'ഞാന്‍ കുറെ നാളായി ആഗ്രഹിക്കുന്നു ഫാന്‍സിന് വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന്; അതിനാണ് ഈ പടം കഷ്ടപ്പെട്ട് ചെയ്തത്; എന്നാല്‍ അത് വരില്ല എന്ന് അറിഞ്ഞപ്പോള്‍ ശരിക്കും വിഷമിച്ചു; വിജയിക്കില്ല എന്ന് കരുതി'; വിക്രം
തമിഴ് സിനിമാപ്രേമികള്‍ക്കിടയില്‍ ഏറെ ചര്‍ച്ചാവിഷയമായി മാറിയിരിക്കുന്ന ചിത്രം ‘വീര ധീര ശൂരന്‍’, ബോക്‌സ് ഓഫിസില്‍ മികച്ച പ്രകടനം തുടരുന്നു. റിലീസിന് മുമ്പ് തന്നെ വിവാദങ്ങള്‍ നിറഞ്ഞ ചിത്രമായിരുന്നുവെങ്കിലും, പ്രേക്ഷക പിന്തുണയോടെയാണ് ചിത്രം മുന്നേറുന്നത്. വിക്രം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം ഇപ്പോഴുവരെ ഏകദേശം 55 കോടി രൂപ സമ്പാദിച്ചു കഴിഞ്ഞു.
ചിത്രം റിലീസ് ആയ ആദ്യ ദിവസം തന്നെ നിയമസംബന്ധമായ പ്രശ്‌നങ്ങളാല്‍ രണ്ട് ഷോകള്‍ റദ്ദാകുകയായിരുന്നു. ഈ അവസ്ഥ സിനിമയുടെ വിജയത്തിന് ഭീഷണിയായി കരുതിയിരുന്നെങ്കിലും, തുടരെ ലഭിച്ച പ്രേക്ഷകസ്വീകാര്യത സിനിമയെ വിജയത്തിലേക്ക് നയിച്ചു.
ഈ പശ്ചാത്തലത്തിലാണ് വിക്രം കടപ്പാടോടെ തന്‍റെ നന്ദി അറിയിച്ചിരിക്കുന്നത്: “ജീവിതം ഒരിക്കലുള്ളതാണ്, അതിനെ ഇതിഹാസം പോലെ ജീവിക്കണം. എന്നാൽ പ്രശ്നങ്ങള്‍ എന്നും നമ്മുടെ മുന്നിലുണ്ടാകും. 'വീര ധീര ശൂരന്‍' അതിന് ഉത്തമ ഉദാഹരണമാണ്,” എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
'ഇത് ബ്ലോക്ബസ്റ്ററാകും, ഇത് പുതിയ രീതിയാണ്, ഇത് മാസായിരിക്കും, ഈ വര്‍ഷത്തെ മികച്ച പടമായിരിക്കും എന്നൊക്കെ. ഞങ്ങള്‍ എല്ലാവരും വളരെ ആവേശത്തിലായിരുന്നു, എന്നാല്‍ എല്ലാവര്‍ക്കും അറിയും പോലെ ഒരു നിയമപ്രശ്നം വന്നു. ഹൈക്കോടതി ഒരാഴ്ച റിലീസ് വിലക്കി. ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ.''
''എന്നാല്‍ ഈ ചിത്രം എങ്ങനെയും ഫാന്‍സിന് എത്തിക്കണം എന്നാണ് ഞാനും സംവിധായകന്‍ അരുണും നിര്‍മ്മാതാവും അഭിനയിച്ചവരും എല്ലാവരും ആഗ്രഹിച്ചത്. ഫാന്‍സിന് വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന് ഞാന്‍ കുറേനാളായി ആഗ്രഹിക്കുന്നു. അതെല്ലാം മനസില്‍ വച്ചാണ് കഷ്ടപ്പെട്ട് ഈ പടം ചെയ്തത്. എന്നാല്‍ അത് വരില്ല എന്ന് അറിഞ്ഞപ്പോള്‍ ശരിക്കും വിഷമിച്ചു. എന്നാല്‍ എന്തെങ്കിലും സിനിമയ്ക്കായി ചെയ്യണം എന്ന തീരുമാനത്തിലായിരുന്നു ഞാന്‍ എന്നെക്കൊണ്ട് പറ്റുന്നത് ചെയ്ത് ഒടുവില്‍ പടം റിലീസായി.''
''എന്നാല്‍ ആദ്യ രണ്ട് ഷോ ക്യാന്‍സലായ പടം പിന്നീട് വിജയിക്കില്ല എന്നാണ് കരുതിയത്. ഒപ്പം ആദ്യത്തെ ദിവസത്തെ കളക്ഷന്‍ നഷ്ടം വലുതാണ്. പക്ഷെ തിയേറ്ററില്‍ എത്തിയവര്‍ ചിത്രത്തെ ഏറ്റെടുത്തു. പ്രത്യേകിച്ച് കുടുംബങ്ങള്‍. അവരുടെയും മറ്റും വീഡിയോ ഞാന്‍ കണ്ടിരുന്നു അതെല്ലാം മനോഹരമാണ്'' എന്നാണ് വിക്രം പറയുന്നത്.