക്കുറിച്ച് സംവിധായകൻ വിശാൽ ഭരദ്വാജ് ട്രെയ്‌ലർ ലോഞ്ചിനിടെ സംസാരിച്ചു.

"നാന ഇവിടെ ഉണ്ടായിരുന്നെങ്കിൽ വളരെ മനോഹരമായേനെ. എന്നാൽ തന്റെ സ്വതസിദ്ധമായ ശൈലിയിൽ എന്നെ ഒരു മണിക്കൂർ കാത്തുനിർത്തി, ഞാൻ പോവുകയാണ് എന്ന് പറഞ്ഞ് അദ്ദേഹം എഴുന്നേറ്റ് പോയി. എല്ലാ ക്ലാസിലും ചില വികൃതിക്കുട്ടികളുണ്ടാകും. എല്ലാവരെയും ശല്യപ്പെടുത്തുന്ന, എന്നാൽ രസിപ്പിക്കുന്നവൻ. വികൃതിയാണെങ്കിലും അവന് ചുറ്റുമിരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുക. അതുപോലെയാണ് നാന," വിശാൽ ഭരദ്വാജ് പറഞ്ഞു. വിശാൽ ഭരദ്വാജും ഷാഹിദ് കപൂറും ഒരിടവേളയ്ക്ക് ശേഷം ഒരുമിക്കുന്ന ചിത്രമാണ് 'ഓ റോമിയോ'. തൃപ്തി ദിമ്രിയാണ് ചിത്രത്തിലെ നായിക. നാന പടേക്കർ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

Tags:    

Similar News