പ്രൊഫഷണൽ ബാലെറ്റ് നർത്തകി, ആയോധനകലകളിൽ പ്രാവീണ്യം; ആക്ഷൻ ത്രില്ലർ ചിത്രങ്ങളിൽ പ്രശംസ നേടിയ പ്രകടനങ്ങൾ; 'ടോക്സിക്' ടീസറിലെ ബോൾഡ് രംഗങ്ങൽ വൈറലായതോടെ ആ താര സുന്ദരിയെ തിരഞ്ഞ് ആരാധകർ; ഗൂഗിൾ ട്രെന്‍ഡിങ് ലിസ്റ്റിലും തരംഗമായ ആ നടി

Update: 2026-01-09 13:54 GMT

കൊച്ചി: യാഷ് നായകനാകുന്ന 'ടോക്സിക്' എന്ന ചിത്രത്തിന്റെ ടീസറിൽ ഉൾപ്പെട്ട 'ബോൾഡ്' രംഗങ്ങളെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സാമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. വിവാദങ്ങളും ചര്‍ച്ചകളും കനക്കവേ ആരാധകര്‍ തിരയുന്ന മറ്റൊരു വ്യക്തികൂടിയുണ്ട്, യാഷിനൊപ്പം ടീസറിൽ പ്രത്യക്ഷപ്പെട്ട നടി. യുക്രേനിയൻ-അമേരിക്കൻ താരമായ നതാലി ബേൺ ആണ് ഇപ്പോൾ ഗൂഗിൾ ട്രെന്‍ഡിങ് ലിസ്റ്റിലും താരമായിരിക്കുന്നത്. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്' നതാലിയുടെ ഇന്ത്യൻ അരങ്ങേറ്റ ചിത്രമാണ്.

നടൻ, മോഡൽ, തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നീ നിലകളിൽ പ്രശസ്തയായ നതാലി ബേൺ 2006 മുതൽ സിനിമാ മേഖലയിലും മോഡലിംഗിലും സജീവമാണ്. 'ദ എക്സ്പൻഡബിൾ 3', 'ദ കംബാക്ക് ട്രെയിൽ', 'ടിൽ ഡെത്ത് ഡു അസ് പാർട്ട്', 'ദ ലാസ്റ്റ് റിഡംപ്ഷൻ', 'ഐസ് ഇൻ ദി ട്രീസ്' എന്നിവയുൾപ്പെടെ നിരവധി ഹോളിവുഡ് ചിത്രങ്ങളിൽ അവർ അഭിനയിച്ചിട്ടുണ്ട്. '7 ഹെവൻ പ്രൊഡക്ഷൻസ്' എന്ന പേരിൽ ഒരു നിർമ്മാണ കമ്പനിയുടെ ഉടമകൂടിയാണ് നതാലി. പ്രൊഫഷണൽ ബാലെറ്റ് നർത്തകിയും ആയോധനകലകളിൽ പ്രാവീണ്യമുള്ളയാളുമായ അവരുടെ ആക്ഷൻ ത്രില്ലർ ചിത്രങ്ങളിലെ പ്രകടനം ആരാധകർക്കിടയിൽ പ്രശംസ നേടിയിട്ടുണ്ട്.

യാഷിന്റെ 40-ാം ജന്മദിനത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസമാണ് 'ടോക്സിക്കിന്റെ' ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ആക്ഷനും മാസ് രംഗങ്ങൾക്കുമൊപ്പം 'ഹോട്ട്' ദൃശ്യങ്ങളും ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശ്മശാനത്തിലെ നിശ്ശബ്ദതയിൽ ആരംഭിച്ച് വെടിവെയ്പ്പിലേക്കും ആക്രമണങ്ങളിലേക്കും നീങ്ങുന്ന ടീസറിലെ ഈ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ സംവിധായക ഗീതു മോഹൻദാസിനെതിരെ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. ഈ രംഗങ്ങളിലാണ് നതാലി ബേൺ പ്രധാനമായും പ്രത്യക്ഷപ്പെടുന്നത്.

'കെജിഎഫ് 2' എന്ന ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം നാല് വർഷങ്ങൾക്കിപ്പുറം യഷ് നായകനായി എത്തുന്ന ചിത്രമാണിത്. 'മൂത്തോൻ' എന്ന ചിത്രത്തിന് ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. യഷും ഗീതു മോഹൻദാസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദേശീയ അവാർഡ് ജേതാവായ രാജീവ് രവിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. മാർച്ച് 19-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

Tags:    

Similar News