വിവാദമായ 'ടോക്സിക്' ടീസർ; യാഷിനൊപ്പം പ്രത്യക്ഷപ്പെട്ട നടി ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്തതായി റിപ്പോർട്ട്; നീക്കം വ്യാപക പ്രതിഷേധങ്ങൾ ഉയർന്നതോടെ?
ബെംഗളൂരു: കന്നട താരം യാഷ് നായകനാകുന്ന 'ടോക്സിക്' സിനിമയുടെ ടീസറുമായി ബന്ധപ്പെട്ട വിവാദങ്ങൾ കനക്കുന്നതിനിടെ, ടീസറിൽ പ്രത്യക്ഷപ്പെട്ട നടി ബിയാട്രിസ് ടൗഫൻബാച്ച് തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്തതായി റിപ്പോർട്ട്. ടീസറിലെ ദൃശ്യങ്ങൾ അശ്ലീലമാണെന്ന് ആരോപിച്ച് വ്യാപക പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ജനുവരി എട്ടിന് പുറത്തിറങ്ങിയ ടീസറിലെ, യാഷും ബിയാട്രിസും രംഗമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.
സിനിമയുടെ സംവിധായിക ഗീതു മോഹൻദാസ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, 2014-ൽ മോഡലിംഗിലൂടെ സിനിമാ ലോകത്തേക്ക് കടന്നുവന്ന ബ്രസീലിയൻ മോഡലാണ് ബിയാട്രിസ് ടൗഫൻബാച്ച്. ടീസറിനെതിരെ സംവിധായികയ്ക്കും സിനിമയ്ക്കും എതിരെ ശക്തമായ വിമർശനങ്ങളാണ് വിവിധ കോണുകളിൽ നിന്ന് ഉയർന്നത്വിവാദത്തെ തുടർന്ന് ആം ആദ്മി പാർട്ടിയുടെ വനിതാ ഘടകം കർണാടക സർക്കാരിന് പരാതി നൽകിയിരുന്നു. സിനിമയിലെ ദൃശ്യങ്ങൾ കർണാടകയുടെ സംസ്കാരത്തിന് വെല്ലുവിളിയാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി.
ഈ പരാതിയുടെ അടിസ്ഥാനത്തിൽ, വിഷയം പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സെൻസർ ബോർഡിനോട് കമ്മീഷൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ, യൂട്യൂബിൽ മാത്രം റിലീസ് ചെയ്ത ടീസറിന് സർട്ടിഫിക്കേഷൻ ആവശ്യമില്ലെന്നും തിയറ്റർ പ്രദർശനത്തിന് മാത്രമേ ഇത് ബാധകമാകൂ എന്നും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) വ്യക്തമാക്കി. വിമർശനങ്ങളോട് പ്രതികരിച്ച സംവിധായക ഗീതു മോഹൻദാസ്, സ്ത്രീകളുടെ സമ്മതത്തെയും സന്തോഷത്തെയും താൽപ്പര്യത്തെയും കുറിച്ച് നാട്ടുകാർ തല പുകഞ്ഞ് ആലോചിക്കട്ടെ എന്ന് പറയുകയുണ്ടായി.