'വൈശാലി, ഉണ്ണിയാര്‍ച്ച, അവളുടെ രാവുകള്‍, പിന്നെ സ്വന്തം 22 ഫീമെയില്‍ കോട്ടയം, ഇതിറ്റെയൊന്നും ക്രെഡിറ്റ് ആരും കൊണ്ടുപോകാത്തതിന് ദൈവത്തിന് നന്ദി; റിമയ്ക്ക് മറുപടിയുമായി വിജയ് ബാബു
കൊച്ചി: 'ലോക: ചാപ്റ്റർ വൺ - ചന്ദ്ര' പോലുള്ള സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങൾ മലയാള സിനിമയിൽ ഉണ്ടാകാൻ ഇടമൊരുക്കിയതിൽ തങ്ങൾ നടത്തിയ സംവാദങ്ങൾക്ക് പങ്കുണ്ടെന്ന നടി റിമ കല്ലിങ്കലിന്റെ പ്രസ്താവനക്ക് മറുപടിയുമായി നിർമ്മാതാവ് വിജയ് ബാബു. ചിത്രത്തിൻ്റെ ക്രെഡിറ്റ് പൂർണ്ണമായും 'ലോക'യ്ക്കും നിർമ്മാതാക്കളായ വേഫെററിനും മാത്രമാണെന്ന് വിജയ് ബാബു ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
വിജയ് ബാബുവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:
'വൈശാലി, ഉണ്ണിയാര്‍ച്ച, കടത്തനാട്ട് മാക്കം, കള്ളിച്ചെല്ലമ്മ, അവളുടെ രാവുകള്‍, ആദാമിന്റെ വാരിയെല്ല്, നീലത്താമര, പഞ്ചാഗ്നി, എന്റെ സൂര്യപുത്രിക്ക്, ആകാശദൂത്, ഇന്‍ഡിപെന്‍ഡന്‍സ്, എല്‍സമ്മ എന്ന ആണ്‍കുട്ടി, നന്ദനം, ചിന്താവിഷ്ടയായ ശ്യാമള, അച്ചുവിന്റെ അമ്മ, കളിമണ്ണ്, ഹൗ ഓള്‍ഡ് ആര്‍ യു, പിന്നെ സ്വന്തം 22 ഫീമെയില്‍ കോട്ടയം തുടങ്ങിയ ചിത്രങ്ങളുടെ ക്രെഡിറ്റൊന്നും ആരും കൊണ്ടുപോകാത്തതില്‍ ദൈവത്തിന് നന്ദി. മലയാളം എക്കാലത്തും മികച്ച സ്ത്രീകേന്ദ്രിത സിനിമകള്‍ സമ്മാനിച്ചിട്ടുണ്ട്. കാലം മാറുകയും ഒടിടിയുടെ വരവോടെ പുതിയ പ്രേക്ഷകരെ കിട്ടി വലിയ ഉയരങ്ങളിലെത്തുകയും ചെയ്തതോടെ നമ്മള്‍ ആഗോള നിലവാരത്തിലുള്ള ഉള്ളടക്കം നിര്‍മിക്കാന്‍ തുടങ്ങി. അത് ലളിതവും വ്യക്തവുമാണ്. ആ സ്‌പേസ് കണ്ടെത്തി ചിത്രം പ്രാവര്‍ത്തികമാക്കിയതിന്റെ പൂര്‍ണ്ണ ക്രെഡിറ്റ് ലോകയുടേയും വേഫെററിന്റേയും ടീമിന് മാത്രമാണ്', എന്നായിരുന്നു വിജയ് ബാബുവിന്റെ കുറിപ്പ്.
https://www.facebook.com/Vijaybabuofficial/posts/1341917813970474?ref=embed_post
ഒരു പ്രമുഖ ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ റിമ കല്ലിങ്കൽ നടത്തിയ പരാമർശമാണ് ഈ ചർച്ചയ്ക്ക് തിരികൊളുത്തിയത്. 'ലോക' പോലുള്ള ചിത്രങ്ങൾക്ക് കളമൊരുക്കിയത് തങ്ങൾ ആരംഭിച്ച സംവാദങ്ങളാണെന്ന് റിമ പറഞ്ഞിരുന്നു. എന്നാൽ, ഇതിനോട് പ്രതികരിച്ച വിജയ് ബാബു, മലയാള സിനിമ എന്നും സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങൾ സമ്മാനിച്ചിട്ടുണ്ടെന്ന് ഓർമ്മിപ്പിച്ചു. 'വൈശാലി', 'ഉണ്ണിയാർച്ച', 'അവളുടെ രാവുകൾ', 'ആദാമിൻ്റെ വാരിയെല്ല്' തുടങ്ങി നിരവധി ചിത്രങ്ങൾ ഇതിന് ഉദാഹരണമായി അദ്ദേഹം നിരത്തി.
'ലോക'യുടെ ക്രെഡിറ്റ് അണിയറ പ്രവർത്തകർക്ക് അവകാശപ്പെട്ടതാണെങ്കിലും, തങ്ങൾ ആരംഭിച്ച സംവാദങ്ങൾ ഇത്തരം സിനിമകൾക്ക് പ്രചോദനമായെന്ന് റിമ പറഞ്ഞിരുന്നു. എന്നാൽ, തങ്ങൾ സംസാരിക്കുന്നതിലൂടെ മാത്രമല്ല, മറ്റുള്ളവർ അതിന് പ്രതികരിക്കുകയും ചർച്ചകൾ രൂപപ്പെടുകയുമാണ് ചെയ്യുന്നതെന്നും, അങ്ങനെയാണ് ആ ഇടം സൃഷ്ടിക്കപ്പെടുന്നതെന്നും റിമ കൂട്ടിച്ചേർത്തു.