'കണ്ണ് തുറക്കണം സ്വാമി' എന്ന പാട്ടും പാടി ചെക്കന്മാരൊക്കെ പിന്നാലെ കൂടി; സ്‌കൂളിൽ നിന്നും പറഞ്ഞുവിട്ടു; ആ കാര്യം മനസ്സിലാക്കിയത് നൂറോളം സിനിമകൾ അഭിനയിച്ചപ്പോൾ; തുറന്ന് പറഞ്ഞ് ഉർവശി

Update: 2025-12-06 08:07 GMT

കൊച്ചി: തിരക്കേറിയ സിനിമാ ജീവിതം കാരണം സ്കൂളിൽ നിന്ന് പുറത്താക്കപ്പെട്ടതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി ഉർവശി. രഞ്ജിനി ഹരിദാസിന് നൽകിയ അഭിമുഖത്തിലാണ്, മതിയായ ഹാജർ ഇല്ലാത്തതിനാലും സിനിമയിലെ തിരക്കുകൾ കാരണവും സ്കൂൾ അധികൃതർ തന്നെ പഠനത്തിൽ നിന്ന് പറഞ്ഞുവിട്ടുവെന്ന് ഉർവശി വെളിപ്പെടുത്തിയത്.

സിനിമ തന്റെ തിരഞ്ഞെടുപ്പായിരുന്നില്ലെന്നും, ഓരോ ഷൂട്ടിംഗ് കഴിയുമ്പോഴും സ്കൂളിൽ പോകാനാണ് താൻ ആഗ്രഹിച്ചിരുന്നതെന്നും ഉർവശി പറഞ്ഞു. എന്നാൽ, ഒന്നിന് പുറകെ ഒന്നായി സിനിമകൾ ലഭിച്ചതോടെ ഈ ആഗ്രഹം നടക്കാതെ പോയി. ഏകദേശം നൂറോളം സിനിമകൾ പൂർത്തിയാക്കിയപ്പോഴാണ് സിനിമാഭിനയം ഒരു ഗൗരവമേറിയ പ്രൊഫഷനാണെന്ന് തനിക്ക് മനസ്സിലായതെന്നും താരം കൂട്ടിച്ചേർത്തു. ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ വാർഷിക പരീക്ഷയുടെ സമയത്താണ് 'മുന്താനെ മുടിച്ചിന്റെ' ചിത്രീകരണം നടന്നത്.

റീ-എക്സാം എഴുതി പത്താം ക്ലാസ്സിലെത്തിയപ്പോഴേക്കും സിനിമ പുറത്തിറങ്ങിയിരുന്നു. സ്കൂളിൽ സഹപാഠികളായ ആൺകുട്ടികൾ "ചെക്കന്മാരൊക്കെ കണ്ണ് തുറക്കണം സ്വാമി" എന്ന ഗാനം പാടി തനിക്ക് പിന്നാലെ കൂടിയത് വലിയ മാനക്കേടും സങ്കടവും ഉണ്ടാക്കിയെന്ന് ഉർവശി പറയുന്നു. ക്ലാസ്സിൽ ഹാജരാകാത്തതിനാൽ സ്കൂളിൽ തുടരാൻ സാധിക്കില്ലെന്ന് അധികൃതർ അറിയിക്കുകയായിരുന്നു. പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നെങ്കിലും, തമിഴ്, തെലുങ്ക്, കന്നട, മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ അവർ സജീവമായി.

മലയാളത്തിൽ 12-15 ദിവസങ്ങൾക്കുള്ളിൽ സിനിമകൾ പൂർത്തിയാക്കിയിരുന്നു. കേരളത്തിലെ സെറ്റുകളിൽ ലഭിച്ച സ്വാതന്ത്ര്യവും അച്ഛനമ്മമാരെ എല്ലാവർക്കും അറിയാവുന്നതുകൊണ്ട് ലഭിച്ച പ്രത്യേക പരിഗണനയും സിനിമാ മേഖലയോട് അടുക്കാൻ തന്നെ സഹായിച്ചുവെന്നും ഉർവശി ഓർക്കുന്നു. പഠനം നിർത്തേണ്ടി വന്ന സാഹചര്യത്തിൽ പിന്നീട് താനും നടി ശോഭനയും ചേർന്ന് എൻട്രൻസ് പരീക്ഷ എഴുതാൻ തീരുമാനിച്ചിരുന്നതായും ഉർവശി വെളിപ്പെടുത്തി. താൻ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചെങ്കിലും, പരീക്ഷയുടെ സമയമായപ്പോൾ ശോഭന ഈ തീരുമാനത്തിൽ നിന്ന് പിന്മാറിയെന്നും അവർ കൂട്ടിച്ചേർത്തു.

Tags:    

Similar News