'ഓരോ അംഗീകാരവും മുന്‍പത്തേതിനേക്കാള്‍ പ്രിയപ്പെട്ടതായി തോന്നുന്നു; നമ്മുടെ സിനിമയെ ആഗോള വേദിയില്‍ എത്തിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനം'; രണ്ടാമതും ഏഷ്യയിലെ മികച്ച നടനുള്ള രാജ്യാന്തരപുരസ്‌കാരം നേടി ടൊവിനോ

Update: 2025-09-06 09:09 GMT

നടന്‍ ടൊവിനോ തോമസിന് വീണ്ടും രാജ്യാന്തര അംഗീകാരം. 2025-ലെ സെപ്റ്റിമിയസ് അവാര്‍ഡ്‌സില്‍ മികച്ച ഏഷ്യന്‍ നടനുള്ള പുരസ്‌കാരം ടൊവിനോയ്ക്ക് ലഭിച്ചു. നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ നടന്ന ചടങ്ങിലാണ് അവാര്‍ഡ് സമ്മാനിച്ചത്. അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത നരിവേട്ടയിലെ പ്രകടനത്തിനാണ് ഇത്തവണ പുരസ്‌കാരം. 2023-ല്‍ ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018 എന്ന ചിത്രത്തിനും ടൊവിനോയ്ക്ക് ഇതേ പുരസ്‌കാരം ലഭിച്ചിരുന്നു.

പുരസ്‌കാരം സ്വീകരിച്ച ചിത്രങ്ങളും വീഡിയോകളും ടൊവിനോ തന്റെ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. 'ഓരോ അംഗീകാരവും മുന്‍പത്തേതിനേക്കാള്‍ പ്രിയപ്പെട്ടതായി തോന്നുന്നു. നമ്മുടെ സിനിമയെ ആഗോള വേദിയില്‍ എത്തിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനം,' എന്നും ടൊവിനോ ചിത്രങ്ങള്‍ പങ്കുവെച്ച് കുറിച്ചു.

'പ്രിയപ്പെട്ട ജീവിതമേ, വിശ്വസിക്കാനാകുന്നില്ല! 'നരിവേട്ട'യ്ക്ക് വേണ്ടി സെപ്റ്റിമിയസ് അവാര്‍ഡ്സ് 2025-ല്‍ വീണ്ടും മികച്ച ഏഷ്യന്‍ നടനുള്ള പുരസ്‌കാരം ലഭിച്ചതില്‍ അതിയായ സന്തോഷം. നമ്മുടെ സിനിമയെ ഈ വേദിയില്‍ എത്തിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. ജീവിതം തരുന്ന എന്തിനോടും നമ്മള്‍ പൊരുത്തപ്പെട്ടുപോകുമെന്ന് പറയാറുണ്ട്. പക്ഷേ ഇതിനോട് ഒരിക്കലുമല്ല! ഓരോ അംഗീകാരവും മുന്‍പത്തേതിനേക്കാള്‍ പ്രിയപ്പെട്ടതായി തോന്നുന്നു. ഇതിന് എന്റെ പ്രിയപ്പെട്ട നരിവേട്ട ടീമിന് ഹൃദയം നിറഞ്ഞ നന്ദി. ഓരോ ദിവസവും മുന്നോട്ട് പോകാന്‍ എന്നെ സഹായിക്കുന്ന എല്ലാവര്‍ക്കും എന്റെ സ്നേഹം. ഒരുപാട് സ്നേഹം', പുരസ്‌കാരവുമായി നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് ടൊവിനോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

അനുരാജ് മനോഹര്‍, ബേസില്‍ ജോസഫ്, ഫെമിനാ ജോര്‍ജ്, മംമ്താ മോഹന്‍ദാസ്, ജിയോ ബേബി, രാജേഷ് മാധവന്‍ എന്നിവരുള്‍പ്പെടെ നിരവധി സഹപ്രവര്‍ത്തകര്‍ ടൊവിനോയെ അഭിനന്ദിച്ചു. സെപ്റ്റിമിയസ് അവാര്‍ഡ്‌സ് ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ മികച്ച സിനിമാ പ്രതിഭകള്‍ക്കാണ് വര്‍ഷംതോറും നല്‍കുന്നത്. ഈ ബഹുമതി നേടുന്ന ആദ്യ ദക്ഷിണേന്ത്യന്‍ നടനാണ് ടൊവിനോ തോമസ്.

Full View


Tags:    

Similar News